Oct 25, 2015

കൊല്ലം ജില്ലയില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് സ്വന്തം പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശമില്ലെന്ന് തെര.കമ്മീഷന്‍

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലെ ഒരു തെരഞ്ഞെടുപ്പ് വിശേഷം നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു കൌതുക വാര്‍ത്തയാമണെങ്കിലും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജനാധിപത്യകാപട്യം പച്ചയായി തുറന്നുകാട്ടപ്പെടു ന്നുവെന്ന അതിന്‍റെ പ്രാധാന്യം വൈകുന്നേര ചര്‍ച്ചക്കാരുള്‍പ്പെടെ ഒരു ചാനല്‍ പ്രമാണിക്കും വിഷയമായില്ല. ആയിക്കൂട. അതവരുടെ നിക്ഷിപ്ത താല്‍പ്പര്യത്തിന് എതിരാണ്. കുളത്തൂപ്പുഴ വാര്‍ഡാണ് ഞറുക്കെടുപ്പിലൂടെ പട്ടിക വര്‍ഗ വാര്‍ഡായി തീരുമാനിക്കപ്പെട്ടതെങ്കിലും ആ വാര്‍ഡില്‍ ഒരു പട്ടിക വര്‍ഗ വോട്ടര്‍ പോലുമില്ലത്രേ. എല്ലാ പാര്‍ട്ടികളും മറ്റേതെങ്കിലും വാര്‍ഡില്‍ നിന്ന് ഒരു പട്ടിക വര്‍ഗക്കാരനെ വേഷം കെട്ടിച്ച് സ്ഥാനാര്‍ഥി യാക്കിയാണ് മത്സരിക്കുന്നത്. പട്ടിക വര്‍ഗക്കാരുള്ള ഒരു വാര്‍ഡ് അവരു ടെ സംവരണ വാര്‍ഡായി തീരുമാനിക്കാനും സ്ത്രീകള്‍ കൂടുതലുള്ള വാര്‍ഡ് സ്ത്രീസംവരണ വാര്‍ഡായി നിശ്ചയിക്കാനും വോട്ടര്‍ പട്ടിക കയ്യിലുള്ളപ്പോള്‍, കണക്കിന്‍റെ മാത്രം അടിസ്ഥാനത്തില്‍ തീരുമാനിക്കാന്‍ കഴിയുമെന്നിരിക്കേ എന്തിനാണ് ഞറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്. അതിന്‍റെ ലക്ഷ്യം ഇപ്പോള്‍ വ്യക്തം. യഥാര്‍ഥ തെര.അട്ടിമറിക്കുക. അത് തെര. കമ്മീഷന്‍ തന്നെ ചെയ്യുമ്പോള്‍ അത് ശരിക്കും ഒരു അപകട സൂചനയാണ് നല്‍കുന്നത്. അതിന്‍റെ ഫലമായി പട്ടിക വര്‍ഗക്കാരാരു മില്ലാത്ത ഒരു വാര്‍ഡ് പട്ടിക വര്‍ഗ വാര്‍ഡായി തീരുമാനിക്കുന്നതിലെ പച്ചയായ വഞ്ചന ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും ഒരു പ്രശ്നമേ ആകുന്നില്ലെന്ന് പറഞ്ഞാല്‍ എന്താണതിന്‍റെ അര്‍ഥം. യഥാര്‍ഥത്തില്‍ പട്ടിക വര്‍ഗക്കാര്‍ താമസിക്കുന്ന മണ്ഡലത്തിന് വേറേ ഏതെങ്കിലും വാര്‍ഡില്‍ നിന്ന് ഒരു പട്ടിക വര്‍ഗക്കാരന്‍ ജയിച്ചു വരുന്നതു കൊണ്ട് എന്താണ് നേട്ടം. പാര്‍ട്ടിക്കാര്‍ക്ക്, തങ്ങള്‍വേണ്ടി വോട്ടു ചെയ്യാന്‍ ഏതെങ്കിലു മൊരു അംഗമുണ്ടായാല്‍ മാത്രം മതിയെന്നത് നേരാണ്. പക്ഷേ, പ. വ.ക്കാരന്‍റെരാഷ്ട്രീയാവകാശം ഞറുക്കെടുപ്പിലൂടെ തട്ടിയെടുക്കുന്നത് ജനാധിപത്യത്തെ അപമാനിക്കലാണെന്ന് ജനാധിപത്യത്തില്‍ പിടിച്ച് ആണയിടുന്ന ഒരു പാര്‍ട്ടിക്കും തോന്നാത്തതെന്ത്. അതായത് ജനാധിപത്യ മെന്നാല്‍ പാര്‍ട്ടികളെ സംബന്ധിച്ചേടത്തോളം ജനങ്ങളെ കബളിപ്പിക്കാനുള്ള സാമര്‍ഥ്യം മാത്രമാണ് എന്നും തെരഞ്ഞെടുപ്പിന്‍റെ പേരില്‍ നടക്കുന്നത് പാര്‍ട്ടികളും സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനെന്ന പ്രഹസന സ്ഥാപന വും ചേര്‍ന്നുള്ള ഒരു തട്ടിപ്പ് പരിപാടിയാണ് എന്നും വ്യക്തമാക്കുന്നു വെന്നതാണ് കുളത്തൂപ്പുഴയിലെ പട്ടിക വര്‍ഗക്കാരാരുമില്ലാത്ത പട്ടിക വര്‍ഗ വാര്‍ഡ് തെളിയിക്കുന്നത്. അതായത്, പട്ടിക വര്‍ഗത്തിന്‍റെ പ്രതി നിധിയെ തെരഞ്ഞെടുക്കുന്നതില്‍ അവര്‍ക്ക് ഒരു കാര്യവുമില്ലെന്നും പട്ടിക വര്‍ഗക്കാരല്ലാത്തവര്‍ മാത്രമായി പട്ടിക വര്‍ഗ പ്രതിനിധിയെ തെരഞ്ഞെടു ത്താല്‍ മതിയെന്നുമാണ് കേരളത്തിലെ തെര.കമ്മീഷന്‍റെയും പാര്‍ട്ടിക്കാ രുടെയും നിന്ദ്യമായ കണ്ടുപിടിത്തം. മുസ്ലീങ്ങളുടെയോ, നായന്മാരുടെ യോ, മറ്റേതെങ്കിലും മത- സാമുദായിക വിഭാഗത്തിന്‍റെയോ പ്രതിനിധി കളെ അവര്‍ക്ക് ഒരു പങ്കുമില്ലാതെ തെരഞ്ഞെടുക്കാന്‍ കഴിയുമോ. അതിനെന്ത് അര്‍ഥമാണുള്ളത്. സ്വന്തം ജനപ്രതിനിധിയെ തെരഞ്ഞെടുക്കാ നുള്ള പ്രാഥമികമായ ജനാധിപത്യാവകാശം പോലും പട്ടിക വര്‍ഗക്കാര്‍ ക്കില്ലെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും തെര. കമ്മീഷനുമാണ് ഇവിടെ ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരായി വിലസുന്നതെന്നര്‍ഥം. അവരാണ് ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കേരളത്തിലെ ഏറ്റവും ദുര്‍ബല വിഭാഗമായ പട്ടിക വര്‍ഗക്കാരോട് ഈ പാര്‍ട്ടികളും തെര. കമ്മീഷനും കേരള സര്‍ക്കാരും പുലര്‍ത്തുന്ന വഞ്ചനാപരമായ ഈ നിലപാട് ജനാധിപത്യത്തെക്കുറിച്ചുള്ള ഇവരുടെ പ്രകടമായ കാപട്യത്തിന് അടിവരയിടുകയാണ്. തെര. കമ്മീഷനെ ഇക്കാര്യത്തില്‍ വെല്ലുവിളിക്കേ ണ്ടതുണ്ട്. അന്തസുണ്ടെങ്കില്‍ കമ്മിഷന്‍ മറുപടി പറയണം. അതല്ല തെര. കമ്മീഷനും വെറുമൊരു തീറ്റിക്കാരന്‍ മാത്രമാണെങ്കില്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വായില്‍ പാര്‍ട്ടിക്കാരും സര്‍ക്കാരും വല്ലതും വച്ചുകൊടുത്തിട്ടു ണ്ടാവും. പൊതുവേ ഇത്തരം സ്ഥാനങ്ങളില്‍ വരുന്നതില്‍ ഭൂരിഭാഗവും വെറും തീറ്റിക്കാരാണ്. യഥാര്‍ഥത്തില്‍ ഇവിടത്തെ ചാനലുകളുടെയും അച്ചടി മാധ്യമങ്ങളുടെയും രാഷ്ട്രീയ വഞ്ചകരുമായിട്ടുള്ള അറപ്പിക്കുന്ന രഹസ്യ വേഴ്ച മൂലം എല്ലാ വിപ്ലവങ്ങളും എടുത്തുവീശുന്ന റിപ്പോര്‍ട്ടര്‍, മീഡിയ ഒണ്‍, ഏഷ്യനെറ്റ് മാന്യന്മാരും ഇത് മൂടിവയ്ക്കു ന്നതില്‍ കാട്ടുന്ന മിടുക്ക് യഥാര്‍ഥ ജനാധിപത്യവാദികള്‍ ശ്രദ്ധിക്കേണ്ടതാ ണ്. സ്വന്തം അമ്മയെ വിറ്റായാലും കാശുണ്ടാക്കിയാല്‍ മതി എന്ന കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും മാധ്യമപ്പിമ്പുകളുടെയും സമീപനം ഇനിയും സഹിക്കു ന്നത് ശരിയാണോ എന്നാലോചിക്കേണ്ട സമയമായി എന്നാണ് ഇത് നല്‍കുന്ന സൂചന. ഏറ്റവും ദുര്‍ബലനായ പട്ടിക വര്‍ഗക്കാരന്‍റെ അവകാശം സ്വയം തട്ടിയെടുക്കുന്ന പാര്‍ട്ടികള്‍ നാളെ പട്ടിക ജാതിക്കാരു ടെയും മറ്റന്നാള്‍ മറ്റോരോ സമുദായത്തിനു നേരെയും തിരിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ജനാധിപത്യത്തിന്‍റെ മറ പിടിച്ച് ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്ന ഈ കൂട്ടരാണ് ഞാന്‍ നാടിപ്പോ നന്നാക്കിക്കളയും എന്ന് വീമ്പിളക്കുന്നതെന്ന് വോട്ടിന് പോകുമ്പോള്‍ മറന്നുപോയാല്‍ ക്രമേണ ആര്‍ക്കും സ്വന്തം പ്രതിനിധിയെ തെരഞ്ഞെടു ക്കേണ്ടി വരില്ല. എല്ലാം കുറേ പാര്‍ട്ടി നേതാക്കളും തെര. കമ്മീഷനെന്ന പേരും താങ്ങി നടക്കുന്ന പാര്‍ട്ടിക്കാരുടെ ചട്ടുകവും കൂടി അങ്ങ് ചെയ്തോളും. ഇന്ന് പട്ടിക വര്‍ഗക്കാരന്‍, നാളെ പട്ടിക ജാതിക്കാരന്‍. മറ്റന്നാള്‍ ആരുടെ ഊഴം... ഓര്‍ക്കുക. ഇത് ജനാധിപത്യമല്ല. ജനാധിപത്യ ത്തിന്‍റെ പാരഡിമാത്രം. നമ്മുടെ നേതാക്കളെല്ലാം വെറും പാരഡിപ്പാട്ടുകാ രാണെന്ന് കുളത്തൂപ്പുഴയിലെ വോട്ടവകാശം തട്ടിയെടുക്കപ്പെട്ട ആദിവാസി കള്‍ ചൂണ്ടിക്കാട്ടുകയാണ്. കേരളത്തിലെ യഥാര്‍ഥ ജനാധിപത്യ പ്രവര്‍ത്ത കര്‍ ഇത് കാണാതെ പോകരുത്. നേതാക്കളെല്ലാം ഒരു ജാതി, അണികളെല്ലാം മറു ജാതി എന്ന സത്യം മറക്കാതിരിക്കുക.

Oct 23, 2015

ജാതി-വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതാര്.

ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും വര്‍ഗീയതയും ജാതിസ്പര്‍ദ്ധയും പ്രചരിപ്പിക്കുന്നതും വളര്‍ത്തുന്നതും ആരാണെന്ന ചോദ്യത്തിന് സത്യസന്ധമായി ഒറ്റ മറുപടിയേയുള്ളു. എല്ലാ പാര്‍ട്ടികളു ടെയും നേതാക്കളും മാധ്യമങ്ങളും. വിശേഷിച്ച് ദൃശ്യമാധ്യമങ്ങള്‍ ഇതൊരു തൊഴിലായിത്തന്നെ സ്വീകരിച്ചിരിക്കുന്നു. നാരായണ ഗുരുവെന്ന് പറഞ്ഞാലുടന്‍ ഈഴവരെ ചേര്‍ത്തു പറയുക, മുഹമ്മദ് എന്ന് പറഞ്ഞു പോയാലുടനെ മുസ്ലീങ്ങളുടെ വികാരം വ്രണപ്പെട്ടെന്ന് പ്രചരിപ്പിക്കുക, നായരെക്കുറിച്ച് പറയുന്നതിന്‍റെ കുത്തക പെരുന്നയിലെ സുകുമാരന്‍ നായര്‍ക്കാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, കോളജധ്യാപക നിയമനത്തിന് എല്ലാ മാനേജുമെന്‍റുകളും കോഴവാങ്ങുന്നുണ്ടെങ്കിലും എസ്.എന്‍.ഡി.പി മാത്രമാണ് കോഴവാങ്ങുന്നതെന്ന് പറഞ്ഞു പരത്തുക തുടങ്ങി, സര്‍വതരം ഏഷണികളും ചില ദൃശ്യമാധ്യമങ്ങളുടെ മാറാ രോഗമായിത്തീര്‍ന്നിട്ടുണ്ട്. ഈ പറയുന്ന മാധ്യമക്കാരനും പാര്‍ട്ടിക്കാരനു മെല്ലാമറിയാം കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷവും ജാതിയും മതവും നോക്കിയല്ല വോട്ടു ചെയ്യുന്നതെന്ന് ആ അടിസ്ഥാനത്തിലല്ല ചിന്തിക്കുന്ന തെന്നും. പക്ഷേ, അതവര്‍ക്കിഷ്ടമല്ല. അവര്‍ക്ക് വേണ്ടത് തമ്മില്‍ത്തല്ലുന്ന ജനങ്ങളെയാണ്. അതിലാണവരും ബിസിനസിന്‍റെ നിലനില്‍പ്പ്. അതുകൊ ണ്ട് അവര്‍ നിരന്തരം അതുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. അങ്ങനെ ജനങ്ങളിലില്ലാത്ത വര്‍ഗീയത ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കാര്‍ ക്കും മാധ്യമങ്ങള്‍ക്കമുള്ള ഒരേ ലക്ഷ്യമാണുള്ളത്. ജനങ്ങള്‍ ഇത്തരം വേര്‍തിരിവുകള്‍ക്കതീതമായി ഒന്നിക്കുകയും സ്വന്തം പ്രശ്നങ്ങള്‍ക്ക് സ്വതന്ത്രമായി പരിഹാരം കാണുകയും ചെയ്താല്‍ ഈ രണ്ടുകൂട്ടരും എളുപ്പത്തിനായി എടുത്തുപയോഗിക്കുന്ന വര്‍ഗീയതയുടെ വിഷം പിന്നെ ഇവിടെ വില്‍ക്കാതാകും. ജനങ്ങള്‍ നായരെന്നും നമ്പൂതിരിയെന്നും ഹിന്ദുവെന്നും മുസ്ലീമെന്നും തിരിഞ്ഞാണ് ചിന്തിക്കുന്നതെന്നും അതിനാല്‍ നായരോട് മിണ്ടിയാല്‍ ഈഴവര്‍ പിണങ്ങുമെന്നും ഹിന്ദുവിനോട് മിണ്ടിയാല്‍ മുസ്ലീങ്ങളും ക്രസ്ത്യാനികളുമെല്ലാം പിണങ്ങുമെന്നും ഒരടിസ്ഥാനവുമില്ലാതെയെന്നല്ല, ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് നേരേ കടക വിരുദ്ധമായ തരത്തില്‍ സ്വയം കമ്മ്യൂണിസ്റ്റുകാരെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ തൊട്ട് മതേതരച്ചെണ്ടയും കൊട്ടി നടക്കുന്നവര്‍ വരെ ജനങ്ങളെപ്പറ്റി കുപ്രചാരണം നടത്തുകയാണ്. വോട്ടിന് വേണ്ടി രാജ്യത്തെ തകര്‍ക്കുന്നതിന് പോലും പാര്‍ട്ടികള്‍ക്കും പല ദൃശ്യമാധ്യമങ്ങള്‍ക്കും മടിയില്ലെന്ന് അവര്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും, കേരളീയര്‍ ജാതിക്കോമരങ്ങളും മതഭീകരരുമാണെന്ന പ്രചാരണം നിര്‍ത്താന്‍ കേരളീയരൊന്നടങ്കം പാര്‍ട്ടികളോടും മാധ്യമങ്ങളോടും ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Oct 16, 2015

അച്യുതാനന്ദനും കിട്ടീ ഒരില

മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരത്തിന്റെ രാഷ്ട്രീയം മറച്ചു പിടിക്കേണ്ടതും അതിനെ പരാജയപ്പെടുത്തേണ്ടതും ഇവിടത്തെ എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും പൊതുവായ ആവശ്യമായിരുന്നു. അതിന് വേണ്ടി കാടിളക്കിയ ഒരു സമരം എല്ലാ പാര്ട്ടികളുടെയും കങ്കണികളെല്ലാം ചേര്ന്ന് പ്രഖ്യാപിക്കുകയും ഒത്തുതീര്പ്പ് ചര്ച്ചയെന്ന പ്രഹസനങ്ങള് പല വട്ടം നടത്തി തൊഴിലാളികളെ പേടിപ്പിച്ച്, തോട്ടങ്ങള് പൂട്ടിയിട്ടുകളയുമെന്ന് മുതലാളിമാരെക്കൊണ്ട് പറയിപ്പിച്ച് പ്രാദേശിക ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ മറവില് സമരം പിന്വലിച്ച് സ്ഥിരം കളികള്ക്ക് ഒരിക്കല്ക്കൂടി കര്ട്ടനിട്ടു. വിപ്ലവം പോലും വിറ്റു കാശാക്കിയ ബേബിജോണിന്റെ ചെമ്മീന്മുതലാളിയായ മോന് തൊഴിലാളി കളുടെ പ്രശ്നം പരിഹരിക്കാനായി ഒരു ചോദ്യമെറിഞ്ഞു. (ഞങ്ങള്) മുതലാളിമാരെല്ലാം എങ്ങനെയും ജീവിക്കും. തൊഴിലാളികളെന്ത് ചെയ്യുമെന്നായിരുന്നൂ വിപ്ലവ സോഷ്യലിസത്തിന്റെ മൊത്തക്കച്ചവട ക്കാരന്റെ ചോദ്യം. എന്തായാലും അന്പതു രൂപ പോലും തൊഴിലാളി കള്ക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല, ഇനി മുതല് ഇതുവരെ നുള്ളിയ കൊളുന്തു പോര, കൂടുതല് വേണമെന്ന മുതലാളിമാരുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. അച്ച്യുതാനന്ദന് ഏകെജി സെന്ററില് ഒരില കിട്ടിയതോടെ പുള്ളയുടെ വിപ്ലവവും കോണാത്തില് വെച്ചു കെട്ടി, ബേബിജോണിന്റെ മോന്റെ അനുയായിയായി നടയെടാ നട, നടയെടാ നട, നടയെടാ നട.. 

Sep 27, 2015

മലയാള സര് വകലാശാലയുടെ സമഗ്ര മലയാള ഭാഷാ നിഘണ്ടുവും നിലയ്ക്കുന്നു.


ഇന്ന് ഒരു ചാനലില് ഒരു ചര്ച്ചകണ്ടു. ഏതൊ ഒരു ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിന് വിവര്ത്തകയെ വേദിയിലുരുത്തിയില്ലെന്ന പരാതിയിന്മേലാണ് ചര്ച്ച.  സാമാന്യ ഗതിയില് തീരെ നിസ്സാരമെന്ന് കരുതി അവഗണിക്കാവുന്ന ഒരു വിഷയത്തെപ്പറ്റി ഇത്രയും ചര്ച്ച നടത്തിയ ചാനലുകള് പ്രസാധന രംഗത്ത് നടക്കുന്ന പച്ചയായ നീതികേടിനെയും കൊള്ളസംസ്കാരത്തെയും പറ്റി ഒരു ചര്ച്ചയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.ഉദാഹരണത്തിന് വിവര്ത്തനവുമായി ബന്ധപ്പെട്ട ഒരു കാര്യം തന്നെ ആദ്യമായി നോക്കാം. മലയാള ഭാഷയിലെ ആദ്യത്തെ ഗോത്ര വര്ഗ നോവലായ കൊച്ചരേത്തിയും മറ്റ് പല കൃതികളും എഴുതിയിട്ടു ള്ള മലയരയാംഗമായ നാരായന് നേരിടേണ്ടി വന്ന അനീതിയും നെറികേടും ഇവിടെ ആരും ചര്ച്ച ചെയ്തില്ല. അദ്ദേഹത്തിന്റെ കൊച്ചരേത്തി ഇംഗ്ലീഷില് പെന്ഗ്വിന്  ബുക്സാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ വിവര്ത്തനം നിര് വഹിച്ചത് ഒരു സ്ത്രീയായിരുന്നു. ഡല്ഹിയില് വച്ചു നടന്ന അതിന്റെ പ്രകാശനച്ചടങ്ങില് വിവര്ത്തക യ്ക്ക് വിമാന ടിക്കറ്റും അംഗീകാരവും കിട്ടിയപ്പോള് മൂലഗ്രന്ഥകാരനായ ശ്രീ. നാരായനെ ക്ഷണിച്ചെന്ന് വരുത്തി തഴയുകയായിരുന്നു. എന്റെ അറിവ് ശരിയാണെങ്കില്, അദ്ദേഹത്തിന് തീരെ നിസ്സാരമായ ഒരു തുക കിട്ടിയ പ്പോള് വിവര്ത്തകയ്ക്ക് ലക്ഷക്കണക്കിന് രൂപ ലഭിച്ചുവെന്നാണ്. ഇത് ഒരു വാര്ത്ത പോലുമായില്ലല്ലോ. നോവലിസ്റ്റ് പട്ടിക വര്ഗക്കാരനാണെങ്കില് ഇങ്ങനെ മതിയെന്നാണോ. എന്താണ് ഈ ചാനലുകളുടെ അജണ്ട യെന്ന സംശയം ബലപ്പെട്ടു വരുകയാണ്. അതോ, ഇതില് ഒരു സന്യാസിയുടെ പേര് വീണുകിട്ടിയതി ലുള്ള ഹരമോ.
 എന്റെ മലയാള ഭാഷ തൊല്ക്കാപ്പിയത്തില് എന്ന ഗവേഷണ ഗ്രന്ഥത്തിന്റെ പ്രസാധകരായ ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര് തന്നെ ആ കൃതിയുടെ ഉള്ളടക്കത്തിന്മേല് പരോക്ഷമായി അവകാശമുന്നയിച്ചപ്പോള് അതിനെപ്പറ്റിയും ചില സംവാദങ്ങള് നടന്നെങ്കിലും ചാനലുകാരും പത്രക്കാരുമൊന്നും അക്കാര്യത്തിലും നീതികേട് കണ്ടില്ല. തൊല്കാപ്പിയത്തെക്കുറിച്ച് കേരള കൌമുദിയുടെ പത്രാധിപരുമായി സംസാരിച്ചപ്പോഴാണ് ഞാന് അന്തിച്ചു പോയത്. അദ്ദേഹത്തിന്റെ ചോദ്യം അതിന് കിലോയ്ക്കെന്താണ് വില എന്നാണ്.-ഇതാണ് മലയാളത്തിലെ മാധ്യമ സംസ്കാരം.

മലയാള സര്വകലാശാല എന്നൊരു സ്ഥാപനം കേരളത്തിലുണ്ടെന്ന് ജനങ്ങളോര്ക്കുന്നത് അതിന്റെ വൈസ്ചാന്സലറുടെ ചില കോമാളി പ്രസ്താവനകള് കാണുമ്പോഴാണ്. ഒരു സമഗ്ര മലയാള ഭാഷാ നിഘണ്ടുവിന്റെ പദ്ധതിയുമായി എന്നെ സമീപിക്കുമ്പോള്ത്തന്നെ അതിന് പിന്നിലെ ഉദ്ദേശത്തെപ്പറ്റി ഞാന് വ്യക്തമായി അന്വേഷിച്ചിരുന്നു. മല. സര്വകലാശാലയ്ക്ക് ക്രിയാത്മകമായി ചെയ്യാവുന്നതും ചെയ്യേണ്ടു ന്നതുമായ ഒരു അടിസ്ഥാന കര്മ്മമെന്ന നിലയില്, പ്രസ്തുത സര്വകലാശാലയുടെ പൊതുവായ പ്രവര്ത്തനത്തോടും നയത്തോടുമുള്ള വിയോജിപ്പുകളുണ്ടായിരിക്കേ തന്നെ, വ്യക്തമായ ഉറപ്പു വാങ്ങിക്കൊണ്ടാണ് ഞാന് ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. പല പണ്ടിതാഗ്രേസരസരന്മാരും പയറ്റിത്തോറ്റതിനാലാണ് എന്നെ സമീപിക്കുന്നതെന്നും പല വട്ടം വി.സിയും പ്രൊഫസര് എം.ശ്രീനാഥനും വ്യക്തമാക്കിയതാണ്. അടിസ്ഥാന ഗ്രന്ഥങ്ങളോ-എന്തിന് ഒരു ഗുണ്ടര്ട്ട് നിഘണ്ടു പോലും- വാങ്ങിത്തരാന്  സര്വ. ശാലയ്ക്ക് കഴിഞ്ഞിട്ടില്ല ഒരു വര്ഷം കഴിഞ്ഞിട്ടു പോലും. മല. നിഘണ്ടുക്കളിലെ അടിസ്ഥാനപരമായ തെറ്റുകളും അശാസ്ത്രീയമായ രീതിശാസ്ത്രവും എല്ലാം തിരുത്തി, നിഘണ്ടുവിന്റെ ഒരു മാതൃകയും തയാറാക്കി, സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ചു കഴിഞ്ഞപ്പോള് വി.സി.യുടെ മട്ടു മാറി. അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളിലാരെങ്കിലും വിചാരിച്ചാല് ഞാന് ചെയ്ത മാതൃക അനുകരിച്ച്, പല നിഘണ്ടുക്കളില് നിന്ന് കുറേ വാക്കുകള് വീതമെടുത്ത കട്ടിങ്ങും പേസ്റ്റിങ്ങും നടത്തി ഒരു വ്യാജ നിഘണ്ടു നിര്മ്മിച്ച് ഉദ്ഘാടിച്ചാല് മതി എന്നാണ് വിസി. പറയുന്നത്. അതായത്, വിപുലമായ ഒരു പ്രോജക്റ്റിന് ഫണ്ട് അനുവദിപ്പിച്ചിട്ട്, ഇനി ഒരു വ്യാജന് ഓണ് ലൈനില് വിട്ടാല് ,പോക്കറ്റില് എത്ര പണമാണ് വീഴുക എന്നതാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടല് .അത് വലിയൊരു വഞ്ചനയും ഭാഷാ ദ്രോഹവുമാണെന്ന് തുറന്നു പറഞ്ഞതിനാല് എന്നോടുള്ള പക തീര്ക്കാനായി പ്രോജക്റ്റ് ഭാഗികമായി നിര്ത്തിയത് ഒരു മണിക്കൂറു പോലുമെടുക്കാതെയാണ്.  അതേ സമയം പദ്ധതിക്കായി ഒരു കമ്പ്യൂട്ടര് സിസ്റ്റം കൊണ്ടു വയ്ക്കാന് എടുത്തത് മാസങ്ങളും.ഇത്തരത്തി ല് പൊതു ഖജനാവ് കട്ടുമുടിക്കുന്നവരെ മാത്രം എന്തു കൊണ്ടാണ് ഉമ്മന് ചാണ്ടി സര്ക്കാര് തെരഞ്ഞു കണ്ടു പിടിക്കു ന്നത്. ഇനി, അതും ബിനാമിയാണോ?

Sep 13, 2015

പിന്നെയും ഞാന്‍ മൂന്നാറിലേയ്ക്ക്

ഇന്നലെ വരെ മൂന്നാര്‍ എനിക്കൊരു പൂക്കൂടയായിരുന്നു.
ഹരിത ഭംഗികളുടെ നീലാകാശത്തിന് കീഴിലെ ഒരു വില്ലീസ് പത്രം
ഏതൊ സ്വപ്നത്തിലേയ്ക്ക് ചാഞ്ഞിറങ്ങിയ വനനയനങ്ങള്‍
എന്റെ ആഹ്ലാദങ്ങളുടെ നിലാമഴ..
മൂന്നാര്‍ ഇന്നെനിക്കൊരു ചരിത്ര പാഠമാണ്.
വെട്ടിയും തിരുത്തിയും നേതാക്കളും തമ്പ്രാക്കളും ചേര്‍ന്ന്
എത്രയോ വട്ടം തെറ്റിച്ചെഴുതിയ നാള്‍വഴി കണക്കുകള്‍
 അജയ്യയരായ സഹോദരിമാരുടെ ശ്വാസോച്ഛ്വാസങ്ങളുടെ തീക്കാറ്റില്‍
കത്തിച്ചാമ്പലാകുന്നതിന്റെ പാഠം 
മൂന്നാറിലെ കൊളുന്തു നുള്ളുന്ന തളിര്‍ വിരലുകള്‍ കൊണ്ടെഴുതിയിരിക്കുന്നു..
ഇനി നമുക്കാശ്വസിക്കാം പെണ്ണുണര്‍ന്നിരിക്കുന്നു..
അമ്മയും സഹോദരിയും കാമുകിയും ഭാര്യയുമായ
പെണ്ണുണര്‍ന്നിരിക്കുന്നു.
മൂന്നാര്‍, സ്ത്രീകള്‍ നെയ്തെടുത്ത സൌന്ദര്യമുള്ള ചരിത്ര പതാകയാണ്.
ആ പതാകയില്‍ എന്റെ ഒരു സ്വപ്നവും കൂടി തുന്നിച്ചേര്‍ക്കാനനുവദിക്കുക