May 10, 2015

മലയാള ഭാഷയ്ക്ക് ഒരു നിഘണ്ടു

ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള ഒരു തപസ് പോലെ സ്വജീവിതം കൊണ്ടനുഷ്ഠിച്ച അമരസൃഷ്ടിയാണ് ശബ്ദതാരാവലി എന്ന കാര്യം അനിഷേധ്യമാണ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് നിഘണ്ടുവും അതിനുമുന്നേ വന്നിട്ടുള്ള നിഘണ്ടുക്കളുമെല്ലാം ഭാഷയുടെ ചരിത്രത്തില്‍ പ്രസക്തമാണ്. ഇതൊരു വസ്തുതയാണെങ്കിലും അതുപോലൊരു വസ്തുതയാണ് മലയാള ഭാഷയ്ക്ക് ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട ഒരു നിഘണ്ടുവില്ലെന്നതും. ശബ്ദതാരാവലിയുടെ മാഹാത്മ്യം ചൂണ്ടിക്കാട്ടുന്നതോടൊപ്പം തന്നെ, അതിന്റെ വൈകല്യങ്ങളും തിരിച്ചറിയപ്പെടേണ്ടതുണ്ട്. അങ്ങനെ തിരിച്ചറിയപ്പെടാത്തതുകൊണ്ടാണ്, ശബ്ദതാരാവലിക്ക് ശേഷമിറങ്ങിയിട്ടുള്ളവയിലും ഒരു നിഘണ്ടു പോലും ശാസ്ത്രീയമോ, കുറ്റമറ്റതോ ആകാതിരുന്നത്. ശബ്ദതാരാവലിയുടെ അടിസ്ഥാനപരമായ തകരാറുകളില്‍ചിലത് ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍നിന്ന് ലഭിച്ചിട്ടുള്ളതാണ്. ശബ്ദതാരാവലിയാകട്ടേ കേരളപാണിനീയം പോലെ തന്നെ, സൂക്ഷ്മവിചിന്തനത്തിന് വിധേയമായിട്ടുമില്ല.

പ്രധാന തകരാറുകള്‍ ഒറ്റ നോട്ടത്തില്‍

1 മലയാള ഭാഷയുടെ അക്ഷരമാല ക്രമം നിഘണ്ടുവില്‍ നല്കിയിട്ടുണ്ടെങ്കിലും പദക്രമീകരണത്തില്‍ പ്രസ്തുത ക്രമം ദീക്ഷിച്ചിട്ടില്ല. ഉദാ- ശബ്ദതാരാവലിയിലെ വാക്കുകള്‍ തുടങ്ങുന്നത് അംശം എന്ന വാക്കിലാണ്. തുടങ്ങേണ്ടത് `അ’യില്‍ ആരംഭിക്കുന്ന വാക്കിലാണല്ലോ. (ഗുണ്ടര്‍ട്ട് അംശം എന്ന വാക്കിലാണ്  തുടങ്ങുന്നത്)-

2 `അ’ മുതല്‍ `അം’ വരെയുള്ള സ്വരങ്ങളെ പ്രസ്തുത ക്രമത്തില്‍ ഒരു പദത്തിനും നല്കുന്നില്ല. ഉദാഹരണം `അ+അ –അവ, ഇ+അ-’ ഇവ തുടങ്ങിയ പദങ്ങള്‍ സ്ഥാനം തെറ്റി നല്കിയിരിക്കുന്നത്.

3. ‘അം,ആം, അന്‍, ആന്‍’ എന്നീ സ്വര-വ്യഞ്ജനങ്ങളെ ലിപിമാലയില്‍ നല്കിയിട്ടുണ്ടെങ്കിലും ആ വക പദങ്ങള്‍ വിഭാഗീകരിച്ചു നല്കിയിട്ടില്ല.

4 ‘ശ.താ’യിലെ മുക്കാല്‍ പങ്ക് വാക്കുകളും ‘സംസ്കൃതത്തില്‍’ നിന്നുള്ള വായ്പാ പദങ്ങളാണ്. അവയാകട്ടെ സാഹിത്യം, കവിത, ശാസനങ്ങള്‍ എന്നിവയില്‍ നിന്നുള്ളവയാണ്. ഈ സമീപനം മൂലം മലയാള ഭാഷയിലെ വാക്കുകള്‍, പ്രത്യേകിച്ച് ജനങ്ങളുടെ വായ്മൊഴിയില്‍ നിന്ന് വികസിച്ചു വന്നവ, തീരെ കുറവാണതില്‍.

5 ധാരാളം വാക്കുകളുടെ അര്‍ത്ഥം സാധാരണക്കാരന് മനസ്സിലാകണമെങ്കില്‍ മറ്റേതെങ്കിലും നിഘണ്ടുകൂടി നോക്കേണ്ടി വരുന്നു. അപരിചിതമായ ‘സം.’ വാക്കുകള്‍ക്കും ജ്യോതിഷാദികളിലെ വാക്കുകള്‍ക്കും അതിലും കഠിനമായ ‘സംസ്കൃത’ പദങ്ങളില്‍ അര്‍ഥം നല്കിയിരിക്കുന്നു. പലപ്പോഴും കേവലാര്‍ത്ഥം പോലും നല്കാതെ മറ്റേതെങ്കിലും പദം നോക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
6. വായ്മൊഴി വാക്കുകള്‍ പോലെ തന്നെ അറ.-മല.,ഗോത്രവര്‍ഗ ഭാഷകള്‍, സാംസ്കാരിക ചിഹ്നങ്ങള്‍ എന്നിവയെ ഒരു നിഘണ്ടുവും  പരിഗണിച്ചിട്ടില്ല. അതുകൊണ്ട് മല.ഭാഷയിലെ മൌലിക വാക്കുകള്‍ മിക്കവയും ഉപേക്ഷിക്കപ്പെട്ടു.

പൊതുവേ മലയാള ഭാഷാ നിഘണ്ടുക്കള്‍, ലിപി, നിഘണ്ടുരചനയ്ക്ക് സ്വീകരിക്കുന്ന നയം, രീതിശാസ്ത്രം, വ്യാകരണപരവും ഭാഷാശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ എന്നിവയില്‍ ശ്രദ്ധിച്ചിട്ടില്ല. അതുകൊണ്ടുണ്ടായ ഒരു ദോഷം ഭാഷയില്‍ പദങ്ങളുടെ പ്രയോഗവ്യാപ്തിയെന്തെന്ന് തിരിച്ചറിയാന്‍ ഇതുവരെ ഇറങ്ങിയ നിഘണ്ടു ക്കള്‍ക്കൊന്നും കഴിഞ്ഞില്ലെന്നതാണ്.  ഒരു ഉദാഹരണം, മലയാള ഭാഷയില്‍ ‘അ’ എന്ന ഒന്നാമത്തെ സ്വരം എത്ര വിധത്തില്‍, ഏതെല്ലാം അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെടുന്നുവെന്ന് ഇതുവരെയുള്ള നിഘണ്ടുക്കള്‍ക്ക് ഒരു പിടിയുമില്ല. 13 പ്രയോഗ സാധ്യതകളാണ് പരമാവധി നല്കിയിട്ടുള്ളത്. എന്നാല്‍, കുറഞ്ഞത്  അ യുടെ 43 പ്രയോഗങ്ങള്‍ കൃത്യമായി മലയാള ഭാഷയില്‍ അടങ്ങിയിട്ടുണ്ട്.

മലയാള ഭാഷയില്‍ ഇത്രയധികം നിഘണ്ടുക്കളിറങ്ങിയിട്ടും ഈ വക മൌലികമായ തകരാറുകള്‍പോലും ഇന്നുവരെ തിരിച്ചറിയപ്പെടുകയോ, തിരുത്തപ്പെടുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന ഒരു ചോദ്യവുമുണ്ട്. ഇതിന് ഒരു പ്രധാന കാരണം, നിഘണ്ടു നിര്‍മ്മാണ മേഖല സര്‍ക്കാര്‍ പ്രസാധകരുടെയും സ്വകാര്യ പ്രസാധകരുടെയും വ്യാജനിര്‍മിതികള്‍കൊണ്ട് നിറഞ്ഞിരിക്കുന്നതാണ്. ഏതെങ്കിലും ചില  നിഘണ്ടുക്കളെടുത്ത് ‘കട്ടിങും പേസ്റ്റിങും’ നടത്തി ഒരു ഡി.റ്റി.പി ഓപ്പറേറ്റര്‍ നിര്‍മ്മിക്കുന്ന നിഘണ്ടുക്കളാണ് പണ്ഡിതമ്മന്യന്മാരുടെ പേരില്‍ പുറത്തുവരുന്നത്. അതിനാല്‍, ഒരു നിഘണ്ടുവിലെ തെറ്റ് എല്ലാത്തിലും ആവര്‍ത്തിക്കപ്പെടുകയും അങ്ങനെ, തെറ്റ് ക്രമേണ ശരിയാണെന്ന് ജനങ്ങള്‍ കരുതാനിടവരുകയും ചെയ്യുന്നു. വലുതും ചെറുതുമായ പ്രസാധകരുടെ മിക്ക നിഘണ്ടുക്കളും ഇത് തെളിയിച്ചുതരും.

മലയാള സര്‍വകലാശാലയുടെ ഇടപെടല്‍ 


‘മലയാള സര്‍വകലാശാല’ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും ഒരു പദവിജ്ഞാന കോശം ഓണ്‍ലൈനായും അച്ചടി രൂപത്തിലും തയാറാക്കുവാന്‍ തീരുമാനിച്ച്, വിവിധ ഭാഷാ, ഭാഷാശാസ്ത്ര, വ്യാകരണ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു ഉപദേശക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും അതിന്റെ ഉദ്ഘാടനം 2014 നവം 1ന് ബഹു. മന്ത്രി എം.കെ.മുനീര്‍ കോഴിക്കോട്ട് വച്ച് നിര്‍വഹിക്കുകയും ചെയ്തു. പ്രസ്തുത നിഘണ്ടുവില്‍ മേല്‍പ്പറഞ്ഞവ കൂടാതെ പല തിരുത്തലുകളും വരുത്തുകയും മിക്കവാറുമെല്ലാ പദമേഖലകളെയും അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനെപ്പറ്റി ‘മലയാള സര്‍വകലാശാല’ തന്നെ കൂടുതല്‍ വിശദീകരിച്ചിട്ടുള്ള താണ്. പ്രസ്തുത ഓണ്‍ലൈന്‍ നിഘണ്ടുവിന്റെ മാതൃകാ പതിപ്പ് 2015ലെ കേരളപ്പിറവി നാളില്‍ പുറത്തുകൊണ്ടു വരാനാണ് സര്‍വകലാശാലയുടെ പ്രയത്നം.

കാര്യങ്ങളിങ്ങനെയിരിക്കേ, പുതിയൊരു വാര്‍ത്ത കേള്‍ക്കുന്നു. മലയാള സര്‍വകലാശാലയുടെ സമഗ്ര മലയാള ഭാഷാനിഘണ്ടുവിന്റെ ഉപദേശക സമിതിയില്‍ ചിലരും, ഒരു സര്‍ക്കാര്‍ പ്രസാധന സ്ഥാപനവും സാംസ്കാരിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ശബ്ദതാരാവലി പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചെന്നതാണ് വാര്‍ത്തയുടെ ചുരുക്കം. സര്‍ക്കാര്‍ ധനം ഉപയോഗിച്ച് അനിവാര്യമായ ഒരു ഭാഷാവിവര ശേഖരം അഥവാ ‘ഡാറ്റാ ബാങ്ക്’ നിര്‍മ്മാണം അതിന് വേണ്ടി നിയുക്തമായ ‘മലയാള സര്‍വകലാശാല’ ചെയ്ത് ഒരു ഘട്ടം പൂര്‍ത്തിയാക്കുകയും ആ കാര്യ മെല്ലാം പരസ്യമാക്കുകയും ചെയ്ത ഘട്ടത്തില്‍, സര്‍ക്കാരിന്റെ നേതൃത്വത്തില്‍ത്തന്നെ ഒരു തട്ടിപ്പ് പരിപാടിയുമായി ചിലര്‍ രംഗത്ത് വന്നതിന് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യവും മലയാള സര്‍വകലാശാല തികച്ചും ഗവേഷണ പരമായി സമഗ്രമായി ചെയ്യുന്ന ഒരു ദൌത്യത്തെ അട്ടിമറിച്ച് സ്വന്തം ക്രെഡിറ്റിലാക്കാനുള്ള  ഗൂഢാലോചന യുമാണുള്ളതെന്ന് പിന്നാമ്പുറങ്ങള്‍ പറയുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള സാംസ്കാരിക സ്ഥാപന മേധാവികളുടെയെല്ലാം ഭാവനാ ശൂന്യതയ്ക്കും കഴിവുകേടിനും മറയിടാനായി, ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെടാനിടവരുന്ന, പാര്‍ട്ടിക്കാരല്ലാത്ത പലരുടെയും കൃതികളോ,ആശയങ്ങളോ സ്വന്തം പേരിലാക്കാനുള്ള ശ്രമം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ തമ്പാന്‍ ഇതിനു മുമ്പും നടത്തിയിട്ടുണ്ട്. ‘എന്റെ മലയാള ഭാഷ തൊല്കാപ്പിയം’ എന്ന ഭാഷോല്പ്പത്തി സിദ്ധാന്ത കൃതിയ്ക്ക്, അത് കഴിയുന്നത്ര നിശ്ശബ്ദമായി പ്രസിദ്ധീകരിച്ച ‘ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്’ ഡയറക്റ്ററില്‍ നിന്നു്  അത്തരം ഒരു ദുരനുഭവമുണ്ടായതിന്റെ സാക്ഷ്യമെനിക്കുണ്ട്.  ആ മാന്യദേഹം തന്നെയാണ് ഇപ്പോള്‍ മലയാള സര്‍വകലാശാല നടത്തിക്കൊണ്ടിരിക്കുന്ന ശബ്ദതാരാവലിയുടെ അപനിര്‍മ്മാണം എന്ന അടിസ്ഥാനപരമായ കര്‍ത്തവ്യത്തെ, നീചമായ സ്വകാര്യലാഭത്തിന് വേണ്ടി തകര്‍ക്കാന്‍ സാംസ്കാരിക മന്ത്രിയെ മുന്‍ നിര്‍ത്തി കരാറെടുത്തിരിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സാംസ്കാരിക മന്ത്രിയെ സംബന്ധിച്ചേടത്തോളം ഇതിലുള്ള ജ്ഞാനവും ആത്മാര്‍ത്ഥതയും, ‘അഞ്ജനമെന്നാലെനിക്കറിയാം മഞ്ഞളുപോലെ...’ എന്ന ചൊല്ലില്‍ കാണുന്നത് തന്നെയാണ്.

ഇവിടെ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ രണ്ടാണ്. ഒന്ന്, സര്‍ക്കാരിന്റെ ഖജനാവില്‍നിന്ന് പണം ചെലവഴിക്കുന്നത് എന്തെങ്കിലും ഗുണകരമായ ആവശ്യത്തിന് തന്നെയാണോ? രണ്ട്, തന്റെ ആശ്രിതരിലാര്‍ക്കെങ്കിലും കുറച്ച് ദ്രവ്യം കൊടുക്കണമെന്ന്  ഒരു മന്ത്രിക്ക് തോന്നിയാല്‍, അതിനുള്ള ഒരു മറ എന്ന നിലയില്‍ ഇത്തരമേതെങ്കിലും കുതന്ത്രങ്ങള്‍ ഒപ്പിക്കുന്നത് നീതീകരിക്കാവുന്നതാണോ. വിപുലമായി ‘മലയാള സര്‍വകലാശാല’ ചെയ്യുന്ന ഒരു പ്രവൃത്തിക്ക് എന്തിനാണ് വ്യാജമായ ഒരു സമാന്തര പ്രവര്‍ത്തനം.? അതുപോലെ, ഒരേ വിദ്വാന്മാര്‍ രണ്ടു ഉപദേശക സമിതികളിലും ഒരേ സമയം തുടരുന്നതിന് അവരുടെ ന്യായീകരണമെന്താണ്.? ആരെങ്കിലുമൊന്ന് ക്ഷണിച്ചാല്‍മതി, കമ്മറ്റി ഏതെന്നും എന്തെന്നുമൊന്നും നോക്കേണ്ടതില്ലെന്നാണോ. ഇതൊക്കെ ശരിക്കും വഞ്ചനയല്ലേ.?നമ്മുടെ പണ്ഡിതന്മാര്‍ ഇത്രയും അവിവേകികളെപ്പോലെ പെരുമാറുന്നതെന്തുകൊണ്ടാണ്.?

സര്‍വോപരി, ഒരു സര്‍ക്കാര്‍ ഇങ്ങനെ തങ്ങള്‍ക്ക് താല്പ്പര്യമുള്ള ആരുടെയെങ്കിലും കളിപ്പാവയായി മാറി പൊതുസമ്പത്ത് നശിപ്പിക്കുന്നത് അനുവദിക്കപ്പെടാമോ. ജനങ്ങളെ എത്രവേണമെങ്കിലും വിഡ്ഢികളാക്കാമെന്ന ‘ഉമ്മന്‍ചാണ്ടി’ സര്‍ക്കാരിന്റെ സമീപനം സാംസ്കാരിക മേഖലയെ കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഒരു ചവറ്റുവണ്ടിയാക്കി മാറ്റിയിരിക്കുന്നുവെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്.

No comments:

Post a Comment