May 10, 2015

ചുവരെഴുത്ത്

ചുവരെഴുത്തുകളും എഴുതാപ്പുറങ്ങളും എന്ന ഈ ബ്ലോഗ് ,കടന്നുപോകുന്ന കാലഘട്ടത്തോട് പ്രതികരിക്കാനാഗ്രഹിക്കുന്നവരുടെ സൃഷ്ടിപരവും വിമര്‍ശനാത്മകവുമായ ഒരു കൂട്ടായ്മയായിട്ടാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ഭൂമിയും ജീവജാലങ്ങളും ഇനിവരുന്ന തലമുറയ്ക്ക് വെറും സങ്കല്‍പ്പങ്ങളായി തോന്നുന്ന അവസ്ഥയിലേയ്ക്ക് രാഷ്ട്രീയ നേതൃത്വങ്ങളും പാര്‍ട്ടികളും ലോകരാജ്യങ്ങളെയാകെ കൊണ്ടെത്തിച്ചിരിക്കുന്നു. ജനങ്ങള്‍ ,പൊതുവില്‍ ലോകമാകെത്തന്നെ, ലോക കമ്പോളം ഒരുക്കിവച്ചിട്ടുള്ള കെണിയില്‍ വീണ് പിന്‍വഴി പോലും മുട്ടി നില്‍ക്കുകയാണ്. അതേ സമയം, മുതലാളിത്തത്തിന്റെ സംരക്ഷണ കവചം സ്വന്തം നില ഭദ്രമാക്കുകയും ചെയ്യുന്നു. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് സിനിമാ താരമായ സല്‍മാന്‍ഖാന്‍ എന്ന ഒരു ക്രിമിനലിന്റെ കാശിന് മുമ്പില്‍ നീതിപീഠങ്ങള്‍ പോലും വിറപൂണ്ടു നില്‍ക്കുന്നുവെന്ന സത്യം. അതേ നിയമത്തിന്റെ ഭീകരവഴികളില്‍ ഒരു കൊലപാതകത്തില്‍ പോലും പ്രതിയല്ലാത്ത ചിലരെ സകുടുംബം ജയിലില്‍ മാവോയിസ്റ്റുകളെന്ന പേരില്‍ പിടിച്ചിടുന്നുവെന്ന യാഥാര്‍ഥ്യവും കാണാം. കൊലപാതകിയും നിരവധി ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയുമായ സല്‍മാന്‍ഖാന് അധോലോകവുമായും ദേശദ്രോഹികളുമായി പോലും ബന്ധമുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഒരു പക്ഷേ, അയാളെ ഇത്രയും വിലപിടിച്ച താരമായി നിലനിര്‍ത്തുന്നതു പോലും ഇത്തരം ബന്ധങ്ങളാണെന്ന് തോന്നുന്നു. കാരണം, ഒരു നടനെന്ന നിലയില്‍ അയാള്‍ വട്ടപ്പൂജ്യമാണ്. മലയാള സിനമയില്‍ ഭിന്ന വേഷങ്ങളില്‍ നിറഞ്ഞാടുന്ന സായികുമാര്‍, സിദ്ധിക്ക് എന്നീ നടന്മാരുടെ പരിസരത്ത് വരില്ല ഈ സല്‍മാന്‍ ഖാനെന്ന് അയാളുടെ ആരാധകര്‍ക്കുമറിയാം. മലയാള സിനിമയിലും ഇവരെക്കാള്‍ കേമന്മാരെന്ന് കൊണ്ടാടപ്പെടുന്ന താരങ്ങളും വൈവിധ്യത്തില്‍ ഇവര്‍ക്കൊപ്പമെത്തില്ല. പക്ഷേ, അവര്‍ മലയാളത്തിലെ ഒന്നാം നിരക്കാരല്ല. അതായത്, ഒരു നടനെന്ന സല്‍മാന്‍ഖാന്റെ നിലനില്‍പ്പ് തന്നെ അയാളുടെ ക്രിമിനല്‍ ബന്ധങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടതാകാമെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. എന്തായാലും, കൃഷ്ണമൃഗങ്ങളെയും തെരുവിലുറങ്ങുന്ന മനുഷ്യരെയും കൊന്നുതള്ളുന്ന സല്‍മാനെ കോടതി ശിക്ഷിച്ചിട്ടും ജയിലില്‍ കിടത്താന്‍ അധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മടി. അയാള്‍ക്ക് വേണ്ടി സാംസ്കാരിക നായകന്മാരും സിനിമാബിംബങ്ങളുമെല്ലാം കണ്ഠക്ഷോഭം ചെയ്യുന്നു. കൊലപാതകം ചെയ്തവന്‍ കാശുകാരനാ ണെങ്കില്‍ അവനെ ശിക്ഷിക്കരുതെന്ന് മലയാളത്തിലെ സിനിമാ താര(ക)ങ്ങളും ആവശ്യപ്പെടുന്നു. ആനക്കൊമ്പു മോഷ്ടിച്ച് സൂക്ഷിച്ച താരവും ഇന്നും സര്‍ക്കാരിന്റെ പരസ്യക്കാരനാണ്. കാടു കട്ട മഹാനാണ് മറ്റൊരു താരരാജാവ്. അവരാരും ശിക്ഷിക്കപ്പെടരുത്. പക്ഷേ, പാവങ്ങളുടെ ജീവിതത്തിനും വിലയുണ്ടെന്ന് പറഞ്ഞ രൂപേഷും ഭാര്യയും കേവലം സംശയത്തിന്റെ പേരില്‍ ജയിലിലായി. അവനെക്കൊല്ലുക, സല്‍മാന്‍ഖാനെന്ന ക്രിമിനലിനെ വിട്ടു തരുക എന്നാണ് ഇന്ത്യന്‍ മുതലാളിമാരും അവരുടെ ചെല്ലും ചെലവും വാങ്ങിക്കഴിയുന്ന സിനിമക്കാരും രാഷ്ട്രീയക്കാരും ആവശ്യപ്പെടുന്നത്. പകരം മാവോയ്സ്റ്റെന്ന് പറഞ്ഞ് പാവപ്പെട്ടവര്‍ക്ക്വേണ്ടി സംസാരിക്കുന്ന വരെ കൊല്ലുക. ആ സത്കൃത്യവും സല്‍മാന്‍ ഖാനെയോ, മറ്റ് മാന്യതാരങ്ങളെയോ ഏല്‍പ്പിച്ചാല്‍ അവരത് ഭംഗിയായി ചെയ്തു തരും. അവരത് സിനിമകളില്‍ കൂലിക്ക് ചെയ്യുന്ന വേലയാണല്ലോ. അവര്‍ക്ക് കൊല്ലാം. അവരുടെ കയ്യില്‍ കറുത്തതും വെളുത്തതുമായ പണമുണ്ട്. അതാണല്ലോ തൃശൂരില്‍ നിസാമെന്ന ധനികനായ സാമൂഹിക വിരുദ്ധനും ചെയ്തത്. രൂപേഷ് പണക്കാരനല്ല, അയാളെ കുടുംബത്തോടെ കൊല്ലുക, സല്‍മാന്‍ഖാനെന്ന ക്രിമിനലിനെ വിട്ടയയ്ക്കുക .നേതാവിനുള്ളത് നേതാവിനും ഏമാന്മാര്‍ക്കൊള്ളത് ഏമാന്മാര്‍ക്കും കൊടുക്കാനുള്ള വഹയാണ് കാര്യം . 
 
 ഇത് ഒരുദാഹരണമായി ചൂണ്ടിക്കാട്ടിയതാണ്. പുഴകള്‍ ദാഹനീരിനായി കേഴുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ വ്യാജനിര്‍മാണങ്ങള്‍ കൊണ്ട് ഒരു സമാന്തരത സൃഷ്ടിച്ചിരിക്കുന്നു. മൌലികതയുടെ എല്ലാ സാധ്യതകളെയും പൊതുഖജനാവുപയോഗിച്ച് തകര്‍ത്തുകളയുക എന്നതാണ് ഏറ്റവും പുതിയ വ്യാജസമാന്തരത. വനം നശിപ്പിക്കുകയും സമാന്തരമായി വനമൊരു വരമാണ് എന്ന് പ്രചരിപ്പിക്കുകയും അതിന്റെ പേരിലും ഖജനാവ് കൊള്ളയടിക്കുകയും ചെയ്യുക. ഗോത്രവര്‍ഗങ്ങളും ആദിവാസി പൈതൃകങ്ങളും അമൂല്യമാണെന്ന് പ്രസംഗിച്ചു കൊണ്ട് ഗോത്ര വര്‍ഗ സമൂഹങ്ങളുടെ വംശ ഹത്യ നടത്തുക, അവരു‌ടെ പേരില്‍ വന്‍തുകകള്‍ അടിച്ചു മാറ്റുക, മതേതരത്വം പറഞ്ഞു കൊണ്ട് മതവര്‍ഗീയതയെ വോട്ട് ബാങ്കാക്കി വില പേശുക, മതം മാറ്റാനുള്ള അവകാശം ഏകപക്ഷീയമാക്കുക, മനുഷ്യനാണ് പ്രധാനമെന്ന് പറഞ്ഞു കൊണ്ട് ഭൂമി മനുഷ്യന് പാര്‍ക്കാന്‍ പറ്റാത്തതാക്കുക, അഴിമതി നടത്തുന്ന മന്ത്രിമാരും നേതാക്കളും അത് തെളിയിക്കാന്‍ ജനങ്ങളെ വെല്ലുവിളിക്കുക, എല്ലാ നിഷേധാത്മക പ്രവണതകളെയും കുറ്റവാളികളെയും മഹത്വവല്‍ക്കിക്കാന്‍ മാധ്യമങ്ങള്‍ തമ്മില്‍ മത്സരിക്കുക ,അന്യന്റേതെല്ലാം വഞ്ചനയിലൂടെ സ്വന്തമാക്കുക തുടങ്ങി നാം നിത്യേന കടന്നുപോകുന്നത് കാപട്യങ്ങളുടെ കൊടും വേനലിലൂടെയാണെന്ന് തിരിച്ചറിയുകയാണ് പ്രധാനം. സംഘടിത ശക്തികളും മാധ്യമങ്ങളും അധികാര ശക്തികളുമായുള്ള അവിഹിത ബന്ധത്തിന്റെ പ്രത്യക്ഷാനുഭവങ്ങള്ളിലൂടെ സമൂഹം  നിരന്തരം വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇടതും വലതും സമുദായപ്പാര്‍ട്ടികളുമെല്ലാം ഒരേ വള്ളത്തിലാണ് രഹസ്യ ബാന്ധവം.  കാലം തിരിച്ചൊഴുകുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ വഞ്ചനകള്‍ക്കുമെതിരേ ജനങ്ങളുടെ ചുവര്‍പ്പലകയാണിത്. എഴുതാപ്പുറങ്ങളും എഴുതുക .നമുക്കറിയാം വിശുദ്ധമായി ഒന്നുമവശേഷിപ്പിക്കില്ല വ്യാജന്മാര്‍. പക്ഷേ, ഇവരെ തിരിച്ചറിയുക. പുള്ളി കുത്തി മാറ്റി നിര്‍ത്തുക.

നമുക്ക് തുറന്നു പറയാം. കള്ളനെ കള്ളനെന്ന് തന്നെ വിളിക്കുക. കള്ളനെ നേതാവെന്നും അദ്ദേഹമെന്നും മഹതി എന്നും വിശേഷിപ്പിക്കുന്നത് ഭാഷയോടുള്ള അനാദരവാണ്. call the pickax a pickax
ഡോ.ആര്‍. ഗോപിനാഥന്‍

2 comments:

  1. സ്വാഗതം `ചുവരെഴുത്തുകളും എഴുതാപ്പുറങ്ങളുംട

    ReplyDelete
    Replies
    1. സ്വതന്ത്രമായും സത്യസന്ധമായും പ്രതികരിക്കാനുപയോഗിക്കുമെന്ന് ആശിക്കുന്നു

      Delete