May 20, 2015

സി.പി.ഐ സന്ദര്‍ഭത്തിനൊത്തുയരുന്നു


കാനം രാജേന്ദ്രന്റെ രാഷ്ട്രീയ ഇടപെടല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തബോധം
പ്രകടിപ്പിക്കുന്നുണ്ട്

ഈ അഭിനന്ദനം കാനം രാജേന്ദ്രനെന്ന വ്യക്തിക്കല്ല.അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഒരു സുവ്യക്ത നിലപാടിനുള്ള സാമാന്യ ജനതയുടെ അംഗീകാരമാണ് . കോടതി പോലും സാമൂഹിക /രാഷ്ട്രീയ പ്രവര്‍ത്തകനെന്ന് നിരീക്ഷിച്ചിട്ടുള്ള രൂപേഷ് എന്ന ഒരു കമ്മ്യൂണിസ്റ്റുകാരനെ മാത്രമല്ല, അയാളുടെ കുടുംബത്തെ യും പരിചയക്കാരെയും, ഒരു പക്ഷേ, ദാഹജലം കൊടുത്തവരെ പോലും പോലീസ് എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ച് പിടിച്ച് ജയിലലടയ്ക്കുകയോ, പറ്റുമെങ്കില്‍ സംഘട്ടന നാടകം സൃഷ്ടിച്ച് വെടിവച്ചു കൊല്ലുകയോ ചെയ്യുന്ന തിനുള്ള അധികാരം ഭരണകൂട ഭീകരതയ്ക്കുണ്ടെന്ന ഒരു തോന്നലാണ് അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കേരള സര്‍ക്കാരിന്. പോലീസ് , അവരുടെ കുപ്രസിദ്ധമായ ഹിംസാത്മക പ്രകൃതം രൂപേഷ് എന്ന രാഷ്ട്രീയ പ്രവര്‍ത്ത കന്റെ തരുണ പ്രായമെത്തി നില്‍ക്കുന്ന പെണ്‍കുട്ടികളോടും കാണിക്കുമെന്ന് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയത്തെ കച്ചവടമാക്കിയിരിക്കുന്ന യുഡിഎഫ്-എല്‍.ഡി.എഫ് നേതൃത്വവും നിക്ഷിപ്ത താല്‍പ്പര്യക്കാരും അതിനെയും മൌനം കൊണ്ട് അംഗീകരിച്ച് പ്രോത്സാഹിപ്പിച്ചപ്പോഴാണ് ,സി.പി.ഐ. സന്ദര്‍ഭത്തിനൊത്തു യര്‍ന്ന്, രൂപേഷിനെ ഒരു രാഷ്ട്രീയത്തടവുകാരനായി കാണണമെന്നും, അയാളുടെ മക്കളെ ഉപദ്രവിച്ചാല്‍ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും പ്രഖ്യാപിച്ചത്. മാവോയിസം ഒരു  വിശ്വാസമാണെന്ന കോടതിയുടെ നിരീക്ഷണത്തെയും കാനം ഓര്‍മിപ്പിച്ചു. എന്നല്ല, മാവോയിസ്റ്റുകളെ നേരിടാനെന്ന് പറഞ്ഞ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനുപയോഗിച്ച പണം വിനിയോഗിച്ചിരുന്നെങ്കില്‍ പാവപ്പെട്ട ആദിവാസികള്‍ക്ക് കേറിക്കിടക്കാന്‍ ഓരോ തുണ്ടു ഭൂമി നല്‍കാന്‍ കഴിയുമായിരുന്നുവെന്നും കാനം പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഭരണകക്ഷി കള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കേണ്ടി വരുമ്പോഴൊക്കെ മാവോയിസ്റ്റ് കോലാഹല മുയര്‍ത്തുകയും അതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടയ്ക്കാന്‍ തയാറാകുകയുമാണ് ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മനുഷ്യാവകാശത്തിന്റെ രാഷ്ട്രീയം ധീരമായി ഉയര്‍ത്തിപ്പിടിച്ച സി.പി.ഐയ്ക്കും അതിന്റെ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രനും അഭിവാദ്യമര്‍പ്പിക്കുന്നു

ഡോ.ആര്‍. ഗോപിനാഥന്‍

No comments:

Post a Comment