Jun 21, 2015

                             ബ്രൈമൂര്‍ എസ്റ്റേറ്റ് അരുവിക്കര മണ്ഡലത്തിലല്ല.
ബ്രൈമൂര്‍ എസ്റ്റേറ്റിലെ പട്ടിണിക്കാരായ തൊഴിലാളികള്‍ വേലയും കൂലിയുമില്ലാതെ ആത്മഹത്യയുടെ വക്കത്താണെന്ന് വാര്‍ത്ത. അരുവിക്കര നിയോജക മണ്ഡലത്തിലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ കേറിയിറങ്ങി ഷാളുകളും വാഗ്ദാനങ്ങളും നല്‍കിയേന. ജൂണ്‍ 27 വരെയെങ്കിലും അവരുടെ ക്ഷേമാന്വേഷണത്തിന് ഇടതുവലതു ഭേദമില്ലാതെ നേതാക്കളും എം.എല്‍.എ മാരും പറന്നിറങ്ങിയേനെ. എങ്കിലും ഇപ്പോഴുമവര്‍ക്ക് ഒരു എം.എല്‍.എയും എം.പി.യുമെല്ലാമുണ്ട്. നാടു നന്നാക്കാന്‍ വേണ്ടി മേളകള്‍ നടത്തി, അതിന്റെ പേരില്‍ തെരഞ്ഞെടുപ്പിന് സഹായം നല്‍കുന്ന കോണ്‍ട്രാക്റ്റര്‍മാര്‍ക്കും കാശുണ്ടാക്കാന്‍ അവസരമുണ്ടാക്കി കൊടുക്കുന്ന മുഖ്യമന്ത്രിയുടെ സമ്പര്‍ക്കങ്ങളിലും ഇവര്‍ഉള്‍പ്പെടില്ല. കാരണം, അവര്‍ക്ക് സരിതയും ശാലുമോനോനും സലിംരാജുമടങ്ങുന്ന ഉമ്മന്‍ ചാണ്ടി ബ്രിഗേഡുകളുടെയോ, ആദര്‍ശം വിറ്റ് കാശാക്കുന്ന സുധീരന്റെയോ സഹായമില്ലല്ലോ. ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ മന്ത്രിമാരും എം.പിയും എം.എല്‍.എയുമൊക്കെ എത്തും ഓരോ റീത്തുമായി. കാത്തിരിക്കുക
ജൂണ് 27 വരെ അരുവിക്കരക്കാരുടെ മുന്നില് വണങ്ങി നില്ക്കുന്ന നേതാക്കളെ 28 കഴിഞ്ഞാല് ആരുമവിടെ പ്രതീക്ഷിക്കരുത്. പിന്നെ ജനങ്ങളുടെ ഊഴമാണ്, നേതാക്കളുടെ ഇരിപ്പിടങ്ങളിലേയ്ക്കുള്ള ദുരിത യാത്രകള്.

Jun 11, 2015

ആഭാസന്മാരുടെ രാഷ്ട്രീയം

        രാഷ്ട്രീയം ആഭാസന്മാരുടെ അവസാന അഭയസ്ഥാനമാണെന്ന് പറഞ്ഞ സായിപ്പ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ കണ്ടിരുന്നില്ല, പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയെയും പിണറായി വിജയനെയുമൊന്നും. എങ്കില്‍ ആഭാസന്മാരെക്കാള്‍ അധഃപതിച്ചവരുമുണ്ടെന്ന് അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞേനെ. ഉദാഹരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാവപ്പെട്ട ആദിവാസികളെ  കബളിപ്പിക്കാന്‍ വേണ്ടി അരുവിക്കര നിയോജക മണ്ഡലത്തിലെ കാണിക്കാരുടെ കോളനിയായ ചാമക്കാലയില്‍ പോയി, ഉച്ചയ്ക്ക് അവരോടൊപ്പം ഭക്ഷണം കഴിക്കുന്ന വാര്‍ത്തയും ദൃശ്യങ്ങളും ചില ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. കാര്‍ത്തികേയന്റെ മകനെ സ്ഥാനാര്‍ഥിയാക്കാന്‍ യു.ഡി.എഫ് പറഞ്ഞ കാരണം കാര്‍ത്തികേയന്‍ മണ്ഡലത്തെ പൊന്നാക്കി മാറ്റിയിരിക്കു ന്നതിനാല്‍ മകനോ,ഭാര്യയോ തല കാണിച്ചാല്‍ മതി ജയിക്കുമെന്നാണ്. ഇത് പറഞ്ഞ് നിയോജക മണ്ഡലത്തിലെ രണ്ടാം നിരക്കാരായ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി. രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ കാപട്യക്കാരനായ  എ.കെ.ആന്റണിയെയും മറ്റുമിറക്കി നോക്കിയിട്ടും പരാജയം മണത്തിട്ടാകണമല്ലോ ഉമ്മന്‍ ചാണ്ടി പല തരം പ്രലോഭനങ്ങളുമായി ആദിവാസികളുടെ നിഷ്ക്കളങ്കതയ്ക്ക് വില പറയാനിറങ്ങിയത്. അദ്ദേഹം അങ്ങനെയൊരു നാടകം അവിടെ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ആരോഗ്യമുണ്ടായിരുന്ന കാലത്ത് ഇവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ചുമന്നു നടന്നിരുന്ന കാണികളുടെ മൂപ്പന്‍ ഇപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയില്‍ തളര്‍ന്ന് കിടക്കുന്നുണ്ട്. ഉച്ചവരെ അവിടെ ഉണ്ടായിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാന്‍ മുഖ്യന് സമയം കിട്ടിയില്ല. വോട്ട് ചെയ്യാന്‍ ആരോഗ്യമവശേഷി ച്ചിട്ടുള്ളവരെ കണ്ട് തന്റെ സ്ഥിരം നമ്പരുകളുമിറക്കി തിരിച്ചു പോയി. ഇതേ മുഖ്യമന്ത്രിയുടെ അനാസ്ഥയുടെ ഫലമായി തൃശൂരില്‍ ആദിവാസികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ഒരു ഹോസ്റ്റല്‍ മാസങ്ങളായി തുറന്നു കൊടുക്കാതെ ഇട്ടിരുന്നത് കഴിഞ്ഞ ദിവസം ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ തുറന്നു കയറേണ്ടി വന്നു. അട്ടപ്പാടിയില്‍ ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം ഒരു വംശ ഹത്യപോലെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതൊന്നും ഉമ്മന്‍ ചാണ്ടിക്ക് പ്രശ്നമില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ അരുവിക്കരയിലെ ആദിവാസികളെ നന്നാക്കുന്ന നാടകമാണ് മുഖ്യമന്ത്രി അഭിനയിക്കുന്നത്. ഇത്തരത്തില്‍ നാണമെന്ന വികാരമില്ലാതെയുള്ള കാപട്യമാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖമുദ്ര.
     അതു പോലെ, കോണ്‍ഗ്രസ് നേതാക്കളും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷും കെ.സി.വേണുഗോപാലുമെല്ലാം കരിക്കു കുടിക്കാന്‍ കയറുന്ന ശാലു മോനോനോട് അരുവിക്കരയിലെത്തി വോട്ടു പിടിച്ചു കൊടുക്കാനുള്ള വേണുഗോപാലിന്റെ അഭ്യര്‍ഥന ടിയാള്‍ തന്നെ വെളിപ്പെടുത്തി. ശാലുവിന്റെ സാന്നിധ്യം കോണ്‍ഗ്രസുകാര്‍ക്ക്  പ്രായഭേദമെന്യേ ഉത്തേജനം നല്‍കുമെന്നത് ഉറപ്പല്ലേ. സരിത ഫീല്‍ഡിലെത്തിക്കാണു മല്ലൊ.അരുവിക്കരയിലെ സാരി വിതരണത്തിന് പിന്നാലേയാണ് ഇത്തരം പ്രകടനങ്ങള്‍. ഇനി പര്യമായി പണം വിതരണം ചെയ്യുന്നത് മാത്രമേ കാണാനുള്ളു. മണ്ഡലത്തെ സ്വര്‍ഗമാക്കിയ മുന്നണിയുടെ പരിതാപമാണിത്
 ഈ പരമ കള്ളന്മാരാണ് നേതാക്കളെങ്കില്‍ കേരളം എങ്ങനെ രക്ഷപ്പെടാനാണ്.?

Jun 3, 2015

അരുവിക്കര ഉപതെരഞ്ഞെടുപ്പ്

                      സത്യം പറഞ്ഞാല്‍...

ഞാന്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണക്കാരനോ,ശത്രുവോ അല്ല. പക്ഷേ, രാഷ്ട്രീയ കാപട്യത്തെ, അതാരു കാണിച്ചാലും അംഗീകരിക്കനുമാകില്ല. അരുവിക്കരയിലും യു.ഡിഎഫും എല്‍.ഡി.എഫും പരസ്പരം അഡ്ജസ്റ്റ്മെന്റ്  തുടങ്ങിക്കഴിഞ്ഞു. ഈ അഡ്ജസ്റ്റ്മെന്റിന് ഒറ്റക്കാരണം ബി.ജെ.പിയെ തോല്‍പ്പിക്കുന്നതു വഴി ഹിന്ദുക്കളെ ഗൂഢമായി അപമാനിക്കാമെന്നതാണ് . കേരളത്തിലെ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ കാതലും ഇതാമെന്ന് കാണുമ്പോള്‍, കേരളത്തിലും ചില ബി.ജെ.പി. എം. എല്‍. എ മാരെങ്കിലുമുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു.  ജാതി- മതാധിഷ്ഠിതങ്ങളായ  ഇരു മുന്നണി രാഷ്ട്രീയം വളരെ ആഭാസകരമായ ഒരവസ്ഥ കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നതിനാല്‍ സര്‍വ അഴിമതിക്കാരുടെയും സ്വര്‍ഗമായി കേരളം മാറിയിരിക്കുന്നു.
   അതിനാല്‍, ഗൂഢരാഷ്ട്രീയം കളിക്കുന്ന ഇരുമുന്നണികളെയും കേരളീയര്‍ ആരുടെയും അടിമകളല്ല എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് അരുവിക്കരയില്‍ രാജഗോപാല്‍ ജയിക്കണം. അത് മോഡിയെ നോക്കിയല്ല. അത്, ഈ പെരുങ്കള്ളന്മാരുടെ കൈകളില്‍ നിന്നും കേരളത്തിന്റെ മോചനഭാവി നോക്കിയുള്ള വോട്ടായിത്തീരും. തീരണം. ഇരുമുന്നണി ധാര്‍ഷ്ട്യം ജനങ്ങളോട് വേണ്ടെന്ന് മുന്നണിപ്പരിഹാസികളെ ഓര്‍മിപ്പി ക്കേണ്ടതുണ്ട്. അരുവിക്കരയിലെ നേരേ ചൊവ്വേ ചിന്തിക്കുന്ന നാട്ടുകാര്‍ അത് ചെയ്യുമെന്ന് പൊതുവേ എല്ലാവരും വിശ്വസിക്കുന്നു.
         കൂടാതെ, അരുവിക്കരയില്‍ നിന്ന് ഈ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജയിക്കാനര്‍ഹതയുള്ള ഒറ്റ സ്ഥാനാര്‍ഥി രാജഗോപാല്‍ മാത്രമാണെന്ന് മനസ്സാക്ഷിയുള്ള ഏത് മുസ്ലിം ലീഗുകാരനും സമ്മതിക്കും.  രാജഗോപാല്‍ തോല്‍ക്കാന്‍ നില്‍ക്കുന്ന സ്ഥാനാര്‍ഥിയാണെന്ന പരിഹാസം, മേല്‍സൂചിപ്പിച്ചതു പോലെ,  വ്യക്തിപരമായ പരിഹാസമല്ലെന്നും, രാജഗോപാലെന്ന വ്യക്തിയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ 'അച്ഛന്‍ മാഹാത്മ്യ'ക്കാരന്റെ മുന്നണിയും, 'പിറന്ന നാട്ടിന്റെ പൊന്നോമനപ്പുത്രന്റെ' മുന്നണിയും  ഒരുപോലെ പേടിക്കുന്നുവെന്നതാണ് ഈ പരിഹാസത്തെ പ്രസക്തമാക്കുന്നത്. അരുവിക്കരക്കാരുടെ വിധി തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയും. അതിന് കൂട്ടു കച്ചവടക്കാരായ ഒരു മുന്നണിത്തമ്പ്രാന്മാരുടെയും ഒത്താശ  വേണ്ട.

Jun 1, 2015

അരുവിക്കരയില്‍ നിന്ന്

അരുവിക്കരയില്‍ കേരള സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക്  ചുക്കാന്‍ പിടിക്കുന്നത് പിണറായി വിജയനായതുകൊണ്ടാകണം. മലബാര്‍ സിമന്റ് ഫാക്റ്ററി അഴിമതി ഒന്നുമല്ലാതെ പോകുന്നതിന്റെ നന്ദി പിണറായി കാണിക്കുമല്ലൊ. അച്യുതാനന്ദനെ മൂലയ്ക്കൊതുക്കിയത് തന്നെ അതിന്റെ പ്രധാന ലക്ഷണം.
                                                    ***
    പക്ഷേ, എന്നെപ്പോലുള്ള വെറും സാധാരണക്കാര്‍ക്ക് ഒരു സംശയം മാത്രം. ജി.കെ. കഴിഞ്ഞ 24 വര്‍ഷങ്ങള്‍ കൊണ്ട് മണ്ഡലത്തെ സ്വര്‍ഗമാക്കിയെന്ന് കോണ്‍ഗ്രസ്സും, യു.ഡി.എഫിന്റെ കരുതല്‍ ജനങ്ങളില്‍ ഏറ്റിറ്റുണ്ടെന്ന് മുഖ്യമന്ത്രിയും ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍, കാര്‍ത്തികേയന്റെ ഭാര്യയേയും മകനെയും പുത്തന്‍ കോണ്‍ഗ്രസ്സുകാരാക്കി മാമോദീസ മുക്കി  അരുവിക്കര നിര്‍ത്തി, അച്ഛനില്ലാത്ത കൊച്ചനാണേ, ഒരോട്ടു തരണേ എന്ന് കരയിപ്പിക്കുന്നതെന്തിന്. പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു കോണ്‍ഗ്രസുകാരനെ പിടിച്ചു നിര്‍ത്തി ധൈര്യ മായി വോട്ടു ചോദിച്ചാല്‍ പോരായിരുന്നോ?
                                                   ***
1 കാര്‍ത്തികേയന്റെ മകന്‍ ശബരി, വലിയൊരു മുതലാളിയുടെ വമ്പന്‍ ശംബളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് അരുവിക്കരയിലെ ജനങ്ങളെ സേവിക്കാനിറങ്ങാന്‍ അച്ഛന്‍ ചത്ത് കട്ടിലൊഴിയുന്നതു വരെ കാത്തിരുന്നതെന്തിന് ? 2 ആ ശംബളത്തിലും കൂടുതല്‍ വരുമാനം രാഷ്ട്രീയത്തൊഴിലില്‍ നിന്ന് വലിയ വിയര്‍പ്പൊന്നുമൊഴുക്കാതെ കിട്ടുമെന്ന് സ്വന്തം കുടുംബത്തിലെ അനുഭവം കൊണ്ട് മനസ്സിലാക്കിയിട്ടല്ലേ, ധൈര്യമായി ജോലി കളഞ്ഞത്. ഇക്കാലത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് തോറ്റാല്‍പ്പോലും സ്ഥാനാര്‍ഥിയുടെ ബാലന്‍സ് ഷീറ്റില്‍ കോടികളുടെ ലാഭക്കണക്കായിരിക്കുമെന്ന് ആര്‍ക്കാണറിയാത്തത്.തോറ്റാലും വേണ്ടില്ല, സ്ഥാനാര്‍ഥിയായല്‍ മതി എന്ന് നേതാക്കള്‍ കരുതുന്നതിന്റെ പൊരുള്‍ ഇതാണ്.
                                                    ***
തന്റെ ഭാര്യയ്ക്ക് റിട്ടയര്‍മെന്റിന് ശേഷവും ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന മട്ട്  ഉന്നതോദ്യോഗം സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ നൂറിലൊന്നെങ്കിലും ആര്യനാട്ടെ പട്ടിണിക്കാരായ ആദിവാസികള്‍ക്കോ, ബോണക്കാട്ടെ ആത്മഹത്യയുടെ വക്കിലെത്തിയ ഏതെങ്കിലും തോട്ടം തൊഴിലാളിക്കോ വേണ്ടി കാര്‍ത്തികേയന്‍ നടത്തിയിട്ടു ണ്ടോ.
                                                   ***
എന്തൊക്കെ പറഞ്ഞാലും ശബരി ഒരു തനി രാഷ്ട്രീയക്കാരനാണെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. തന്റെ അച്ഛന്‍ 24 വര്‍ഷമായി സേവിച്ച മണ്‍ഡലത്തിലെ ആദിവാസിക്കോളനിയില്‍ ജീവിതത്തിലാദ്യമായി (ഒരു പക്ഷേ, അവസാനമായും)എത്തിയ സ്ഥാനാര്‍ഥി വീടും കുടിയും തകര്‍ന്ന് നരക യാതന അനുഭവിക്കുന്ന അവരോട് പറഞ്ഞത് ഇനി എന്നെ ജയിപ്പിച്ചാല്‍ നിങ്ങള്‍ക്ക് വീടു വച്ചു തരാമെന്നാണ്. അയാളുടെ അച്ഛനെ ഇരുപത്തി നാലു വര്‍ഷം കൊണ്ടു നടന്നിട്ട് അവര്‍ക്കിപ്പോഴും കേറിക്കിടക്കാനിടമില്ല.അടുത്തത് മകന്റെ ഊഴമാണ്. ഇതിനാണ് കോണ്‍ഗ്രസുകാര്‍ പൊതുവേ ത്യാഗമെന്നൊക്കെ പറയുന്നത്