May 30, 2015

അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ്

അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴാണ് കോണ്‍ഗ്രസുകാര്‍ക്ക് സ്വബോധം വന്നത്. ഭാഗ്യത്തിന് ജി.കാര്‍ത്തികേയന്റെ മകനുള്ളതു കൊണ്ട് തല്‍ക്കാലം ഒരു സ്ഥാനാര്‍ഥിയായി. ആ പയ്യന്‍ കല്യാണം കഴിച്ചതാണോ. കുഞ്ഞുങ്ങളുണ്ടോ, ഇനി, അഥവാ ആ പയ്യനെങ്ങാന്‍ ജയിച്ചുപോയാല്‍ തുടര്‍ന്ന് നേതൃത്വം കുറ്റിയറ്റുപോകരുതല്ലോ. അതുപോലെ, അടിയന്തിരമായി കെ.പി.സി.സി., ഏ.ഐ.സി.സി. നേതൃത്വം ചെയ്യേണ്ടത് ആ രാഹുല്‍ഗാന്ധിയെക്കൊണ്ട് ഔപചാരികമായി ഏറ്റവും പെട്ടന്ന് കല്യാണം കഴിപ്പിക്കുകയാണ്. നേതാക്കള്‍ക്ക് മക്കളില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അനാഥമാകുകയില്ലേ?സേവപിടിക്കാനും കോഴക്കച്ചവടം കൊഴുപ്പിക്കാനും കുടുംബത്തലവന്മാരാരെങ്കിലുമില്ലെങ്കില്‍ അയ്യോ കഷ്ടം കോണ്‍ഗ്രസേ, എന്ന പഴയ മുദ്രാവാക്യം വിളിച്ചുപോകും, പാവം ,ഒരു യജമാനനെ അന്വേഷിച്ചു നടക്കുന്ന കോണ്‍ഗ്രസുകാര്‍ . എന്തു ചെയ്യാം. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അച്യുതാനന്ദനെ വെട്ടിനിരത്തി ആത്മാര്‍ഥമായി സഹായിച്ചാലും ഈ കോണ്‍ഗ്രസുകാര്‍ നന്നാകുകയില്ലെങ്കില്‍പ്പിന്നെ അവരായി, അവരുടെ പാടായി.,അല്ലേ സഖാക്കളേ.

May 27, 2015

മന്ത്രി കെ.സി.ജോസഫിന്റെ  നേതൃത്വത്തില്‍ പുതിയ ഒരു തട്ടിപ്പുകൂടി

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ‍കേന്ദ്രീകരിച്ചു കൊണ്ട് ഒരു സാഹിത്യചോരണ ശൃംഖല തന്നെ പ്രവര്‍ത്തിച്ചു വരുന്നത് ഇപ്പോള്‍ ഒരു വാര്‍ത്തയല്ലാതായിട്ടുണ്ട്. എം.ആര്‍. തമ്പാന്‍ യു.ഡി.എഫ് നോമിനിയായി അവിടെ ഭരണം തുടങ്ങിയതു മുതല്‍ പ്രസ്തുത സ്ഥാപനത്തെ, തന്റെ സ്തുതിപാഠകരുടെയോ, രാഷ്ട്രീയ സംരക്ഷകരുടെയോ പെരുച്ചാഴിമടയായി മാറ്റിക്കഴിഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കുന്ന  പല എഴുത്തുകാരുടെയും കൈയില്‍ നിന്ന് ഉദ്ഘാടനച്ചടങ്ങുകളുടെ പേരില്‍ പണം വാങ്ങിക്കുന്നതായി അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. അത് നല്‍കാത്തതിന്റെ പേരില്‍ കേ.ഭാ.ഇ. പ്രസിദ്ധീകരിച്ച എന്റെ 'മലയാള ഭാഷ തൊല്‍കാപ്പിയത്തില്‍ 'എന്ന കൃതിക്കെതിരായി തമ്പാന്‍തന്നെ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്.

    ഇവിടെ ഇതെഴുതാന്‍ കാരണം,  തമ്പാന്റെയും മന്ത്രി. കെ.സി. ജോസഫിന്റെയും നേതൃത്വത്തില്‍ മറ്റൊരു തട്ടിപ്പിന് അരങ്ങൊരുങ്ങുന്നതാണ്. മന്ത്രി കെ.സി. ജോസഫിന്റെ സാംസ്കാരിക താല്‍പ്പര്യങ്ങള്‍ എല്ലാവര്‍ക്കു മറിയാം. കൈയിലേ കാശ്, വായിലേ ദോശ എന്നതിനപ്പുറം ഒരു സാംസ്കാരിക ധാരണയും അദ്ദേഹത്തിനുള്ള തായി ശത്രുക്കള്‍ പോലും പറഞ്ഞുകേട്ടിട്ടില്ല. തമ്പാനാകട്ടെ ജീവിച്ചിരിക്കുന്ന ആളുകള്‍ക്ക് പോലും തിലോദകം ചാര്‍ത്തുന്ന തരം ഭാഷാപണ്ഡിതനും. അതായത്, ഒരു സാധാരണ മലയാള പദത്തിന്റെ അര്‍ഥവും പ്രയോഗ രീതികളും സാധ്യതകളും തിരിച്ചറിവില്ലെന്ന് ഇതിനകം തമ്പാന്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ചേര്‍ന്ന് , ചില ആസ്ഥാന കമ്മറ്റിക്കാരെയും കൂട്ടി ശബ്ദതാരാവലി പുനര്‍നിര്‍മ്മിക്കാന്‍ പോകുന്നതായി ഒരു വാര്‍ത്ത വന്നിരുന്നു. അതില്‍ ചില കമ്മിറ്റി അംഗങ്ങള്‍ മലയാള സര്‍വകലാശാല കഴിഞ്ഞ നവംബറില്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സമഗ്ര മലയാള ഭാഷാ നിഘണ്ടുവിന്റെ കമ്മറ്റിയിലും ഉപദേശകാംഗങ്ങളാണ്. ചുരുക്കത്തില്‍, മലയാള സര്‍വകലാശാല 2015 നവംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന നിഘണ്ടു ചോര്‍ത്തിയും മറ്റ് ചില നിഘണ്ടുക്കളില്‍ നിന്ന് കട്ടിങും പേസ്റ്റിങും നടത്തിയും ഒരു വ്യാജ നിഘണ്ടു ഒപ്പിക്കാനുള്ള ഗൂഢശ്രമത്തിനാണ് മന്ത്രി നേതൃത്വം നല്‍കുന്നത്. മല.ഭാഷയുടെ പേരില്‍ ഉള്ള ഒരു സര്‍വകലാശാല ചെയ്തു കൊണ്ടിരിക്കുന്ന മൌലികമായ ഒരു കാര്യം മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിയും ഒരു മന്ത്രിയും കൂടി പൊതു ഖജനാവിലെ പണം മുടക്കി ചെയ്യാന്‍ തുടങ്ങുന്നത് വിദ്യാഭ്യാസ മന്ത്രിയേയും വിദ്യാഭ്യാസ വകുപ്പിനെയും വിശ്വാസമില്ലാഞ്ഞിട്ടോ, അതോ, സര്‍വകലാശാലയുടെ നേട്ടം പിന്‍വാതിലിലൂടെ സ്വന്തമാക്കാനോ എന്നറിയില്ല. ഒരു കാര്യം മാത്രം വ്യക്തം. കേരള സര്‍ക്കാര്‍ ഒരു കൂട്ടം വ്യാജന്മാരുടെ നിയന്ത്രണത്തിലാണെന്ന്.

May 26, 2015


ജീവിച്ചിരിക്കുന്ന കവിയുടെ പ്രതിഭയ്ക്ക്

സ്വയം

ഒരു (സ്)മാരകം പണിയുമ്പോള്‍ 


കേരളത്തില്‍ ധാരാളം ഫൌണ്ടേഷനുകളുണ്ട്. കവികളുടെ പേരുകളിലുമുണ്ട് പലതും. അവയെല്ലാം മരിച്ചവരുടെ  ആരാധകരും സുഹൃത്തുകളും ബന്ധുക്കളുമൊക്കെ ചേര്‍ന്നു വിവിധ ലക്ഷ്യങ്ങളോടെ  സ്ഥാപിക്കുന്നവ യാണ്. ഏറ്റവും കുറഞ്ഞത്, ഇതുവരെയുള്ള അനുഭവം വച്ചുകൊണ്ട് പറഞ്ഞാല്‍, ലക്ഷ്യം നഗരഹൃദയത്തില്‍ അഞ്ചുസെന്റ്  ഭൂമിയും അവിടെ തല്‍പ്പര കക്ഷികള്‍ക്ക് ഒരു കൊമേഴ്സ്യല്‍ കോംപ്ലക്സുമാണ്. അതെന്തുമാകട്ടേ, ഫൌണ്ടേഷന്‍ നിര്‍മാണ ചരിത്രത്തില്‍ ഇതാ തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ തുടക്കം. സാധാരണയായി ഒരു കവിയുടെ പ്രതിഭയുടെ ഫൌണ്ടേഷനെന്ന് പറയുന്നത് അദ്ദേഹത്തിന്റെ കവിതകളാണ്. കവിയുടെ ചരമാനന്തരം അദ്ദേഹത്തിന്റെ രൂപബോധം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനായി പ്രതിമ സ്ഥാപിക്കുകയും  മറ്റ് പല പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. തിരുവനന്തപുരത്തെ ഒരു മഹാകവി ഒരു പുതിയ സമാരംഭം കൂടെ കുറിച്ചു. സ്വന്തം പ്രതിഭയില്‍ തീരെ വിശ്വാസമില്ലാത്തതിനാലാണോ, അതോ, ചുറ്റും കൂടിനില്‍ക്കുന്ന ആരാധകരുടെ ആത്മാര്‍ഥത താന്‍ മരിച്ചുകഴിഞ്ഞാലും ഉണ്ടായിരിക്കുമോ എന്ന സംശയം കൊണ്ടാണോ എന്തോ,താന്‍ ജീവിച്ചിരിക്കേ തന്നെ തന്റെ പ്രതിഭയ്ക്ക് ഒരു സ്മാരകം നിര്‍മ്മിക്കുന്ന തിരക്കിലാണ്. വിവിധ തരം കലാകായിക പരിപാടികളും അതിന്റെ പേരില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓ.എന്‍. വിയുടെ കവിതകളുടെ കാര്യത്തില്‍ ന്യായമായിത്തന്നെ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമാ-നാടക ഗാനങ്ങളുടെ മാധുര്യത്തെപ്പറ്റി ഒരാള്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകാന്‍ വഴിയില്ല. സിനിമാഗാനങ്ങളെയും കവിതയെന്ന് വിളിക്കുന്നതിലാണ് വൈലോപ്പള്ളി ശ്രീധരമോനോന്‍ പോലും പരിഹാസ്യത കണ്ടെത്തിയിട്ടുള്ളത്. ഇത് പൊതുവേ സാഹിത്യ വിമര്‍ശകര്‍ തുറന്നുകാട്ടിയിട്ടുമുണ്ട്. എങ്കിലും സ്വന്തം പ്രതിഭയ്ക്ക് സ്വന്തം കവിതകള്‍ ഒരു അടിത്തറയുമൊരുക്കുന്നില്ല എന്ന കവിയുടെ തിരിച്ചറിവ് പക്ഷേ, അന്ധരായ ആരാധകര്‍ക്കില്ലല്ലോ.

May 22, 2015


 ജനാധിപത്യം സംരക്ഷിക്കുന്ന നേതാക്കളുടെ ഗുണപാഠങ്ങള്‍

സല്‍മാന്‍ ഖാന് മാനിനെയും മനുഷ്യരെയും കൊല്ലാം. അയാളെ കോടതി ശിക്ഷിച്ചാലും ജനാധിപത്യത്തിന്റെ സംരക്ഷകന്മാരായ ഭരണാധികാരികള്‍  ജയിലിലാക്കാതെ സംരക്ഷിക്കും. കാരണം, കോടീശ്വരന്മാര്‍ക്ക് നിയമം ബാധകമല്ല. അവരാണ് എല്ലാ നേതാക്കള്‍ക്കും സമായാസമയം തീറ്റിയിട്ടു കൊടുക്കുന്നത് .എന്നാല്‍ മാവോയിസ്റ്റിനെ ഹൈക്കോടതി നീതീകരിച്ചാലുംശരി, ജനാധിപത്യക്കച്ചവടക്കാര്‍ കൊല്ലുകതന്നെ ചെയ്യും.
വയനാട്ടിലെ യൂത്കോണ്‍ഗ്രസുകാരനും പാര്‍ട്ടിക്കാര്‍ക്കുമൊക്കെ എഞ്ചിനീയറെയും തല്ലാം പോലീസ് സൂപ്രണ്ടിനെയും തല്ലാം. അവരെ പോലീസ് തൊടുകയില്ല. ജനാധിപത്യം വറ്റിപ്പോകും. അവര്‍ മാവോയിസ്റ്റുകളല്ലല്ലോ. പക്ഷേ, മാവോയ്സ്റ്റുകള്‍ക്ക് വെള്ളം കൊടുത്താല്‍ രമേശന്റെ പൊലീസ് പാതിരായ്ക്ക് വീട്ടില്‍ക്കയറി സ്ത്രീകളെ പോലും അപമാനിക്കും. അതാണ് കേരളാ മോഡല്‍ ജനാധിപത്യം.

ശശി തകരാര്‍ എം.പിക്ക് കൊലപാതകവും ..വാണിഭവും മാത്രമല്ല, ഗുണ്ടായിസവും വശമുണ്ടെന്ന് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസ്സിലായില്ലേ. അതാണ് കോണ്‍ഗ്രസ് ജനാധിപത്യം.

ജനാധിപത്യത്തിന്റെ മറ്റൊരു കാവല്‍ക്കാരന്‍ മുസ്ലീം ലീഗ് മന്ത്രി മുനീറാണ്. വടകരക്കാരന്‍ ഒരു മുതലാളിയുടെ കാറില്‍ സര്‍ക്കാര്‍ കൊടിയും പിടിപ്പിച്ച് കാമപ്രാന്തെടുത്തവനെ പോലെ ഇബ്രാഹിം കുഞ്ഞ് ഭരിക്കുന്ന റൊഡിലൂടെ പറന്നുപോയി, ടിയാന്‍ സ്കൂട്ടറില്‍ യാത്ര ചെയ്ത ഒരധ്യാപകനെ ഇടിച്ചു കൊന്നു. എന്നിട്ട് ചത്തവനാണ് കുറ്റവാളിയെന്ന് ഒരു പ്രസ്താവനയുമിറക്കി. മന്ത്രിയുടെ വിവരത്തെയും സദുദ്ദേശ്യത്തെയും കുറിച്ചൊന്നും മിണ്ടിപ്പോകരുത്. നിയമം ന്യൂനപക്ഷ മന്ത്രിക്ക് ബാധകമാണോ എന്ന് ജനാധിപത്യ പുത്തകമെടുത്ത് പഠിക്കുകയാണ് ഊമ്മന്‍ ചാണ്ടിയും രമേശ് ജന്മിത്തലയും. മുനീറും മാവോയിസ്റ്റല്ല്ലല്ലോ
പാവപ്പെട്ട ഒരു സുരക്ഷാ ജീവനക്കാരനെ കൊല്ലും വരെ കാറിടിപ്പിച്ച കൊലപാതകിയായ മുതലാളിയുടെ പിന്നില്‍ പൊലീസും ഡി.ജി.പി. പോലും വാലും ചുരുട്ടി നടക്കുന്നത് അയാള്‍ മാവോയിസ്റ്റല്ലാത്തതു കൊണ്ടാണ്. മാവോയിസ്റ്റായിരുന്നെങ്കില്‍ കാണാമായിരുന്നു പൊലീസിന്റെ ഒരു വീര്യം. കണ്ടില്ലേ,മാവോയിസ്റ്റാണെങ്കില്‍ പത്തുപൊലീസുകാരുടെ കൈപ്പൂട്ട്. 'അത്താണ് 'ജനാധിപത്യം.
എളമരം കരീം എന്ന മാര്‍ക്സിസ്റ്റ് നേതാവ് ചാക്ക്  രാധാകൃഷ്ണനെ അദ്ദേഹമെന്നും ബഹുമാന്യനായ വ്യവസായി എന്നുമൊക്കെയേ വിളിക്കൂ. വി.എസ്. അച്യുതാനന്ദനെ യാണെങ്കില്‍ തനി  മാര്‍ക്സിസ്റ്റ് ശൈലിയില്‍ കൈകാര്യം ചെയ്യാമായിരുന്നു. പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ചാക്കില്ലെങ്കില്‍ പാര്‍ട്ടി പത്രം നിന്നുപോകുമെന്ന് വെടിയുണ്ട ജയരാജന്‍ മുഖലേഖനമെഴുതിയിരുന്നത് ഓര്‍മ്മയില്ലേ?

രിങ്കാലി കരുണാകരന്റെ കിങ്ങിണിക്കുട്ടന്‍ ഇപ്പോള്‍ വെറും കിങ്ങിണിക്കുട്ടനല്ല. പത്തുപുത്തനുണ്ടാക്കിയ കുട്ടപ്പനാണ്. ഈ മാവോയിസ്റ്റുകളെങ്ങാനുമതറിഞ്ഞാല്‍..അതിനാല്‍ അവരെക്കൊല്ലണം. തന്തേക്കാളും മൂപ്പുള്ള മോന്‍തന്നെ.

രാഷ്ട്രീയ വേശ്യകളുടെ പടപ്പുറപ്പാടുകള്‍ കാണാനുള്ള വിധിയും കേരളീയര്‍ക്കുണ്ട്. ഒരു സ്ഥാനത്തിനു വേണ്ടി നമ്മുടെ ആദര്‍ശവാദികള്‍ എത്രവേണമോ അധഃപതിക്കുമെന്നതിന് തെളിവായി സുധീകരനും സതീശനും മറ്റും മുന്നിലുണ്ട്. അത്രയും ആദര്‍ശമേ ഒരു കോണ്‍ഗ്രസുകാരന് പറഞ്ഞിട്ടുള്ളുവെന്ന് നമുക്കറിയാം. ഒരു വര്‍ഷം മുമ്പു വരെ ഉമ്മന്‍ ചാണ്ടിയും മാണിയും മറ്റും, അലക്കിത്തേച്ച ഭാഷയില്‍ സംസാരിക്കുന്ന പ്രേമചന്ദ്രനും സോഷ്യലിസത്തിന്റെ വഴിവാണിഭക്കാരനായ വീരേന്ദ്ര കുമാറിനും അഴിമതിയുടെ പര്യായങ്ങളായിരുന്നു. പിണറായി വിജയന്റെ കണ്ണൂര്‍ മോഡല്‍ വിപ്ലവത്തില്‍ കളത്തിന് പുറത്തായപ്പോള്‍ മുതല്‍ ഊമ്മന്‍ ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും ഇവര്‍ക്ക് ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ ആദര്‍ശവാദികളായി. മഹാത്മാഗാന്ധിക്ക് ഉമ്മന്‍ ചാണ്ടി ട്യൂഷനെടുക്കണമെന്നാണ് ഇപ്പോള്‍ പ്രേമചന്ദ്ര ന്റ പ്രസംഗം. എത്രനാളാണോ ഈ കാസറ്റ്. ഇനി, സി.പി.എം. വല്ലതുമെറിഞ്ഞു കൊടുത്താല്‍ അന്നു മുതല്‍ ഹിസ് മാസ്റ്റേഴ്സ് വോയ്സില്‍ യു.ഡി.എഫ് വിരുദ്ധ അച്ചടിഭാഷ കേള്‍ക്കാം. ദീപസ്തംഭം മഹാശ്ചര്യം, നവായ്ക്കുളത്തും ഒരു കുളമുണ്ടല്ലോ. പ്രേമചന്ദ്രന്‍ കുളിച്ചാല്‍ ആ കുളം നാറും.

ഇങ്ങനെ നമ്മുടെ ജനാധിപത്യത്തിന് മുതലാളിമാരോടും ക്രിമിനലുകളോടും വലിയ സ്നേഹമാണ്. അവരുടെ കാവല്‍ നായ്ക്കളാണ് നേതാക്കലളെന്ന പേരില്‍ വിലസുന്നത്

May 20, 2015

സി.പി.ഐ സന്ദര്‍ഭത്തിനൊത്തുയരുന്നു


കാനം രാജേന്ദ്രന്റെ രാഷ്ട്രീയ ഇടപെടല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തബോധം
പ്രകടിപ്പിക്കുന്നുണ്ട്

ഈ അഭിനന്ദനം കാനം രാജേന്ദ്രനെന്ന വ്യക്തിക്കല്ല.അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഒരു സുവ്യക്ത നിലപാടിനുള്ള സാമാന്യ ജനതയുടെ അംഗീകാരമാണ് . കോടതി പോലും സാമൂഹിക /രാഷ്ട്രീയ പ്രവര്‍ത്തകനെന്ന് നിരീക്ഷിച്ചിട്ടുള്ള രൂപേഷ് എന്ന ഒരു കമ്മ്യൂണിസ്റ്റുകാരനെ മാത്രമല്ല, അയാളുടെ കുടുംബത്തെ യും പരിചയക്കാരെയും, ഒരു പക്ഷേ, ദാഹജലം കൊടുത്തവരെ പോലും പോലീസ് എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ച് പിടിച്ച് ജയിലലടയ്ക്കുകയോ, പറ്റുമെങ്കില്‍ സംഘട്ടന നാടകം സൃഷ്ടിച്ച് വെടിവച്ചു കൊല്ലുകയോ ചെയ്യുന്ന തിനുള്ള അധികാരം ഭരണകൂട ഭീകരതയ്ക്കുണ്ടെന്ന ഒരു തോന്നലാണ് അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കേരള സര്‍ക്കാരിന്. പോലീസ് , അവരുടെ കുപ്രസിദ്ധമായ ഹിംസാത്മക പ്രകൃതം രൂപേഷ് എന്ന രാഷ്ട്രീയ പ്രവര്‍ത്ത കന്റെ തരുണ പ്രായമെത്തി നില്‍ക്കുന്ന പെണ്‍കുട്ടികളോടും കാണിക്കുമെന്ന് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയത്തെ കച്ചവടമാക്കിയിരിക്കുന്ന യുഡിഎഫ്-എല്‍.ഡി.എഫ് നേതൃത്വവും നിക്ഷിപ്ത താല്‍പ്പര്യക്കാരും അതിനെയും മൌനം കൊണ്ട് അംഗീകരിച്ച് പ്രോത്സാഹിപ്പിച്ചപ്പോഴാണ് ,സി.പി.ഐ. സന്ദര്‍ഭത്തിനൊത്തു യര്‍ന്ന്, രൂപേഷിനെ ഒരു രാഷ്ട്രീയത്തടവുകാരനായി കാണണമെന്നും, അയാളുടെ മക്കളെ ഉപദ്രവിച്ചാല്‍ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും പ്രഖ്യാപിച്ചത്. മാവോയിസം ഒരു  വിശ്വാസമാണെന്ന കോടതിയുടെ നിരീക്ഷണത്തെയും കാനം ഓര്‍മിപ്പിച്ചു. എന്നല്ല, മാവോയിസ്റ്റുകളെ നേരിടാനെന്ന് പറഞ്ഞ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനുപയോഗിച്ച പണം വിനിയോഗിച്ചിരുന്നെങ്കില്‍ പാവപ്പെട്ട ആദിവാസികള്‍ക്ക് കേറിക്കിടക്കാന്‍ ഓരോ തുണ്ടു ഭൂമി നല്‍കാന്‍ കഴിയുമായിരുന്നുവെന്നും കാനം പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഭരണകക്ഷി കള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കേണ്ടി വരുമ്പോഴൊക്കെ മാവോയിസ്റ്റ് കോലാഹല മുയര്‍ത്തുകയും അതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടയ്ക്കാന്‍ തയാറാകുകയുമാണ് ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മനുഷ്യാവകാശത്തിന്റെ രാഷ്ട്രീയം ധീരമായി ഉയര്‍ത്തിപ്പിടിച്ച സി.പി.ഐയ്ക്കും അതിന്റെ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രനും അഭിവാദ്യമര്‍പ്പിക്കുന്നു

ഡോ.ആര്‍. ഗോപിനാഥന്‍

May 17, 2015

ശബ്ദതാരാവലി


മലയാള ഭാഷാ പദവിജ്ഞാന കോശവും ശബ്ദതാരാവലിയും

അക്ഷരമാല
മലയാള ഭാഷയിലെ അക്ഷരമാലയില്‍ വടക്കുംകൂര്‍ 51 അക്ഷരം സ്വീകരിക്കുന്നു. ഒരു ഉള്ളാടപ്പാട്ടിലും 'തമ്പുരാനമ്പത്തൊന്നക്ഷരം തന്നേ' എന്ന് കാണുന്നു. (ഇടുക്കിയിലെ ആദിവാസിപ്പാട്ടുകള്‍) അ കാരം മുതല്‍ ന കാരം വരെ 30 അക്ഷരവും, രണ്ട് കുറിയ ഉ് , ഇ് കാരങ്ങളും തമിഴില്‍ ആയ്താക്ഷരവും (മലയാളത്തില്‍ ഘോഷികള്‍) അടങ്ങുന്ന 3 ചാര്‍പ്പെഴുത്തുകള്‍, അഥവാ ആശ്രിത ചിഹ്നങ്ങളും ചേര്‍ന്ന് ആകെ 33 അക്ഷരങ്ങള്‍. അതില്‍ അ ഇ ഉ എ ഒ 5 ഹ്രസ്വം. അവയുടെ ദീര്‍ഘങ്ങളും. (തൊല്‍.) മലയാളത്തിലെ ഘോഷികള്‍ സൃഷ്ടിക്കാന്‍ തമിഴിലെ ആയ്തത്തിന് കഴിയും.
അത് സംസ്‌കൃതത്തിലെ ഉപസര്‍ഗത്തിന്റെ സ്ഥാനം വഹിക്കുന്നു. ഉദാ- ആയ്തം+> ച്ഛ/, +> /, +> /. ഇത് സംസ്‌കൃതത്തിലെ ആശ്രിതം എന്ന വിഭാഗമാണ്. ഇ കാരത്തിനും ഉ കാരത്തിനും പഴന്തമിഴില്‍ മൂന്ന് ഉച്ചാരണം വീതമുണ്ട്. (തൊല്‍) അര മാത്രയില്‍ താഴെ അളവുള്ളത്,(ഇ്,ഉ്) വിവൃതമായി ഉച്ചരിക്കുന്നത്, (,ദീര്‍ഘോച്ചാരണമുള്ളത്.(ഇഇ, ഉഉ) ഇതൊക്കെ മലയാളത്തിലും ഉച്ചാരണത്തില്‍  ഇപ്രകാരമാണെങ്കിലും തമിഴില്‍ രണ്ടിലധികം മാത്രയളവ് മേല്‍ക്കാണിച്ചതു പോലെ (എഴുഉതല്‍) എഴുതാറുണ്ടെങ്കിലും മലയാളത്തിലങ്ങനെ ചെയ്യാന്‍ പാടില്ല. ഉച്ചാരണത്തില്‍ മാത്രം കാണിക്കുക.'ഗുരുവാക്കാമിച്ഛപോലെ പാടി നീട്ടി ലഘുക്കളെ' (വൃ.മഞ്ജരി) എന്നാണ് പ്രമാണം. 12 സ്വരങ്ങളും പതിനെട്ടു വ്യഞ്ജനങ്ങളും മൂന്ന് ചാര്‍പ്പെഴുത്തുകളും., ആ യും വായ തുറക്കുന്നതു മൂലവും ഇ, , , , ഐ എന്നിവ വായ തുറക്കുന്നതിനോടൊപ്പം അടിനാക്കിന്റെ (നാവിന്റെ മൂലം) ഇരുവശങ്ങള്‍ മേല്‍വരിയിലെ പല്ലിന് സമീപം തൊടുന്നതു മൂലമുണ്ടാകുന്നു., ,, , ഔ എന്നീ അഞ്ചു സ്വരങ്ങള്‍ ചുണ്ടുകൂര്‍പ്പിച്ചുച്ചരിക്കുന്നു. വ്യഞ്ജനങ്ങളുടെ ഉച്ചാരണത്തിലും വൈദിക സമ്പ്രദായത്തെയാണ് പിന്തുടരുന്നത്. സംസ്‌കൃതാക്ഷരമാലയിലില്ലാത്ത റ യും ന യും ഏറ്റവുമൊടുവിലായിട്ടാണ് ചേര്‍ത്തിരിക്കു ന്നത്. സാഹിത്യത്തമിഴില്‍ (ആധുനികം) മുപ്പത്തിയാറക്ഷരങ്ങളുണ്ടെങ്കില്‍ വായ്‌മൊഴി ത്തമിഴില്‍ മുപ്പത് അക്ഷരങ്ങളാണുള്ളത്. (ആന്‍ഡ്രനോവ്). , (ല്) എന്നിവ അപൂര്‍വ മായെങ്കിലും മലയാള ഭാഷയിലുണ്ടെങ്കിലും അവയുടെ ദീര്‍ഘം തീര്‍ത്തും നിഷ്പ്രയോജനമാണ് സജീവ ഭാഷയ്ക്ക്. അതിനാലവ പൂര്‍ണമായുമൊഴിവാക്കുന്നു. ഉയിര്‍മെയ്/സ്വരവ്യഞ്ജനം
അം (am) കേവല സ്വരമോ, വ്യഞ്ജനമോ അല്ല. അതൊരു പ്രത്യയമാണ്. യഥാര്‍ത്ഥ ത്തില്‍ അതൊരു പ്രത്യേക ഗണത്തില്‍പ്പെടുന്നു. തൊല്‍കാപ്പിയം ഇതിനെ ഉയിര്‍മെയ് (സ്വരവ്യഞ്ജനം)എന്ന് വിളിക്കുന്നു. മലയാളത്തിലെ സ്വര-വ്യഞ്ജനങ്ങളുടെ പ്രയോഗത്തിന നുസൃതമായി അം ല്‍ തുടങ്ങുന്ന നിരവധി വാക്കുകളുണ്ട്. അന്‍ എന്നൊരു രൂപഭേദവു മതിനുണ്ട്. മിക്ക നിഘണ്ടുക്കളും അംശം എന്ന വാക്കില്‍ തുടങ്ങുന്നു. ഗുണ്ടര്‍ട്ടുള്‍പ്പെടെ ചിലര്‍ അം പ്രത്യേക പ്രത്യയമായി സ്വീകരിച്ച് അര്‍ഥം നല്‍കി. അതാണ് ശരിയും. 'അം എന്ന് മിണ്ടിപ്പോകരുത്' എന്ന താക്കീതില്‍ അം മൗനത്തെ ഭേദിക്കുന്ന ഏറ്റവും ചെറിയ ശബ്ദ ഘടകമെന്ന അര്‍ഥമാണ് സൂചിപ്പിക്കുന്നത്. ചിലേടത്ത് ഇത് കമാ എന്നാകുന്നു. അക്ഷര മാലയില്‍ ഇതിന്റെ സ്ഥാനം ഔ കഴിഞ്ഞ് കൊടുക്കുന്നു. കാരണം ഇതിന് വ്യഞ്ജന സമ്പര്‍ക്കമുള്ളതാണ്. അന്‍ ന് അം ന്റെ തുല്യ പദമെന്ന സ്ഥാനവും പുരുഷഭേദ സൂചക മെന്ന ഒരു സ്വതന്ത്ര സ്ഥാനവുമുണ്ട്. രണ്ട് സ്ഥാനത്തും അതിന് പ്രത്യേക പ്രയോഗ സന്ദര്‍ഭങ്ങളും അര്‍ഥ ഭേദകത്വവുമുണ്ട്. അതിനാല്‍ ഇവയെ രണ്ട് രൂപങ്ങളും അര്‍ഥ വ്യത്യാസങ്ങളുമുള്ള സ്വതന്ത്ര പദങ്ങളായി കണക്കാക്കുകയാണ് ഉചിതം. (അം, അന്‍ എന്നീ വര്‍ണങ്ങള്‍ നോക്കുക.)
ലിപി പരിണാമം തെക്കന്‍ ദ്രാവിഡവും പ്രാകൃത (വടക്കന്‍ ദ്രാവിഡം)വും ഒരു പൂര്‍വ ഭാഷ യില്‍ നിന്ന് വികസിച്ചു വന്നതാണ്. അവയുടെ ലിപികളും ഏകദേശം ഒരു പോലെയാണ്. വ്യാകരണപരമായും അവ തമ്മില്‍ സാദൃശ്യമുണ്ട്. അവ സംസ്‌കൃതത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇടക്കല്‍ ഗുഹയില്‍ കാണുന്നത് വട്ടെഴുത്തിന്റെയും ബ്രാഹ്മിയുടെയും കലര്‍പ്പുള്ള ഒരു ലിപിയാണ്. ക്രി.പി. ഒന്നാം നൂറ്റാണ്ടു മുതല്‍ ബ്രാഹ്മി ലിപിക്ക് രൂപ ഭേദം വന്ന് ക്രമേണ അത് വട്ടെഴുത്തിലേയ്ക്കും തമിഴിലേയ്ക്കും നീങ്ങാന്‍ തുടങ്ങി. ക്രി.പി.മൂന്നാം നൂറ്റാണ്ടിന് ശേഷം അത് ഗ്രന്ഥം, വട്ടെഴുത്ത്, തമിഴ് എന്ന് മൂന്നായി തിരിഞ്ഞു. ആറാം നൂറ്റാണ്ടില്‍ പല്ലവ കാലത്താണ് ഗ്രന്ഥ ലിപി വികാസം പ്രാപിച്ചത്. കാഞ്ചീപുരത്തെ ആദിപല്ലവന്മാര്‍ ബ്രാഹ്മി ഉപയോഗിക്കുന്നു. അതിനു ദേവനാഗരി അക്ഷരങ്ങള്‍ കൂടിയുണ്ട്. ഈ പല്ലവ ഗ്രന്ഥലിപിയില്‍ നിന്നാണ് ആര്യ എഴുത്തെന്ന പേരില്‍ മലയാള ഭാഷയുടെ അക്ഷരമാല വളര്‍ന്നുവന്നിട്ടുള്ളത്. തമിഴ് ലിപിയും വട്ടെഴുത്തും കോലെഴുത്തും മലയാണ്മയും ഒരേ കുടുംബത്തില്‍പ്പെട്ട അക്ഷരമാലയില്‍ നിന്നു വികസിച്ചു വന്നിട്ടുള്ളവയാണ്. ഇവ യ്‌ക്കൊന്നും വര്‍ഗാക്ഷരങ്ങളില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ലിപി ബ്രാഹ്മി യാണ്. തെക്കേ ഇന്ത്യയിലെ അശോക ശാസനങ്ങളുടെ ഭാഷ പാലി (പ്രാകൃതം)യും ലിപി ബ്രാഹ്മിയുമാണ്. മധുര-തിരുനെല്‍വേലി പ്രദേശങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള ശാസനങ്ങളിലെ ലിപിയും ബ്രാഹ്മിയാണ്; ഭാഷ തമിഴും. ഈ ലിപി വടക്കേ ഇന്ത്യന്‍ ബ്രാഹ്മിയില്‍ നിന്ന് വ്യത്യസ്തമായതുകൊണ്ട് തെക്കന്‍ ബ്രാഹ്മിയെന്നും വിളിക്കുന്നു.ക്രിസ്ത്വബ്ദം ഒന്നാം ശതകം വരെയുള്ള പഴന്തമിഴ് ഭാഷാ ലിഖിതങ്ങളെല്ലാം തെക്കന്‍ ബ്രാഹ്മിയിലാണ്. അതിനുശേഷം ലിപിയുടെ രൂപത്തിനു മാറ്റം വന്നുതുടങ്ങുകയുംവികൃതമായ ബ്രാഹ്മി ക്രമേണ അധികമാകു കയും ഒടുവില്‍ ഗ്രന്ഥം, വട്ടെഴുത്ത്, തമിഴ് എന്നീ ലിപികളായി മാറുകയും ചെയ്തു. വട്ടെഴുത്തി ന് ചേര-പാണ്ട്യ എഴുത്തെന്നും തെക്കന്‍ മലയാളമെന്നും നാനം മോനമെന്നും പേരുകളു ണ്ടായിരുന്നു. വട്ടെഴുത്തില്‍ വര്‍ഗ മധ്യാക്ഷരങ്ങളായ അതിഖര, മൃദു,ഘോഷങ്ങള്‍ക്കും ഊഷ്മാക്കള്‍ക്കും ഹകാരത്തിനും ചിഹ്നമില്ലായിരുന്നു. അതിനാല്‍ ഭാഷയില്‍ നിരവധി തദ്ഭവങ്ങളുണ്ടായി. വട്ടെഴുത്തിന്റെ രൂപഭേദമായ കോലെഴുത്തിന് പ്രത്യേക ലിപിയൊന്നു മില്ല. എഴുത്താണിയുടെ പ്രത്യേകതയനുസരിച്ച് ഓരോ വടിവ് രൂപപ്പെട്ടതാണ്. അതിനെ വടക്കന്‍ കേരളത്തില്‍, മലയാളം-തമിഴെന്നും, തെക്ക് ,മലയായ്മ/മലയാണ്‍മ എന്നും വിളിച്ചുവന്നു. ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഗ്രന്ഥ ലിപി സംസ്‌കൃത ഗ്രന്ഥങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. സംസ്‌കൃത ശബ്ദങ്ങള്‍ കൃത്യമായി എഴുതാനുള്ള 51 അക്ഷരങ്ങളും അതിന് ചില രൂപ ഭേദങ്ങളുമുണ്ടായിരുന്നു. .ഡി. ഏഴാം നൂറ്റാണ്ടു വരെയുള്ളതാണ് ഗ്രന്ഥ ലിപിയുടെ ആദ്യരൂപം. കാഞ്ചിയിലെയും കാഞ്ചീവരത്തെയും പല്ലവ ലിഖിതങ്ങള്‍ ഈ രൂപത്തിലുള്ളവയാണ്. മുന്‍ കന്നഡ-തെലുഗു ലിപിയുമായി സാദൃശ്യമുള്ളതാണ് ആ രൂപം. തമിഴെഴുതാന്‍ ഗ്രന്ഥത്തമിഴ് എന്ന രൂപം ഏര്‍പ്പെടുത്തി യത് പല്ലവന്മാരാണ്. എന്നാല്‍, കേരളത്തിലും തെക്കന്‍ തമിഴകത്തും വട്ടെഴുത്ത് തന്നെയായിരുന്നു പ്രധാനമായി നിലനിന്നിരുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോഴാണ് തമിഴ് നാട്ടില്‍ ദേവനാഗരി പ്രചാരത്തില്‍ കൊണ്ടു വന്നത്. സംസ്‌കൃതത്തിന്റെ പ്രചാരം മൂലമാണ് ഗ്രന്ഥ ലിപി തമിഴകമെങ്ങും വ്യാപിച്ചത്. ഗ്രന്ഥ ലിപിയില്‍ ചില മാറ്റങ്ങള്‍ വരുത്തി സൃഷ്ടിച്ചതാണ് തുളു-മലയാളം. ഈ രൂപം എട്ടാം നൂറ്റാണ്ടു മുതല്‍ നിലനിന്നു. കേരളത്തിലെ പ്രധാനപ്പെട്ട ശിലാരേഖകളും ചെപ്പേടുകളു മെല്ലാം വട്ടെഴുത്തിലുമാണ്. സംസ്‌കൃത ശബ്ദങ്ങള്‍ ഗ്രന്ഥാക്ഷരത്തിലും ബാക്കിയെല്ലാം വട്ടെഴുത്തിലുമാണ് എഴുതിയിരുന്നത്.
ഇന്നത്തെ മലയാള ലിപി മിക്കവാറും ഗ്രന്ഥാക്ഷരങ്ങളില്‍ നിന്ന് രൂപം കൊണ്ടതാണ്. , , ഋ എന്നീ സ്വരാക്ഷരങ്ങളും ഖ, , , , , ബ എന്നീ വ്യഞ്ജനാക്ഷരങ്ങളും മലയാള ലിപിയിലും ഗ്രന്ഥത്തിലും ഒന്നുതന്നെയാണ്. , , , വ എന്നിവയില്‍ ഗ്രന്ഥാക്ഷര ങ്ങളില്‍ തുടക്കത്തില്‍ കാണുന്ന ചുറ്റിക്കെട്ട് മലയാളത്തില്‍ ഉപേക്ഷിച്ചു., , , ള ഇവ യുടെ ലിപികള്‍ തമ്മില്‍ അല്‍പ്പ വ്യത്യാസമേയുള്ളു., , , , , ണ ഇവയ്ക്കും രണ്ടു ലിപികളിലും പറയത്തക്ക വ്യത്യാസമില്ല. ദീര്‍ഘം, വള്ളി, പുള്ളി, അനുസ്വാരം, വിസര്‍ഗമെ ന്നിവയും ഒന്നുതന്നെ. ഗ്രന്ഥത്തിലില്ലാത്ത റ, ഴ എന്നീചിഹ്നങ്ങള്‍ വട്ടെഴുത്തിലുള്ളതാണ്. ഇത്തരത്തില്‍ ഗ്രന്ഥാക്ഷരവും മലയാള ലിപിയും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. ഇതുപോലെ തന്നെയാണ് തമിഴും ഗ്രന്ഥവും തമ്മിലുള്ള ബന്ധവും. എന്നാല്‍ ഗ്രന്ഥത്തില്‍ 51 അക്ഷരങ്ങളുള്ളപ്പോള്‍ തമിഴില്‍ 9 ഉയിരെഴുത്തുകളും (സ്വരം)18 മെയ്യെഴുത്തുകളു (വ്യഞ്ജനം) മാണുണ്ടായിരുന്നത്.
പ്രാചീന തമിഴും പ്രാചീന മലയാളവും എ.ഡി. എട്ടാം നൂറ്റാണ്ടു വരെ പിന്തുടര്‍ന്നത് ഗ്രന്ഥാക്ഷരവും പിന്നീട് വട്ടെഴുത്തുമായിരുന്നു. ക്രമേണ തമിഴ് ആയ്ത ചിഹ്നം സ്വീകരിച്ച പ്പോള്‍, മലയാള ഭാഷ വിസര്‍ഗമുള്‍പ്പെടെയുള്ള സംസ്‌കൃത വര്‍ണമാല കൂടി സ്വീകരിച്ചു. ഇന്നത്തെ മലയാള ലിപി ആര്യയെഴുത്തിന്റെ പിന്തുടര്‍ച്ചയാണ്. എഴുത്തച്ഛനാണ് ആര്യ എഴുത്ത് ഇന്നത്തെ രൂപത്തില്‍ മാനകീകരിച്ചത്.
ഗുണ്ടര്‍ട്ട് അം, അഃ എന്നിവയെ സ്വരങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്. അഃ യെ തമിഴിലെ ആയ്തമായി കാണിച്ചിട്ടുമുണ്ട്. . താ. പ്രത്യേകം നല്‍കുന്നില്ല. ശബ്ദസാഗരം സ്വരങ്ങളുടെ കൂട്ടത്തില്‍ നല്കുന്നില്ലെങ്കിലും ലിപിയുടെ കൂട്ടത്തില്‍ നല്‍കുന്നു. അത് തികഞ്ഞ ആശയ ക്കുഴപ്പമാണ്. .ജെ.ഫ്രഹണ്‍മെയര്‍ A Progressive Grammar of the Malayalam Language ‍(1889) എന്ന കൃതിയില്‍ അ ആ ഇ ഈ ഉ ഊ എ ഏ ഒ ഓ ഐ ഔ ഋ ഋാ ന(ല്)അം അഃ എന്ന് 18 സ്വരങ്ങളാണ് നല്‍കിയിരിക്കുന്നത്. , ല്() അപൂര്‍വമായ പദങ്ങളിലെങ്കിലും വേണ്ടതിനാല്‍ തത്വത്തില്‍ അംഗീകരിക്കുക. അവയുടെ ദീര്‍ഘം വേണ്ട. അം -ആം, അന്‍- ആന്‍ എന്നിവയെ സ്വര വ്യഞ്ജനങ്ങളെന്ന നിലയില്‍ പ്രത്യേകം നല്‍കുന്നു. അവ ചേര്‍ന്ന പദങ്ങള്‍ക്ക് പദാദിയിലും പദ മധ്യത്തും പദാന്തത്തിലും പ്രയോഗങ്ങളുള്ളതിനാലും, സ്വതന്ത്ര പ്രയോഗമില്ലാത്തതിനാലും അവയിലേറെയും മറ്റക്ഷരങ്ങളില്‍ തുടങ്ങുന്ന പദങ്ങളുടെ പട്ടികയിലുമുണ്ട്. അതിനാല്‍ അതിലെ ഉദാഹരണ മാതൃകകള്‍ മാത്രം പ്രത്യേകമായി നല്‍കുന്നു. അവസാനത്തെ അ കണ്ഠ്യത്തെയാണുദ്ദേശിക്കുന്നത്. അത് അ യുടെ വ്യത്യസ്ത പ്രയോഗങ്ങളിലൊന്നായി നല്‍കുകയാണ്. കാരണം, ഉച്ചാരണ ഭേദം എഴുത്തില്‍ രേഖപ്പെടുത്താനാകാത്തതിനാല്‍ അത് ആശയകുഴപ്പത്തിനിടയാക്കുന്നു.
ചിഹ്നനം. അരയുകാരം. (ഉ്) ഡി സി ബുക്‌സ്, ശബ്ദ സാഗരത്തില്‍ അര ഉ കാരമെഴുതാന്‍ തികച്ചും തെറ്റും ആധുനിക സങ്കേതത്തിന് ഒട്ടും യോജിക്കാത്തതുമായ ഒരു ചിഹ്നന സമ്പ്രദായം സ്വീകരിച്ചിരിക്കുന്നു. വങ്ക് എന്ന് ശരിയായി എഴുതുന്നതിന് പകരം, വങ്കു്, എന്ന തെറ്റായ രീതിയാണ് പിന്തുടരുന്നത്. (), ഹ്രസ്വവും ഉ് ( )അരമാത്രയുമാണ്. (ങ്ക+> ങ്കു; ങ്ക+> ങ്ക്.) പങ്കു+് എന്നെഴുന്നത് തെറ്റാണ്. പങ്കു/പംഗു എന്ന് വിവൃതോകാരത്തില്‍ അവസാനിക്കുന്ന വാക്കിന് മുടന്തന്‍, ശനി എന്നെല്ലാമാണ് അര്‍ഥം. സംവൃതോകാരാന്ത പദമായ പങ്ക്-ന് ഓഹരി എന്നും. അതായത്,് പങ്കു- വും പങ്ക് ഉം ഒന്നല്ല. വ്യത്യയ പദങ്ങളാണ്. പങ്കുവിലല്ല, പങ്ക-ലാണ് അരയുകാരം ചേര്‍ക്കേണ്ടത്. മറ്റൊന്ന് രണ്ട് ചിഹ്നങ്ങള്‍ ഒരു ശബ്ദത്തിന്റെ ലിപി എഴുതാന്‍ ഉപയോഗിക്കേണ്ടതില്ല. ഒരു ലിപിക്ക് ഒരു ചിഹ്നം മതി. അതേ ആകാവൂ. പക്ഷേ, മല. ഭാഷയുടെ സ്ഥിതി ഇക്കാര്യത്തില്‍ സങ്കീര്‍ണമാണ്. പങ്ക് എന്ന വാക്ക് മറ്റൊരു രീതിയിലും എഴുതാറില്ലെങ്കിലും, പംഗു എന്ന പദം പങ്കു എന്നും എഴുതാറുണ്ട്. 1 ങ്ക < ങ്+.-തേങ്ക > തേങ്ങ. 2 ങ്ക < ണ്‍+. വെണ്‍+കുളം- വെങ്കുളം. മങ്കുടം. പെങ്കിടാവ്. ഇത്തരം വാക്കുകള്‍ പിരിച്ചു തന്നെ -പെണ്‍ കിടാവ്-എഴുതുന്നതാണ് ഉചിതം. ങ്+> ങ്ക അപ്രകാരം തന്നെ നിലനിര്‍ത്തുക. ഉദാ-മങ്ക, പങ്കായം.
മറ്റൊന്ന്, ങ്ക- മ്ഗ. മങ്കലം- മംഗലം. മംഗളം-മങ്കളം. അംഗുലം -അങ്കുലം. സംസ്‌കൃത പദങ്ങളില്‍ ംഗ യും മല.പദങ്ങളില്‍ ങ്ക യുമാണ് വരുന്നത്. അത് അത്തരത്തില്‍ത്തന്നെ എഴുതുന്നതാണ് നല്ലത്. ഇവിടെ, അം വരുന്നവ അപ്രകാരം തന്നെ വിഭജിച്ചും അല്ലാത്തവ സന്ധ്യക്ഷരങ്ങളായും എഴുതുകയാണ് വേണ്ടത്.
മല. ലിപിയുടെ കാര്യത്തില്‍ ഐകരൂപ്യം വരുത്തേണ്ട ഒരു പ്രധാന അക്ഷരം മ്പ യാണ്. മുന്‍+പ് > മുമ്പ്, മുംപ്, പിന്‍+പ് > പിമ്പ്/ംപ്. ദയ എന്നര്‍ഥം നല്‍കുന്ന അമ്പ് തുടങ്ങിയേടത്തെല്ലാം ന്‍+പ യാണ് വരുന്നത്. പക്ഷേ, അമ്പട്ടന്‍ /അമ്പിട്ടന്‍ എന്ന വാക്ക് അംബട്ഠ (ബ്രാഹ്മണന് വൈശ്യയിലുണ്ടായവന്‍) എന്ന പ്രാകൃത പദത്തില്‍ നിന്നാണ് ഭാഷയിലേയ്ക്ക് വന്നത്. അതിന്റെ സം. രൂപം അംബഷ്ഠ, ഒരു ജാതിയെ സൂചിപ്പിക്കുന്നുഅത്, അംബട്ട/അമ്പട്ട /അംപട്ട എന്ന് മൂന്ന് രീതിയിലെഴുതുന്നു. അം, അന്‍ എന്നീ ഇടനിലകളുടെ പ്രശ്‌നമാണിവിടെയും വരുന്നത്. മ്പ, മ്ബ, മ്പ എന്ന് മൂന്ന് എഴുത്ത് രൂപങ്ങളുണ്ട് അത് വിവേചിച്ചറിയാന്‍ സാമാന്യ ഭാഷാജ്ഞാനമുള്ളവര്‍ക്ക് പോലും സാധ്യമല്ല. അതിനാല്‍ ഒറ്റ എഴുത്ത് രൂപം- മ്പ യായി സ്വീകരിക്കുന്നതാണ് ഉചിതം. ഈ പദ വിജ്ഞാനീയത്തില്‍ മാതൃകയ്ക്കായി രണ്ടു രൂപങ്ങളും നല്‍കുന്നുണ്ട്. സം+പൂര്‍ണം > സമ്പൂര്‍ണം. മ്, ന്‍ ആകുന്നു. ഇവിടെയും മ്പ ഒഴിവാക്കാം.
ഈ പ്രശ്‌നങ്ങള്‍ അക്ഷര മാലാ ക്രമം ദീക്ഷിക്കുന്നതില്‍ ഐകരൂപ്യമില്ലാതാക്കി. അതിനാല്‍ വിവിധ നിഘണ്ടുക്കളിലെ അക്ഷരമാലാ ക്രമത്തിന് ഐകരൂപ്യമില്ല. അതുണ്ടാകണമെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.
അല്-അല്‍, ഞാറ്-ഞാര്‍, കാറ്-കാര്‍, പാല്- പാല്‍ ഈ ഗണത്തെ ല്‍ , ര്‍ എന്ന് ഏകീകരിക്കുക. കാര്‍-കാറ് ഇവ തമ്മില്‍ വ്യത്യയമുണ്ട്. ര്‍-റ് ഇവ ചിലേടത്ത് വ്യത്യയമില്ലാതെയും ചിലേടത്ത് വ്യത്യയത്തോടെയും വരുന്നു. വ്യത്യയമുള്ളവ- മാര്‍ (നാ.)-മാറ് (ക്രി.); പോര്‍ (നാ.)- പോര് (ക്രി.); കീര്‍ (നാ.)-കീറ് (ക്രി.). നീര്‍- നീര്, വേര്‍- വേര് ഇവ തമ്മില്‍ നാമരൂപങ്ങളില്‍ വ്യത്യയമില്ല. എന്നാല്‍ ഇവയുടെ ക്രിയാരൂപം നോക്കുക. വേര്‍+പിരിയുക. വേര്+പിടിക്കുക. ര യ്ക്കും റ യ്ക്കും ര്‍ എന്ന ഒരു ചില്ലുമാത്രമേയുള്ളു. നിഘണ്ടുവില്‍ പദക്രമമനുസരിച്ച് ഈ ര്‍ നെ ര യുടെ കൂടെയാണോ,
റ യുടെ കൂടെയാണോ ഉള്‍പ്പെടുത്തേണ്ടത്. ഇത് രീതിശാസ്ത്ര തലത്തില്‍ പരിഹരിക്കേണ്ടുന്ന ഒരു വിഷയമാണ്. ഇതേ പ്രശ്‌നം ദന്ത്യ ന കാരവും മൂര്‍ധന്യ ന കാരവും തമ്മിലുമുണ്ട്. പദാദ്യത്തില്‍ ദന്ത്യ ന കാരവും പദാന്തത്തിലും പദ മധ്യത്തും മൂര്‍ധന്യ ന കാരവുമാണ് സ്വാഭാവികോച്ചാരണത്തില്‍. ഉദാ- നനഞ്ഞു. ഈ ന യെ ഉച്ചാരണ സ്ഥാനമനുസരിച്ച് രണ്ടിടത്ത് ചേര്‍ക്കേണ്ടതുണ്ട്. റ യുടെ കൂടെയും ത യുടെ കൂടെയും. ഉദാ-നല്ല. ആന. സന്ധി പദങ്ങളിലും മൂര്‍ധ. ന യാണ് നിയമേന. ഉദാ- നന്മ, തിന്മ. ഇത് ല്‍ ന് (നല്‍+) പകരം വരുന്നതാണ്. അര്‍ഥ വ്യത്യാസമില്ല.
ഇരട്ടിപ്പ്- കേ. പാണി. നിയമ പ്രകാരം ദ്വിത്വ സന്ധി പദങ്ങളില്‍ പിന്നില്‍ വരുന്ന ദൃഢ വര്‍ണം ഇരട്ടിക്കും. ഇത് ഉച്ചാരണ മൂല്യമനുസരിച്ച് സാര്‍വത്രികമല്ല. യഥാര്‍ഥത്തില്‍ സംഭാഷണ ലക്ഷ്യത്തിനനുസരിച്ചും അനാസ്ഥ മൂലവും ഇതിന് മാറ്റം വരാം. എങ്കിലും സുവ്യക്തമായും ഇരട്ടിപ്പില്ലാത്തിടത്ത് അതുണ്ടാക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. മര്‍മരം- മര്‍മ്മരം, നിര്‍മിതി, പാര്‍വതി- പാര്‍വ്വതി തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇപ്പോള്‍ ഓരോ പ്രസാധകനും ഓരോ രീതിയിലാണ് അച്ചടിക്കുന്നത്. അതനുസരിച്ച് ജനങ്ങളുടെ എഴുത്തിലും ഐകരൂപ്യമില്ലാതാകുന്നു
വിരാമം, വാക്യം പൂര്‍ണമാകുന്നേടത്തും; അര്‍ഥ വിരാമം, ആശയ പ്രകാശനത്തിന് അനുയോജ്യമായ വിധത്തില്‍ വേണ്ടുന്ന സ്ഥലങ്ങളിലും ഉപയോഗിക്കണം.
ചില്ലും സംവൃതോകാരവും തമ്മില്‍ വ്യത്യയമുള്ള പദങ്ങളും വ്യത്യയമില്ലാത്ത പദങ്ങളുമുണ്ട്. ഉദാ- റ്-ര്‍. അറ്-അറുക്കുക. അര്‍ - അലിംഗ ബുഹുവചന പ്രത്യയം.
രീതിശാസ്ത്രം
1 അക്ഷരമാല ക്രമത്തില്‍ ഇപ്പോഴുള്ള അടിസ്ഥാനപരമായ ആശയകുഴപ്പം പരിഹരിക്കുക. അത് ക്രമീകരിച്ച്, , ആ തൊട്ട് ഔ വരെ സ്വരാക്ഷരങ്ങള്‍. അം-ആം, അന്‍-ആന്‍ എന്നിവ സ്വര വ്യഞ്ജനങ്ങള്‍.  തുടര്‍ന്ന്, , ഖ എന്നിപ്രകാരം () അനുനാസികത്തിലെ ത്തിയ ശേഷം വര്‍ഗാക്ഷരത്തിന്റെ ()ഇരട്ടിപ്പ് (ക്ക), തുടര്‍ന്ന്, സന്ധ്യക്ഷരഗ്ഗള്‍ (ങ്ക, ങ്ങ).  പിന്നീട് ച, ട എന്നിങ്ങനെ ന (മൂര്‍ധ) വരെ. അതനുസരിച്ച്, സ്വരാക്ഷരങ്ങള്‍. - ,, , , , , , (ല്), , , , , ഓ ഔ.
സ്വര വ്യഞ്ജനങ്ങള്‍- അം- ആം; അന്‍, ആന്‍.
വ്യഞ്ജനങ്ങള്‍ - ക മുതല്‍ ന (മൂര്‍ധ.) വരെ. ഓരോ വ്യഞ്ജന വര്‍ഗത്തിന്റെയും ഒടുവില്‍ അവയുടെ ഇരട്ടിപ്പ് (ക്ക)ആദ്യവും കൂട്ടക്ഷരം (ങ്ക, ങ്ങ) തുടര്‍ന്നും നല്‍കുന്നു. അതില്‍, ആദ്യം ചില്ല്, പിന്നെ അക്ഷരം എന്ന് മുറ. സംവൃതോകാരം (ഉ്), ഉ കാരത്തിന് മുമ്പ് വരുന്നു.
അ മുതല്‍ ഔ വരെയുള്ള സ്വരങ്ങളോട് ഇതര സ്വരങ്ങള്‍ ചേരുമ്പോഴുണ്ടാകുന്ന പദ ങ്ങളാണ് ആദ്യം നല്‍കുന്നത്.(മറ്റുള്ളവര്‍ അങ്ങനെ വര്‍ഗീകരിക്കുന്നില്ല) തുടര്‍ന്ന്, സ്വരവ്യഞ്ജനങ്ങളും പിന്നീട് വ്യഞ്ജനങ്ങളുമെന്നതാണ് അക്ഷര ക്രമം. തത്വത്തില്‍ തൊല്‍പ്പിയം മുതല്‍ സ്വീകരിച്ചു വരുന്നതാണ് ഈ അക്ഷര ക്രമം. പക്ഷേ, നിഘണ്ടു ക്കളില്‍ ഇത് പ്രയോഗത്തില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല. എന്തുകൊണ്ടോ തെറ്റായ ഒരു കീഴ്വഴക്കം പിന്തുടരുകയാണ് ചെയ്തിട്ടുള്ളത്
ഇതുവരെയുള്ള മല.ഭാഷാ നിഘണ്ടുക്കളില്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ചരിത്ര സംഭവങ്ങളെയും ശാസ്ത്ര-സാങ്കേതിക പദങ്ങളും ഉള്‍പ്പെടുത്തിക്കണ്ടിട്ടില്ല. ശാസ്ത്രനാമങ്ങളുള്‍പ്പെടെ നല്‍കിക്കൊണ്ട് ഈ കുറവും പരിഹരിക്കുവാന്‍ സമഗ്രമലയാള ഭാഷാനിഘണ്ടുവില്‍ ഉദ്യമിച്ചിട്ടുണ്ട്. 
അറബി-മലയാളം.
ധാരാളം അറബി പദങ്ങള്‍ മലയാളത്തിലുണ്ട്. കൂടാതെ, മലയാളത്തില്‍ പൊതുവേ പ്രചുരമല്ലാത്ത അറബി-മലയാള സാഹിത്യ പദങ്ങളുടെയുടെ ഒരു നിരയുമുണ്ട് .അവയെ മുഴുവന്‍ മലയാള ഭാഷാ പദ വിജ്ഞാനീയത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ല അതിനാല്‍ പരമാവധി പ്രചുര പദങ്ങളും പ്രസക്ത പദങ്ങളും മാത്രമാണ് ഇവിടെ നല്‍കുന്നത്.

ഗോത്രവര്‍ഗ ഭാഷകള്‍.
മല.ത്തിലെ മൗലിക പദങ്ങള്‍ മിക്കവയും ഗോത്രവര്‍ഗ ഭാഷകളുമായി ബന്ധപ്പെട്ടവയാണ്. ബന്ധുത്വ പദങ്ങളും അപ്രകാരം തന്നെ. ലഭ്യമായിടത്തോളം ഗോത്രവര്‍ഗ ഭാഷാപദങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു. കേരളത്തില്‍ 57 ഗോത്ര വര്‍ഗ സമൂഹങ്ങളുള്ളവയില്‍ ഒരു വിഭാഗം കുറിച്യരും  മലയരും പണിയരും കാടരും മലയരയരും കാണിക്കാരിലൊരു വിഭാഗവും മലപ്പണ്ടാരങ്ങളുമാണ് മലയാളത്തോട് ഏറ്റവും അടുത്ത ഭാഷ-ഏതാണ്ട് മലയാള ഭാഷ തന്നെ- സംസാരിക്കുന്നവര്‍. കുറിച്യരും കാണിക്കാരും രണ്ടു ജീവിത ശൈലികളും രണ്ടു തരം ഭാഷകളുമാണ് പിന്തുടരുന്നത്. നാട്ടുകാണികള്‍ മലയാള ഭാഷയും മലങ്കാണികള്‍ മലങ്കാണി ഭാഷയുമാണ് സംസാരിക്കുന്നത് -ഇവരുടെ ഭാഷകളില്‍ ഇരുപത്തിയേഴെണ്ണത്തിന്റെ വ്യാകരണ ഘടകങ്ങള്‍ ഈ നിഘണ്ടുവില്‍ വേര്‍തിരിച്ചിട്ടുണ്ട് -
എല്ലാ വൈജ്ഞാനിക മേഖലകളില്‍ നിന്നുമുള്ള പ്രചുരമായ പദങ്ങള്‍, സാങ്കേതിക പദങ്ങള്‍, ശാസ്ത്ര നാമങ്ങള്‍, നാട്ടറിവുകള്‍, വാക്കുകളുടെ സ്രോതസ്, സംസ്‌കൃത, പ്രാകൃത, ദ്രാവിഡ ഭാഷകളിലെ സമാന പദങ്ങള്‍, നിരുക്തം, ധാതുക്കള്‍, പദ രൂപീകരണം, വ്യാകരണ, ഭാഷാശാസ്ത്ര സ്ഥാനങ്ങളും പ്രവൃത്തികളും, ഓരോ പദവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറിപ്പുകള്‍ (ഉദാ- ആക്‌സില്‍ എന്താണ്, കൊച്ചച്ഛന്‍ എന്ന പദം എങ്ങനെയുണ്ടായി, ഐസ് എന്ന ഇംഗ്ലീഷ് പദത്തിന് തുല്യ പകരപദം മല. ഇല്ലാതെവന്നതെന്തുകൊണ്ട്- എന്നിത്തരത്തില്‍)എന്നിവയും നല്‍കുന്നു.
പ്രതീകഭാഷ
ആധുനിക ശാസ്ത്ര വികാസം ഭാഷയേയും സ്വാധീനിച്ചതിന്റെ ഫലമായി സാങ്കേതിക പദാവലിയും രൂപപ്പെട്ടു. ക്ലച്ചും ആക്‌സിലും ഗിയറും പോലെ പല പദങ്ങളും പകര പദങ്ങളില്ലാത്തവയാണ്. അതുകൂടാതെ, .വി. കൃഷ്ണപിള്ളയുടെ കണ്ടക്റ്റര്‍ കുട്ടിയില്‍ മോട്ടോര്‍ ഭാഷയുടെ ഒരു രൂപകം അവതരിപ്പിക്കുന്നുണ്ട്. ഉദാ- ബസ് കണ്ടക്റ്റര്‍ ഉടമയോട്: മുതലാളിയുടെ  72 മോഡലും 75 മോഡലും കൂടെ ഗാരേജിന് മുന്നില്‍ വച്ച് ക്രാഷായി 72 ന്റെ ഹെഡ്‌ലൈറ്റും 75 ന്റെ ബോണറ്റും തകര്‍ന്ന് രണ്ടിനേം വര്‍ക്ക്ഷോപ്പില്‍ കേറ്റീട്ടൊണ്ട്. (രണ്ടുമക്കളും തമ്മിലടിച്ച് ആശുപത്രിയിലായെന്നാണ് ഇതിന്റെ ചുരുക്കം
 ഇത്തരത്തില്‍ ഒരു നിഘണ്ടുവിനെ പദവിജ്ഞാന കോശമെന്നാണ് വിളിക്കേണ്ടത് .ലോകഭാഷകളില്‍ ആദ്യമായി മലയാള ഭാഷയിലാണ് ഇത്തരമൊരു സമഗ്ര പദവിജ്ഞാനീയം പുറത്തുവരുന്നതെന്ന് കൂടി സൂചിപ്പിക്കട്ടെ.

May 10, 2015

ചുവരെഴുത്ത്

ചുവരെഴുത്തുകളും എഴുതാപ്പുറങ്ങളും എന്ന ഈ ബ്ലോഗ് ,കടന്നുപോകുന്ന കാലഘട്ടത്തോട് പ്രതികരിക്കാനാഗ്രഹിക്കുന്നവരുടെ സൃഷ്ടിപരവും വിമര്‍ശനാത്മകവുമായ ഒരു കൂട്ടായ്മയായിട്ടാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ഭൂമിയും ജീവജാലങ്ങളും ഇനിവരുന്ന തലമുറയ്ക്ക് വെറും സങ്കല്‍പ്പങ്ങളായി തോന്നുന്ന അവസ്ഥയിലേയ്ക്ക് രാഷ്ട്രീയ നേതൃത്വങ്ങളും പാര്‍ട്ടികളും ലോകരാജ്യങ്ങളെയാകെ കൊണ്ടെത്തിച്ചിരിക്കുന്നു. ജനങ്ങള്‍ ,പൊതുവില്‍ ലോകമാകെത്തന്നെ, ലോക കമ്പോളം ഒരുക്കിവച്ചിട്ടുള്ള കെണിയില്‍ വീണ് പിന്‍വഴി പോലും മുട്ടി നില്‍ക്കുകയാണ്. അതേ സമയം, മുതലാളിത്തത്തിന്റെ സംരക്ഷണ കവചം സ്വന്തം നില ഭദ്രമാക്കുകയും ചെയ്യുന്നു. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് സിനിമാ താരമായ സല്‍മാന്‍ഖാന്‍ എന്ന ഒരു ക്രിമിനലിന്റെ കാശിന് മുമ്പില്‍ നീതിപീഠങ്ങള്‍ പോലും വിറപൂണ്ടു നില്‍ക്കുന്നുവെന്ന സത്യം. അതേ നിയമത്തിന്റെ ഭീകരവഴികളില്‍ ഒരു കൊലപാതകത്തില്‍ പോലും പ്രതിയല്ലാത്ത ചിലരെ സകുടുംബം ജയിലില്‍ മാവോയിസ്റ്റുകളെന്ന പേരില്‍ പിടിച്ചിടുന്നുവെന്ന യാഥാര്‍ഥ്യവും കാണാം. കൊലപാതകിയും നിരവധി ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയുമായ സല്‍മാന്‍ഖാന് അധോലോകവുമായും ദേശദ്രോഹികളുമായി പോലും ബന്ധമുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഒരു പക്ഷേ, അയാളെ ഇത്രയും വിലപിടിച്ച താരമായി നിലനിര്‍ത്തുന്നതു പോലും ഇത്തരം ബന്ധങ്ങളാണെന്ന് തോന്നുന്നു. കാരണം, ഒരു നടനെന്ന നിലയില്‍ അയാള്‍ വട്ടപ്പൂജ്യമാണ്. മലയാള സിനമയില്‍ ഭിന്ന വേഷങ്ങളില്‍ നിറഞ്ഞാടുന്ന സായികുമാര്‍, സിദ്ധിക്ക് എന്നീ നടന്മാരുടെ പരിസരത്ത് വരില്ല ഈ സല്‍മാന്‍ ഖാനെന്ന് അയാളുടെ ആരാധകര്‍ക്കുമറിയാം. മലയാള സിനിമയിലും ഇവരെക്കാള്‍ കേമന്മാരെന്ന് കൊണ്ടാടപ്പെടുന്ന താരങ്ങളും വൈവിധ്യത്തില്‍ ഇവര്‍ക്കൊപ്പമെത്തില്ല. പക്ഷേ, അവര്‍ മലയാളത്തിലെ ഒന്നാം നിരക്കാരല്ല. അതായത്, ഒരു നടനെന്ന സല്‍മാന്‍ഖാന്റെ നിലനില്‍പ്പ് തന്നെ അയാളുടെ ക്രിമിനല്‍ ബന്ധങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടതാകാമെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. എന്തായാലും, കൃഷ്ണമൃഗങ്ങളെയും തെരുവിലുറങ്ങുന്ന മനുഷ്യരെയും കൊന്നുതള്ളുന്ന സല്‍മാനെ കോടതി ശിക്ഷിച്ചിട്ടും ജയിലില്‍ കിടത്താന്‍ അധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മടി. അയാള്‍ക്ക് വേണ്ടി സാംസ്കാരിക നായകന്മാരും സിനിമാബിംബങ്ങളുമെല്ലാം കണ്ഠക്ഷോഭം ചെയ്യുന്നു. കൊലപാതകം ചെയ്തവന്‍ കാശുകാരനാ ണെങ്കില്‍ അവനെ ശിക്ഷിക്കരുതെന്ന് മലയാളത്തിലെ സിനിമാ താര(ക)ങ്ങളും ആവശ്യപ്പെടുന്നു. ആനക്കൊമ്പു മോഷ്ടിച്ച് സൂക്ഷിച്ച താരവും ഇന്നും സര്‍ക്കാരിന്റെ പരസ്യക്കാരനാണ്. കാടു കട്ട മഹാനാണ് മറ്റൊരു താരരാജാവ്. അവരാരും ശിക്ഷിക്കപ്പെടരുത്. പക്ഷേ, പാവങ്ങളുടെ ജീവിതത്തിനും വിലയുണ്ടെന്ന് പറഞ്ഞ രൂപേഷും ഭാര്യയും കേവലം സംശയത്തിന്റെ പേരില്‍ ജയിലിലായി. അവനെക്കൊല്ലുക, സല്‍മാന്‍ഖാനെന്ന ക്രിമിനലിനെ വിട്ടു തരുക എന്നാണ് ഇന്ത്യന്‍ മുതലാളിമാരും അവരുടെ ചെല്ലും ചെലവും വാങ്ങിക്കഴിയുന്ന സിനിമക്കാരും രാഷ്ട്രീയക്കാരും ആവശ്യപ്പെടുന്നത്. പകരം മാവോയ്സ്റ്റെന്ന് പറഞ്ഞ് പാവപ്പെട്ടവര്‍ക്ക്വേണ്ടി സംസാരിക്കുന്ന വരെ കൊല്ലുക. ആ സത്കൃത്യവും സല്‍മാന്‍ ഖാനെയോ, മറ്റ് മാന്യതാരങ്ങളെയോ ഏല്‍പ്പിച്ചാല്‍ അവരത് ഭംഗിയായി ചെയ്തു തരും. അവരത് സിനിമകളില്‍ കൂലിക്ക് ചെയ്യുന്ന വേലയാണല്ലോ. അവര്‍ക്ക് കൊല്ലാം. അവരുടെ കയ്യില്‍ കറുത്തതും വെളുത്തതുമായ പണമുണ്ട്. അതാണല്ലോ തൃശൂരില്‍ നിസാമെന്ന ധനികനായ സാമൂഹിക വിരുദ്ധനും ചെയ്തത്. രൂപേഷ് പണക്കാരനല്ല, അയാളെ കുടുംബത്തോടെ കൊല്ലുക, സല്‍മാന്‍ഖാനെന്ന ക്രിമിനലിനെ വിട്ടയയ്ക്കുക .നേതാവിനുള്ളത് നേതാവിനും ഏമാന്മാര്‍ക്കൊള്ളത് ഏമാന്മാര്‍ക്കും കൊടുക്കാനുള്ള വഹയാണ് കാര്യം . 
 
 ഇത് ഒരുദാഹരണമായി ചൂണ്ടിക്കാട്ടിയതാണ്. പുഴകള്‍ ദാഹനീരിനായി കേഴുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ വ്യാജനിര്‍മാണങ്ങള്‍ കൊണ്ട് ഒരു സമാന്തരത സൃഷ്ടിച്ചിരിക്കുന്നു. മൌലികതയുടെ എല്ലാ സാധ്യതകളെയും പൊതുഖജനാവുപയോഗിച്ച് തകര്‍ത്തുകളയുക എന്നതാണ് ഏറ്റവും പുതിയ വ്യാജസമാന്തരത. വനം നശിപ്പിക്കുകയും സമാന്തരമായി വനമൊരു വരമാണ് എന്ന് പ്രചരിപ്പിക്കുകയും അതിന്റെ പേരിലും ഖജനാവ് കൊള്ളയടിക്കുകയും ചെയ്യുക. ഗോത്രവര്‍ഗങ്ങളും ആദിവാസി പൈതൃകങ്ങളും അമൂല്യമാണെന്ന് പ്രസംഗിച്ചു കൊണ്ട് ഗോത്ര വര്‍ഗ സമൂഹങ്ങളുടെ വംശ ഹത്യ നടത്തുക, അവരു‌ടെ പേരില്‍ വന്‍തുകകള്‍ അടിച്ചു മാറ്റുക, മതേതരത്വം പറഞ്ഞു കൊണ്ട് മതവര്‍ഗീയതയെ വോട്ട് ബാങ്കാക്കി വില പേശുക, മതം മാറ്റാനുള്ള അവകാശം ഏകപക്ഷീയമാക്കുക, മനുഷ്യനാണ് പ്രധാനമെന്ന് പറഞ്ഞു കൊണ്ട് ഭൂമി മനുഷ്യന് പാര്‍ക്കാന്‍ പറ്റാത്തതാക്കുക, അഴിമതി നടത്തുന്ന മന്ത്രിമാരും നേതാക്കളും അത് തെളിയിക്കാന്‍ ജനങ്ങളെ വെല്ലുവിളിക്കുക, എല്ലാ നിഷേധാത്മക പ്രവണതകളെയും കുറ്റവാളികളെയും മഹത്വവല്‍ക്കിക്കാന്‍ മാധ്യമങ്ങള്‍ തമ്മില്‍ മത്സരിക്കുക ,അന്യന്റേതെല്ലാം വഞ്ചനയിലൂടെ സ്വന്തമാക്കുക തുടങ്ങി നാം നിത്യേന കടന്നുപോകുന്നത് കാപട്യങ്ങളുടെ കൊടും വേനലിലൂടെയാണെന്ന് തിരിച്ചറിയുകയാണ് പ്രധാനം. സംഘടിത ശക്തികളും മാധ്യമങ്ങളും അധികാര ശക്തികളുമായുള്ള അവിഹിത ബന്ധത്തിന്റെ പ്രത്യക്ഷാനുഭവങ്ങള്ളിലൂടെ സമൂഹം  നിരന്തരം വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇടതും വലതും സമുദായപ്പാര്‍ട്ടികളുമെല്ലാം ഒരേ വള്ളത്തിലാണ് രഹസ്യ ബാന്ധവം.  കാലം തിരിച്ചൊഴുകുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ വഞ്ചനകള്‍ക്കുമെതിരേ ജനങ്ങളുടെ ചുവര്‍പ്പലകയാണിത്. എഴുതാപ്പുറങ്ങളും എഴുതുക .നമുക്കറിയാം വിശുദ്ധമായി ഒന്നുമവശേഷിപ്പിക്കില്ല വ്യാജന്മാര്‍. പക്ഷേ, ഇവരെ തിരിച്ചറിയുക. പുള്ളി കുത്തി മാറ്റി നിര്‍ത്തുക.

നമുക്ക് തുറന്നു പറയാം. കള്ളനെ കള്ളനെന്ന് തന്നെ വിളിക്കുക. കള്ളനെ നേതാവെന്നും അദ്ദേഹമെന്നും മഹതി എന്നും വിശേഷിപ്പിക്കുന്നത് ഭാഷയോടുള്ള അനാദരവാണ്. call the pickax a pickax
ഡോ.ആര്‍. ഗോപിനാഥന്‍
മലയാള ഭാഷയ്ക്ക് ഒരു നിഘണ്ടു

ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള ഒരു തപസ് പോലെ സ്വജീവിതം കൊണ്ടനുഷ്ഠിച്ച അമരസൃഷ്ടിയാണ് ശബ്ദതാരാവലി എന്ന കാര്യം അനിഷേധ്യമാണ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് നിഘണ്ടുവും അതിനുമുന്നേ വന്നിട്ടുള്ള നിഘണ്ടുക്കളുമെല്ലാം ഭാഷയുടെ ചരിത്രത്തില്‍ പ്രസക്തമാണ്. ഇതൊരു വസ്തുതയാണെങ്കിലും അതുപോലൊരു വസ്തുതയാണ് മലയാള ഭാഷയ്ക്ക് ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട ഒരു നിഘണ്ടുവില്ലെന്നതും. ശബ്ദതാരാവലിയുടെ മാഹാത്മ്യം ചൂണ്ടിക്കാട്ടുന്നതോടൊപ്പം തന്നെ, അതിന്റെ വൈകല്യങ്ങളും തിരിച്ചറിയപ്പെടേണ്ടതുണ്ട്. അങ്ങനെ തിരിച്ചറിയപ്പെടാത്തതുകൊണ്ടാണ്, ശബ്ദതാരാവലിക്ക് ശേഷമിറങ്ങിയിട്ടുള്ളവയിലും ഒരു നിഘണ്ടു പോലും ശാസ്ത്രീയമോ, കുറ്റമറ്റതോ ആകാതിരുന്നത്. ശബ്ദതാരാവലിയുടെ അടിസ്ഥാനപരമായ തകരാറുകളില്‍ചിലത് ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍നിന്ന് ലഭിച്ചിട്ടുള്ളതാണ്. ശബ്ദതാരാവലിയാകട്ടേ കേരളപാണിനീയം പോലെ തന്നെ, സൂക്ഷ്മവിചിന്തനത്തിന് വിധേയമായിട്ടുമില്ല.

പ്രധാന തകരാറുകള്‍ ഒറ്റ നോട്ടത്തില്‍

1 മലയാള ഭാഷയുടെ അക്ഷരമാല ക്രമം നിഘണ്ടുവില്‍ നല്കിയിട്ടുണ്ടെങ്കിലും പദക്രമീകരണത്തില്‍ പ്രസ്തുത ക്രമം ദീക്ഷിച്ചിട്ടില്ല. ഉദാ- ശബ്ദതാരാവലിയിലെ വാക്കുകള്‍ തുടങ്ങുന്നത് അംശം എന്ന വാക്കിലാണ്. തുടങ്ങേണ്ടത് `അ’യില്‍ ആരംഭിക്കുന്ന വാക്കിലാണല്ലോ. (ഗുണ്ടര്‍ട്ട് അംശം എന്ന വാക്കിലാണ്  തുടങ്ങുന്നത്)-

2 `അ’ മുതല്‍ `അം’ വരെയുള്ള സ്വരങ്ങളെ പ്രസ്തുത ക്രമത്തില്‍ ഒരു പദത്തിനും നല്കുന്നില്ല. ഉദാഹരണം `അ+അ –അവ, ഇ+അ-’ ഇവ തുടങ്ങിയ പദങ്ങള്‍ സ്ഥാനം തെറ്റി നല്കിയിരിക്കുന്നത്.

3. ‘അം,ആം, അന്‍, ആന്‍’ എന്നീ സ്വര-വ്യഞ്ജനങ്ങളെ ലിപിമാലയില്‍ നല്കിയിട്ടുണ്ടെങ്കിലും ആ വക പദങ്ങള്‍ വിഭാഗീകരിച്ചു നല്കിയിട്ടില്ല.

4 ‘ശ.താ’യിലെ മുക്കാല്‍ പങ്ക് വാക്കുകളും ‘സംസ്കൃതത്തില്‍’ നിന്നുള്ള വായ്പാ പദങ്ങളാണ്. അവയാകട്ടെ സാഹിത്യം, കവിത, ശാസനങ്ങള്‍ എന്നിവയില്‍ നിന്നുള്ളവയാണ്. ഈ സമീപനം മൂലം മലയാള ഭാഷയിലെ വാക്കുകള്‍, പ്രത്യേകിച്ച് ജനങ്ങളുടെ വായ്മൊഴിയില്‍ നിന്ന് വികസിച്ചു വന്നവ, തീരെ കുറവാണതില്‍.

5 ധാരാളം വാക്കുകളുടെ അര്‍ത്ഥം സാധാരണക്കാരന് മനസ്സിലാകണമെങ്കില്‍ മറ്റേതെങ്കിലും നിഘണ്ടുകൂടി നോക്കേണ്ടി വരുന്നു. അപരിചിതമായ ‘സം.’ വാക്കുകള്‍ക്കും ജ്യോതിഷാദികളിലെ വാക്കുകള്‍ക്കും അതിലും കഠിനമായ ‘സംസ്കൃത’ പദങ്ങളില്‍ അര്‍ഥം നല്കിയിരിക്കുന്നു. പലപ്പോഴും കേവലാര്‍ത്ഥം പോലും നല്കാതെ മറ്റേതെങ്കിലും പദം നോക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
6. വായ്മൊഴി വാക്കുകള്‍ പോലെ തന്നെ അറ.-മല.,ഗോത്രവര്‍ഗ ഭാഷകള്‍, സാംസ്കാരിക ചിഹ്നങ്ങള്‍ എന്നിവയെ ഒരു നിഘണ്ടുവും  പരിഗണിച്ചിട്ടില്ല. അതുകൊണ്ട് മല.ഭാഷയിലെ മൌലിക വാക്കുകള്‍ മിക്കവയും ഉപേക്ഷിക്കപ്പെട്ടു.

പൊതുവേ മലയാള ഭാഷാ നിഘണ്ടുക്കള്‍, ലിപി, നിഘണ്ടുരചനയ്ക്ക് സ്വീകരിക്കുന്ന നയം, രീതിശാസ്ത്രം, വ്യാകരണപരവും ഭാഷാശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ എന്നിവയില്‍ ശ്രദ്ധിച്ചിട്ടില്ല. അതുകൊണ്ടുണ്ടായ ഒരു ദോഷം ഭാഷയില്‍ പദങ്ങളുടെ പ്രയോഗവ്യാപ്തിയെന്തെന്ന് തിരിച്ചറിയാന്‍ ഇതുവരെ ഇറങ്ങിയ നിഘണ്ടു ക്കള്‍ക്കൊന്നും കഴിഞ്ഞില്ലെന്നതാണ്.  ഒരു ഉദാഹരണം, മലയാള ഭാഷയില്‍ ‘അ’ എന്ന ഒന്നാമത്തെ സ്വരം എത്ര വിധത്തില്‍, ഏതെല്ലാം അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെടുന്നുവെന്ന് ഇതുവരെയുള്ള നിഘണ്ടുക്കള്‍ക്ക് ഒരു പിടിയുമില്ല. 13 പ്രയോഗ സാധ്യതകളാണ് പരമാവധി നല്കിയിട്ടുള്ളത്. എന്നാല്‍, കുറഞ്ഞത്  അ യുടെ 43 പ്രയോഗങ്ങള്‍ കൃത്യമായി മലയാള ഭാഷയില്‍ അടങ്ങിയിട്ടുണ്ട്.

മലയാള ഭാഷയില്‍ ഇത്രയധികം നിഘണ്ടുക്കളിറങ്ങിയിട്ടും ഈ വക മൌലികമായ തകരാറുകള്‍പോലും ഇന്നുവരെ തിരിച്ചറിയപ്പെടുകയോ, തിരുത്തപ്പെടുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന ഒരു ചോദ്യവുമുണ്ട്. ഇതിന് ഒരു പ്രധാന കാരണം, നിഘണ്ടു നിര്‍മ്മാണ മേഖല സര്‍ക്കാര്‍ പ്രസാധകരുടെയും സ്വകാര്യ പ്രസാധകരുടെയും വ്യാജനിര്‍മിതികള്‍കൊണ്ട് നിറഞ്ഞിരിക്കുന്നതാണ്. ഏതെങ്കിലും ചില  നിഘണ്ടുക്കളെടുത്ത് ‘കട്ടിങും പേസ്റ്റിങും’ നടത്തി ഒരു ഡി.റ്റി.പി ഓപ്പറേറ്റര്‍ നിര്‍മ്മിക്കുന്ന നിഘണ്ടുക്കളാണ് പണ്ഡിതമ്മന്യന്മാരുടെ പേരില്‍ പുറത്തുവരുന്നത്. അതിനാല്‍, ഒരു നിഘണ്ടുവിലെ തെറ്റ് എല്ലാത്തിലും ആവര്‍ത്തിക്കപ്പെടുകയും അങ്ങനെ, തെറ്റ് ക്രമേണ ശരിയാണെന്ന് ജനങ്ങള്‍ കരുതാനിടവരുകയും ചെയ്യുന്നു. വലുതും ചെറുതുമായ പ്രസാധകരുടെ മിക്ക നിഘണ്ടുക്കളും ഇത് തെളിയിച്ചുതരും.

മലയാള സര്‍വകലാശാലയുടെ ഇടപെടല്‍ 


‘മലയാള സര്‍വകലാശാല’ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും ഒരു പദവിജ്ഞാന കോശം ഓണ്‍ലൈനായും അച്ചടി രൂപത്തിലും തയാറാക്കുവാന്‍ തീരുമാനിച്ച്, വിവിധ ഭാഷാ, ഭാഷാശാസ്ത്ര, വ്യാകരണ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു ഉപദേശക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും അതിന്റെ ഉദ്ഘാടനം 2014 നവം 1ന് ബഹു. മന്ത്രി എം.കെ.മുനീര്‍ കോഴിക്കോട്ട് വച്ച് നിര്‍വഹിക്കുകയും ചെയ്തു. പ്രസ്തുത നിഘണ്ടുവില്‍ മേല്‍പ്പറഞ്ഞവ കൂടാതെ പല തിരുത്തലുകളും വരുത്തുകയും മിക്കവാറുമെല്ലാ പദമേഖലകളെയും അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനെപ്പറ്റി ‘മലയാള സര്‍വകലാശാല’ തന്നെ കൂടുതല്‍ വിശദീകരിച്ചിട്ടുള്ള താണ്. പ്രസ്തുത ഓണ്‍ലൈന്‍ നിഘണ്ടുവിന്റെ മാതൃകാ പതിപ്പ് 2015ലെ കേരളപ്പിറവി നാളില്‍ പുറത്തുകൊണ്ടു വരാനാണ് സര്‍വകലാശാലയുടെ പ്രയത്നം.

കാര്യങ്ങളിങ്ങനെയിരിക്കേ, പുതിയൊരു വാര്‍ത്ത കേള്‍ക്കുന്നു. മലയാള സര്‍വകലാശാലയുടെ സമഗ്ര മലയാള ഭാഷാനിഘണ്ടുവിന്റെ ഉപദേശക സമിതിയില്‍ ചിലരും, ഒരു സര്‍ക്കാര്‍ പ്രസാധന സ്ഥാപനവും സാംസ്കാരിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ശബ്ദതാരാവലി പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചെന്നതാണ് വാര്‍ത്തയുടെ ചുരുക്കം. സര്‍ക്കാര്‍ ധനം ഉപയോഗിച്ച് അനിവാര്യമായ ഒരു ഭാഷാവിവര ശേഖരം അഥവാ ‘ഡാറ്റാ ബാങ്ക്’ നിര്‍മ്മാണം അതിന് വേണ്ടി നിയുക്തമായ ‘മലയാള സര്‍വകലാശാല’ ചെയ്ത് ഒരു ഘട്ടം പൂര്‍ത്തിയാക്കുകയും ആ കാര്യ മെല്ലാം പരസ്യമാക്കുകയും ചെയ്ത ഘട്ടത്തില്‍, സര്‍ക്കാരിന്റെ നേതൃത്വത്തില്‍ത്തന്നെ ഒരു തട്ടിപ്പ് പരിപാടിയുമായി ചിലര്‍ രംഗത്ത് വന്നതിന് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യവും മലയാള സര്‍വകലാശാല തികച്ചും ഗവേഷണ പരമായി സമഗ്രമായി ചെയ്യുന്ന ഒരു ദൌത്യത്തെ അട്ടിമറിച്ച് സ്വന്തം ക്രെഡിറ്റിലാക്കാനുള്ള  ഗൂഢാലോചന യുമാണുള്ളതെന്ന് പിന്നാമ്പുറങ്ങള്‍ പറയുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള സാംസ്കാരിക സ്ഥാപന മേധാവികളുടെയെല്ലാം ഭാവനാ ശൂന്യതയ്ക്കും കഴിവുകേടിനും മറയിടാനായി, ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെടാനിടവരുന്ന, പാര്‍ട്ടിക്കാരല്ലാത്ത പലരുടെയും കൃതികളോ,ആശയങ്ങളോ സ്വന്തം പേരിലാക്കാനുള്ള ശ്രമം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ തമ്പാന്‍ ഇതിനു മുമ്പും നടത്തിയിട്ടുണ്ട്. ‘എന്റെ മലയാള ഭാഷ തൊല്കാപ്പിയം’ എന്ന ഭാഷോല്പ്പത്തി സിദ്ധാന്ത കൃതിയ്ക്ക്, അത് കഴിയുന്നത്ര നിശ്ശബ്ദമായി പ്രസിദ്ധീകരിച്ച ‘ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്’ ഡയറക്റ്ററില്‍ നിന്നു്  അത്തരം ഒരു ദുരനുഭവമുണ്ടായതിന്റെ സാക്ഷ്യമെനിക്കുണ്ട്.  ആ മാന്യദേഹം തന്നെയാണ് ഇപ്പോള്‍ മലയാള സര്‍വകലാശാല നടത്തിക്കൊണ്ടിരിക്കുന്ന ശബ്ദതാരാവലിയുടെ അപനിര്‍മ്മാണം എന്ന അടിസ്ഥാനപരമായ കര്‍ത്തവ്യത്തെ, നീചമായ സ്വകാര്യലാഭത്തിന് വേണ്ടി തകര്‍ക്കാന്‍ സാംസ്കാരിക മന്ത്രിയെ മുന്‍ നിര്‍ത്തി കരാറെടുത്തിരിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സാംസ്കാരിക മന്ത്രിയെ സംബന്ധിച്ചേടത്തോളം ഇതിലുള്ള ജ്ഞാനവും ആത്മാര്‍ത്ഥതയും, ‘അഞ്ജനമെന്നാലെനിക്കറിയാം മഞ്ഞളുപോലെ...’ എന്ന ചൊല്ലില്‍ കാണുന്നത് തന്നെയാണ്.

ഇവിടെ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ രണ്ടാണ്. ഒന്ന്, സര്‍ക്കാരിന്റെ ഖജനാവില്‍നിന്ന് പണം ചെലവഴിക്കുന്നത് എന്തെങ്കിലും ഗുണകരമായ ആവശ്യത്തിന് തന്നെയാണോ? രണ്ട്, തന്റെ ആശ്രിതരിലാര്‍ക്കെങ്കിലും കുറച്ച് ദ്രവ്യം കൊടുക്കണമെന്ന്  ഒരു മന്ത്രിക്ക് തോന്നിയാല്‍, അതിനുള്ള ഒരു മറ എന്ന നിലയില്‍ ഇത്തരമേതെങ്കിലും കുതന്ത്രങ്ങള്‍ ഒപ്പിക്കുന്നത് നീതീകരിക്കാവുന്നതാണോ. വിപുലമായി ‘മലയാള സര്‍വകലാശാല’ ചെയ്യുന്ന ഒരു പ്രവൃത്തിക്ക് എന്തിനാണ് വ്യാജമായ ഒരു സമാന്തര പ്രവര്‍ത്തനം.? അതുപോലെ, ഒരേ വിദ്വാന്മാര്‍ രണ്ടു ഉപദേശക സമിതികളിലും ഒരേ സമയം തുടരുന്നതിന് അവരുടെ ന്യായീകരണമെന്താണ്.? ആരെങ്കിലുമൊന്ന് ക്ഷണിച്ചാല്‍മതി, കമ്മറ്റി ഏതെന്നും എന്തെന്നുമൊന്നും നോക്കേണ്ടതില്ലെന്നാണോ. ഇതൊക്കെ ശരിക്കും വഞ്ചനയല്ലേ.?നമ്മുടെ പണ്ഡിതന്മാര്‍ ഇത്രയും അവിവേകികളെപ്പോലെ പെരുമാറുന്നതെന്തുകൊണ്ടാണ്.?

സര്‍വോപരി, ഒരു സര്‍ക്കാര്‍ ഇങ്ങനെ തങ്ങള്‍ക്ക് താല്പ്പര്യമുള്ള ആരുടെയെങ്കിലും കളിപ്പാവയായി മാറി പൊതുസമ്പത്ത് നശിപ്പിക്കുന്നത് അനുവദിക്കപ്പെടാമോ. ജനങ്ങളെ എത്രവേണമെങ്കിലും വിഡ്ഢികളാക്കാമെന്ന ‘ഉമ്മന്‍ചാണ്ടി’ സര്‍ക്കാരിന്റെ സമീപനം സാംസ്കാരിക മേഖലയെ കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഒരു ചവറ്റുവണ്ടിയാക്കി മാറ്റിയിരിക്കുന്നുവെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്.