Mar 10, 2016

മലയാള ഭാഷയുടെ രാഷ്ട്രീയവും സാഹിത്യത്തിന്റെ പാരഡിയും



മലയാള ഭാഷയുടെ രാഷ്ട്രീയവും  സാഹിത്യത്തിന്റെ പാരഡിയും
യാഥാര്‍ഥ്യത്തിന്റെ സ്ഥാനത്ത് ആധുനിക പ്രചാരണ സംവിധാനങ്ങളുടെ സഹായത്തോടെ നിര്‍മ്മിക്കപ്പെടുന്ന ബദല്‍യാഥാര്‍ഥ്യത്തെ പ്രതിഷ്ഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ വൈരനിര്യാതനം സാധ്യമാക്കുകയും ചെയ്യാമെന്നതിനുദാഹരണമായി മാര്‍ക് ബോര്‍ഗ്, ഇറാക്കിലെ ഭരണാധികാരിയായിരുന്ന സദ്ദാംഹുസൈനെതിരേ അമേരിക്കയിലെ ജോര്‍ജ് ബുഷിന്റെ ഭരണകൂടവും സഖ്യകക്ഷികളുമഴിച്ചുവിട്ട വ്യവസ്ഥാപൂര്‍ണമായ വ്യാജപ്രചാരണത്തെ ദി പൊളിറ്റിക്സ് ഒഫ് ബിലോങിങ് ഇന്‍ ഇന്ത്യ എന്ന കൃതിയില്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ മറ പിടിച്ച് ബോധപൂര്‍വം തെറ്റായ നിഗമനങ്ങള്‍  പ്രചരിപ്പിക്കുന്ന ഒരു പ്രധാന കേബിള്‍ ന്യൂസ്ചാനലിന്റെ പ്രവര്‍ത്തന ശൈലി തന്നെ ആശയപരമായ അവകാശവാദങ്ങളെ അടിസ്ഥാനമാക്കി ബദല്‍ യാഥാര്‍ഥ്യക്രമം സൃഷ്ടിക്കുക എന്നുള്ള താണ്. അതിന്റെ ഫലമായി അമേരിക്കയിലെ ഒരു വലിയവിഭാഗം ജനങ്ങള്‍ രാജ്യത്തിന്റെ യഥാര്‍ഥ അവസ്ഥയെക്കു റിച്ചും പൊതുവേ ലോകത്തെപ്പറ്റിയും തീര്‍ത്തും വഞ്ചിക്കപ്പെട്ട ധാരണകളാണ് വച്ചുപുലര്‍ത്തുന്നത്. ഉദാഹരണത്തിന് ഫോക്സ് പ്രേക്ഷകരില്‍ ഭൂരിപക്ഷവും ഇപ്പോഴും വിശ്വസിക്കുന്നത് സദ്ദാംഹുസൈന് 9/11 ലെ ലോകവാണിജ്യകേന്ദ്ര ആക്രമണത്തില്‍ പങ്കുണ്ടായിരുന്നുവെന്നാണ്. അത് യാഥാര്‍ഥത്തില്‍ ഇറാക്കിനെ ആക്രമിക്കുന്നതിന് ഒരു കാരണ മെന്ന നിലയില്‍ ബുഷ്ഭരണകൂടം വ്യവസ്ഥാപിതമായി സൃഷ്ടിച്ച ഒരു നുണപ്രചാരണം മാത്രമാണ്.യഥാര്‍ഥജ്ഞാന ത്തെ അധികാരവും മാധ്യമലോകവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ബദല്‍ രാഷ്ട്രീയം കൊണ്ട് പുനഃസൃഷ്ടിക്കുന്നതിന്റെ ആഘാതം ആധുനിക ലോകത്തെ വഞ്ചിക്കാന്‍ ഇത്രമാത്രം ശക്തമാണെങ്കില്‍, മാധ്യമലഹരിയുടെ ആലസ്യമാര്‍ന്ന മാസ്മരിക  തയില്‍ മയങ്ങിക്കിടക്കുന്ന കേരളീയ സമൂഹത്തെ യാഥാര്‍ഥ്യങ്ങളില്‍ നിന്നകറ്റി നിര്‍ത്തുന്നത് എത്രയോ എളുപ്പമാണ്. എന്നുമാത്രമല്ല, ബദല്‍നിര്‍മ്മിതികളുടെ രാഷ്ട്രീയമാണ് ഇന്നിവിടെ ജനാധിപത്യത്തിന്റെ മറവില്‍ ആധിപത്യം വഹിക്കു ന്നത്. സാംസ്കാരിക ഫാസിസം ജനാധിപത്യത്തിന്റെ വേഷമിട്ട് ആടിത്തിമിര്‍ക്കുകയാണന്ന്ചുരുക്കം. സാംസ്കാരിക പ്രവര്‍ത്തകരെ മാത്രമല്ല, ജനങ്ങളെയാകെത്തന്നെ ഈ നിലപാടിലെത്തിക്കുന്നത് കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷ ങ്ങളായി സര്‍ക്കാരും കുത്തക പ്രസാധകരും മാധ്യമങ്ങളും ചേര്‍ന്നു നടത്തുന്ന വന്ധ്യവും ആഡംബരപൂര്‍ണവുമായ സാഹിത്യ-സാംസ്കാരികോത്സവങ്ങളാണ്.
അധികാരസേവ
മലയാള ഭാഷയെയും സാഹിത്യത്തെയും ഉടലോടെ സ്വര്‍ഗത്തെത്തിക്കാന്‍ കേരള സര്‍ക്കാരും കുത്തക പ്രസാധകരും മാധ്യമ മുതലാളിമാരും കൈകോര്‍ത്ത് പല കോടികള്‍ ധൂര്‍ത്തടിച്ചിട്ടും വര്‍ത്തമാനകാല സാഹചര്യത്തില്‍ രണ്ടിന്റെയും അഥവാ രണ്ടും കൂടിച്ചേര്‍ന്ന ആ 'ഒന്നിന്റെ' സ്ഥിതി എന്താണ്? പുസ്തക പ്രസാധനത്തിനും വിതരണത്തിനും വേണ്ടി സര്‍ക്കാരിന് തന്നെ കേരള സാഹിത്യ അക്കാദമിയുള്‍പ്പെടെ പല സൈസ് സ്ഥാപനങ്ങളുണ്ട്. സ്വകാര്യ കുത്തക പ്രസാധകരുടെ നീരാളിപ്പിടിത്തമാകട്ടേ മിക്കവാറുമെല്ലാ പ്രദേശങ്ങളിലുമെത്തി. സാഹിത്യമുള്‍പ്പെടെയുള്ള സാംസ്കാരി കോല്‍പ്പന്നങ്ങള്‍ കമ്പോളവല്‍ക്കരിക്കപ്പെടുകയും അവയുടെ വാണിജ്യസാധ്യതകള്‍ മേളകളിലൂടെയും വിവിധ സ്മാരക സമിതികളുടെ പേരുകളില്‍ നടക്കുന്ന പലതരം ഉല്‍സവങ്ങളിലൂടെയും പരമാവധി ചൂഷണം ചെയ്യപ്പെടുകയും മാത്രമല്ല, അവയിലൂടെ വസ്തുതകള്‍ക്ക് വിരുദ്ധമായതും യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കുന്നതുമായ ഒരു സാംസ്കാരിക വ്യാജനിര്‍മ്മാ ണം സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ അപസംസ്കാര നിര്‍മ്മാണം മൌലികതയുടെ പ്രത്യയശാസ്ത്ര ത്തെ തമസ്ക്കരിക്കുക മാത്രമല്ല, അതിന് ബദലായി എല്ലാ സാംസ്കാരികോല്‍പ്പന്നങ്ങള്‍ക്കും സമാന്തര ഘടന രൂപപ്പെടുത്തുകയും അവയാണ് വസ്തുതകളെന്ന മിഥ്യാബോധം സമൂഹത്തിന്റെ ഉപബോധത്തില്‍ ബലാല്‍ക്കാരമായി അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. വിഷഭക്ഷണം തിന്നു ശീലിച്ചവന് ജൈവഭക്ഷണം വിഷമയമാണെന്ന് തോന്നുന്നതു പോലെയാകുന്നൂ വായനക്കാരന്റെ സ്ഥിതി. എഴുതിത്തുടങ്ങുമ്മുമ്പു തന്നെ പ്രചണ്ഡമായ പ്രചാരണ കോലാഹലങ്ങള്‍ സംഘടിപ്പിക്കുന്ന മാധ്യമ തന്ത്രങ്ങളുടെയും അവയെ ഊട്ടിവളര്‍ത്തുന്ന അധികാര വ്യവസ്ഥയുടെയും കൂട്ടുകെട്ടിലൂടെ പ്രത്യക്ഷപ്പെടുന്ന വ്യാജരചനകള്‍ക്ക് ഇരുത്തം വന്നിട്ടില്ലാത്ത വായനയുടെ ഇളംനാമ്പുകളെ കഠിനമായി തെറ്റിദ്ധരി പ്പിക്കാനാകുന്നു. ഉദാഹരണത്തിന്, മലയാളഭാഷയുടെ തനത് സാമൂഹിക പരിഹാസ വിമര്‍ശസമ്പ്രദായത്തില്‍പ്പെട്ട വിമര്‍ശന കാവ്യപാരമ്പര്യത്തിന്റെ ആരംഭത്തെ കോഴിക്കോട് സര്‍വകലാശാലയിലെ ഒരു ഗവേഷക വിദ്യാര്‍ഥിനി ഇരുപതാം നൂറ്റാണ്ടിലെ കവിമൃഗാവലി തുടങ്ങിയവയിലേയ്ക്ക് 'സെറ്റാ'ക്കുന്നു. തോലന്റെ പനശിദശായാം പാശി മുതലെങ്കിലും വേരുകള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള ഒരു തനത് വിമര്‍ശന രീതിയെ ചക്കീചങ്കരത്തിലൂടെ ആധുനികവല്‍ക്കരി ച്ച മുന്‍ഷിരാമക്കുറുപ്പിന്റെ ദര്‍ശനപരിസരത്തുവച്ചെങ്കിലും തിരിച്ചറിയാന്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് കഴിയാതെ പോകുന്നുവെന്നതാണ് ഇതിന്റെ സൂചന. ഇതാണ് വ്യാജ നിര്‍മ്മിതികളും അധികാരദല്ലാളന്മാരുമായിട്ടുള്ള കൂട്ടുകെട്ടിന്റെ ദുരന്തഫലം. ആഘോഷങ്ങളോട് സാമാന്യ ജനങ്ങള്‍ക്കുള്ള ആകര്‍ഷണം ലാക്കാക്കി ആഡംബരപൂര്‍വമായ ഒരു സാംസ്കാരിക സമാന്തരതയിലൂടെ തികച്ചും പൊള്ളയും അധികാരവ്യവസ്ഥയുടെ സംരക്ഷണം കൊണ്ടു മാത്രം ആധിപത്യം നേടുന്നവയുമായ വ്യാജനിര്‍മ്മിതികളിലേയ്ക്ക് സാഹിത്യത്തെ കര്‍ശനമായി കുറ്റിയടിക്കുകയാണ്ഇതിന്റെ ലക്ഷ്യം. അടുത്തിടെ ഭാഷയുടെയും സാഹിത്യത്തിന്റെയും പേരില്‍ കോഴിക്കോട്ട് ഒരു സാഹിത്യ ബിനാലേയും നടന്നു. അവിടെ ഒരു സാഹിത്യമഹാമേളയാണ് നടന്നതെന്നാണ് കുറഞ്ഞ പക്ഷം സംഘാടകരുടെയെങ്കിലും അവകാശ വാദം. അടുത്ത സാഹിത്യോത്സവം കൊടിയേറിയത് സാക്ഷാല്‍ തിരൂര്‍ തുഞ്ചന്‍ പറമ്പിലാണ്. പൊതുവേ സവര്‍ണ രില്‍ മാത്രം സാക്ഷരത തളം കെട്ടിക്കിടന്ന ഒരു ചരിത്രസാഹചര്യത്തില്‍, ജന്മികുടുംബങ്ങള്‍ നേരിട്ട നാനാതരം തകര്‍ച്ച കളെപ്പറ്റി മണിപ്രവാള ഭാഷയില്‍ ദുഃഖകഥകളെഴുതിയതിനാല്‍, ചരിത്രത്തിന്റെ ഇരകളായിത്തീര്‍ന്നവരുടെ വലിയ സ്വീകാര്യത അന്ന് എം.റ്റി. വാസുദേവന്‍നായര്‍ക്ക് ലഭിച്ചു. അദ്ദേഹം കങ്കാണിയായിട്ടുള്ള തുഞ്ചന്‍ കലോത്സവത്തില്‍ എഴുത്തച്ഛനെപ്പറ്റി പ്രബന്ധമവതരിപ്പിച്ചത് കെ. ജയകുമാറാണത്രെ. ഇത് നല്‍കുന്ന സൂചന, മലയാള ഭാഷയില്‍ തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് പ്രസക്തവും ആധുനിക പാരിപ്രേക്ഷ്യത്തിനനുസരിച്ചുള്ളതുമായ പഠനം നടത്താന്‍ ആരുമില്ല എന്നല്ലല്ലോ. മറിച്ച്,'എന്‍പൃഷ്ഠം നീ ചൊറിഞ്ഞീടില്‍ നിന്‍ പൃഷ്ഠം ഞാന്‍ ചൊറിഞ്ഞിടാ'മെന്ന ദീപസ്തംഭ സിദ്ധാന്തത്തിനപ്പുറം, കാലം മറിച്ചുകളഞ്ഞ താളിലെ ജ്ഞാനപീഡിതനും സര്‍ക്കാര്‍ റിപ്പോര്‍ട്ടെഴുത്ത് വിദഗ്ധനും സ്വന്തം പ്രാധാന്യം ഉദ്ഘോഷിക്കുന്നതിലും പരസ്പരം പുകഴ്ത്തുന്നതിലുമുപരി എഴുത്തച്ഛന്റെ കൃതികളില്‍  ഒരു താല്‍പ്പര്യവു മില്ലെന്ന് മാത്രമാണല്ലോ. എന്നല്ല, തുഞ്ചന്‍സ്മാരകത്തെ ഇനി ദൈവംതമ്പുരാനു പോലും രക്ഷിക്കാനാകില്ലെന്നും ഖേദത്തോടെ നമ്മള്‍ മനസ്സിലാക്കുന്നു. ഇത്തരം വായ്ത്താരിമേളകള്‍ മാത്രമല്ല പ്രശ്നം. മിക്ക പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പുസ്തക പ്രസാധനവുമുണ്ട്. അവരവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പ്രസിദ്ധീകരണ വാര്‍ത്തയും ചിത്രവുമെല്ലാമായി പ്രചാരണ കോലാഹലത്തോടെ പുറത്തു വരുന്നു. അവയ്ക്കെല്ലാം പിന്നണിയും പക്കമേളവും തീര്‍ത്ത് മന്ത്രിമാരും സിനിമാതാരങ്ങളും പിന്നെ കുറച്ചു പണ്ഡിതമണ്ഡലാഖണ്ഡലന്മാരും പ്രസംഗിച്ചതായ വാര്‍ത്ത അവരവരുടെ മാധ്യമങ്ങളില്‍ വരുകയും ചെയ്യും. അവിടെയും സാഹിത്യകാരന്റെ ഇരിപ്പിടം പിന്‍നിരയില്‍മാത്രമാണെന്ന് മറക്കരുത്. മലയാള മാധ്യമങ്ങള്‍ ഇത്തരം ഒരു നിരീക്ഷണത്തിന് വിധേയമാകുമ്പോള്‍, നമ്മുടെ ജനാധിപത്യാവബോധത്തെ അപമാനിക്കുന്ന ഒരു വസ്തുത  ശ്രദ്ധിക്കാനിടയാകും. ഭൂമിയില്‍ ഞാനും എന്റെ ഭാര്യയും മക്കളും എന്റെ തേങ്ങവെട്ടുകാര നും മാത്രം മതിയെന്ന് കരുതിയിരുന്ന പണ്ടത്തെ ദുരാഗ്രഹിയായ നാട്ടുപ്രമാണിയുടെ ദര്‍ശനവും ജനാധിപത്യ ബോധവു മാണ് മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വര്‍ത്തമാനകാലത്തെ മലിനീകരിച്ചുകൊണ്ടിരിക്കുന്നതെന്ന അപ്രിയ സത്യമാണത്. വായ്ത്താരിയില്‍ ജനാധിപത്യം തുപ്പുന്ന മാധ്യമങ്ങള്‍ പ്രവൃത്തികളില്‍ ഫാസിസത്തിന്റെ ചെല്ലം പേറി നടക്കുകയാണെന്നതാണ് യാഥാര്‍ഥ്യം. സ്വന്തം എഴുത്തുകാരും സ്വന്തം കച്ചവട താല്‍പ്പര്യങ്ങളും തങ്ങളുടെ സന്ദേശവാഹകരായി കുറേ  ബുദ്ധിക്കച്ചവടക്കാരുമെന്ന അവസ്ഥയില്‍ നിന്ന് സ്വാതന്ത്ര്യവായുവേറ്റ് വിടര്‍ന്ന പൂവുകള്‍ പ്രതീക്ഷിക്കേണ്ടതില്ല. ഇവിടെ പ്രശ്നം മാധ്യമങ്ങള്‍ തങ്ങളുടെ ചപ്പുചവറുകള്‍ വഴിപോക്കന്റെ തലയിലേയ്ക്ക് വലിച്ചിടുന്നു വെന്നതു മാത്രമല്ല. അതിനുമപ്പുറത്ത്, അധികാരവ്യവസ്ഥയുമായി ചങ്ങാത്തമില്ലാത്തവയെ ഭാഷയുടെ ചരിത്രപരമായ ആവശ്യകതയെ അവഗണിച്ചു പോലും ചവിട്ടിത്താഴ്ത്തുന്നുവെന്ന ഫാസിസ്റ്റ് ശക്തിപ്രകടനവും നടക്കുകയാണ്. ഓരോ പ്രസിദ്ധീകരണവും പ്രസാധകരും മാറിമാറി വരുന്ന സര്‍ക്കാരുകളുമെല്ലാം ഈ കാഴ്ചപ്പാട് കൃത്യനിഷ്ഠയോടെ പിന്തുടരുന്ന തിന്റെ ഫലമായി മേല്‍പ്പറഞ്ഞ തരത്തില്‍ പുസ്തക പ്രസാധകരായ മാധ്യമങ്ങളും അധികാരകേന്ദ്രത്തെ ചുറ്റിക്കറങ്ങുന്ന ക്ലിക്കുകളുമുള്‍പ്പെടുന്ന വൈതാളികരുടെ കൊട്ടിഗ്ഘോഷത്തിനപ്പുറത്ത് ശ്രദ്ധേയമെന്ന് പറയാവുന്ന  കൃതികള്‍  സര്‍ഗാ ത്മകമോ, വൈജ്ഞാനികമോ ആയ മേഖലകളില്‍ തീരെ അപൂര്‍വമാകുന്നു. അത്തരത്തില്‍ ഗൌരവാവഹവും ചരിത്ര പാഠങ്ങളെ സത്യസന്ധമായും ഉത്തരവാദിത്തപൂര്‍വവും സമീപിക്കുന്ന കൃതികളെ തമസ്ക്കരിക്കുയെന്ന വികൃതമായ മാനസികാവസ്ഥ നിഗൂഢമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഉല്‍പ്പന്നമാണ്. ഈ ഫാസിസ്റ്റ് ധാര്‍ഷ്ഠ്യമാണ് പ്രമുഖ കുത്തക മാധ്യമങ്ങളെല്ലാം വച്ചുപുലര്‍ത്തുന്നത്. പാര്‍ട്ടി മാധ്യമങ്ങളുടെ കാര്യം പറയുകയേ വേണ്ട. എതിര്‍ പാര്‍ട്ടിക്കാരുടെ ആശയങ്ങള്‍ക്ക് സ്വന്തം പ്രസിദ്ധീകരണത്തില്‍ ഇടമനുവദിക്കുകയും അതിന് വ്യക്തമായ മറുപടി നല്‍കി പിന്‍മടക്കുക യും ചെയ്യാന്‍ സത്യസന്ധതയും അതില്‍നിന്നുണ്ടാകുന്ന ധീരതയുമുള്ള ഏത് കക്ഷിയുണ്ട് കേരളത്തില്‍? ചെറുതും വലുതുമായ കള്ളങ്ങളുടെയും രഹസ്യമായ ഒത്തുതീര്‍പ്പുകളുടെയും കപടമായ പ്രചാരവേലയുടെയും മറയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമേ ഇത്തരത്തില്‍ ധീരമായ നിലപാടിനെപ്പറ്റി ചിന്തിക്കാനെ ങ്കിലുമാകൂ. ചെറുതും വലുതുമായ ഓരോ പ്രസാധകനും മാധ്യമവും തങ്ങളുടേതായ ഓരോ ക്ലിക്കുകള്‍ സൃഷ്ടിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ സ്വന്തം അഭിപ്രായങ്ങളായി അവതരിപ്പിക്കാന്‍ തയാറുള്ള കുറേ ഊഷര ബുദ്ധികളെ തങ്ങള്‍ക്ക് ചുറ്റും വളര്‍ത്തുനായ്ക്കളാക്കി നിര്‍ത്തിയിരിക്കുകയും ചെയ്യുന്നുവെന്ന കോമാളിത്തം സാഹിത്യത്തിന്റെ ശവമഞ്ച ലാണ് തീര്‍ക്കുന്നത്. അതിന് തയാറായി ഒരു ആരാച്ചാരല്ല,  ആരാച്ചാരവൃന്ദവാദ്യക്കാര്‍ തന്നെ  പ്രായഭേദമെന്യേ റെഡിയാണ്. മേഘമില്ലാതെ വര്‍ഷിക്കുന്ന മഴ പോലെ അവര്‍ സ്തുതിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാക്കാലത്തും ഈ  കൂട്ടരുമുണ്ടായിരുന്നു.
ചുരുക്കത്തില്‍ അധികാരസേവയുടെ രാഷ്ട്രീയമാണ് വര്‍ത്തമാന കാല മലയാളസാഹിത്യത്തെ വെറും  കെട്ടുകാഴ്ചകളാ ക്കിത്തീര്‍ത്തത്. കവിയും കഥാകൃത്തും നോവലിസ്റ്റും മാത്രമല്ല നിരൂപക ബുദ്ധിജീവിയും മാധ്യമ പ്രവര്‍ത്തകരുമെല്ലാം ഉള്ളിന്റെയുള്ളില്‍ സിനിമയെ ആരാധിക്കുകയും ഒരു സിനിമാ താരത്തിന്റെ നിഴലെങ്കിലുമാകാന്‍ കിണഞ്ഞു പണിയുക യും ചെയ്യുമ്പോള്‍ സാഹിത്യമെന്ന അധികാരവിരുദ്ധമായ സാംസ്കാരിക രൂപം സത്ത ചോര്‍ന്നുപോയ ഒരു വര്‍ണ പ്പണ്ടം മാത്രമായി മാറുന്നു. സിനിമയും സിനിമാതാരങ്ങളും നേടിയിരിക്കുന്ന സമ്പന്നതയുടെയും പ്രശസ്തിയുടെയും വെള്ളിവെളിച്ചം രാഷ്ട്രീയാധികാരവുമായി മാത്രമാണ് സ്വയം താരതമ്യപ്പെടുകയും തുല്യത നോക്കുകയും ചെയ്യുന്നത്. രാഷ്ട്രീയ നേതാവിനെ നേതാവാക്കുന്ന അണികളും സിനിമാതാരത്തെ ആരാധനാ കേന്ദ്രമാക്കുന്ന അണികളും പണ ത്തിനുചുറ്റുമാണ് തങ്ങളുടെ നേതൃത്വാരാധന കെട്ടിപ്പടുത്തിരിക്കുന്നത്. പ്രശസ്തി പണത്തിന്റെ ഒരു ഉപോല്‍പ്പന്നം മാത്ര മാണെന്ന അറിവ് വളരെ പ്രധാനമാണ്. അതിന് പണവുമായി പലപ്പോഴും ഒരാനുപാതിക ബന്ധം സൃഷ്ടിക്കാനെളുപ്പ മുണ്ട്. അതായത് ഒരു വമ്പന്‍വ്യവസായിയോ, സിനിമാ താരമോ, രാഷ്ട്രീയ നേതാവോ ചെയ്യുന്ന ചെറിയ ഔദാര്യങ്ങള്‍ പോലും വലിയ പ്രചാരം നേടുമ്പോള്‍ പാവപ്പെട്ടവരുടെ ധീരമായ ത്യാഗങ്ങള്‍ വരെ യാദൃച്ഛികമായിട്ടല്ലാതെയോ, സ്ഥാപിത താല്‍പ്പര്യങ്ങളുടെ പേരിലോ അല്ലാതെ തിരിച്ചറിയപ്പെടുന്നുപോലുമില്ല. പണമുണ്ടാക്കാത്ത നേതാവിന് അണികളെ ലഭിക്കാത്തതു പോലെ തന്നെ, പണം കൊണ്ട് ആകാശദൂരത്തിലാണ് തങ്ങളെന്ന മിഥ്യാധാരണ സൃഷ്ടിക്കാന്‍ തയാറല്ലാത്ത സിനിമാനടനും ഫാനുകളുണ്ടാകുകയില്ല. അതുകൊണ്ട്, പ്രത്യയശാസ്ത്രത്തിന്റെ പച്ചപ്പും കലാരചനയുടെ സര്‍ഗാസ്വാസ്ഥ്യങ്ങളും മാത്രമല്ല, സത്യാത്മകമായ ഗവേഷണ ശ്രമങ്ങളും കേരളത്തിന്റെ വിഷമണ്ണില്‍ വേരോടുകയില്ലെന്ന് സ്ഥാപിച്ചെടുക്കേണ്ടത് കമ്പോളകലയുടെ മാത്രമല്ല കമ്പോള രാഷ്ട്രീയത്തിന്റെയും ആവശ്യമാണ്. അവ തമ്മില്‍ കൈകോര്‍ക്കുകയും സിനിമ മാത്രമാണ് കലയെന്ന ധാരണ രൂപപ്പെടുത്തുകയും ചെയ്യുന്നു. അതിനു കാരണം അതൊരു വ്യാവസായികോല്‍പ്പന്നമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നുള്ള രാഷ്ട്രീയമായ തിരിച്ചറിവാണെന്നും നമ്മള്‍ മനസ്സിലാക്കുന്നു. വന്‍കിട വ്യവസായങ്ങളുണ്ടാകാനും വളര്‍ന്നുവരാനും ഭൂലഭ്യതയുടെ കുറവും കേരളഭൂമിയുടെ കിടപ്പും അനുയോജ്യമല്ലെങ്കിലും; ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനികളുടെ ഫ്രാന്‍ജൈസി ആയിരുന്നുകൊണ്ട്, തന്റെ വര്‍ഗപരമായ സ്ഥാനം കേവലം ഒരു കൂലിത്തൊഴിലാളിയുടെതല്ലെന്നും താനും ഒരു എം.എന്‍.സി. യുടെ കേരളത്തിലെ പ്രതിനിധിയാണെന്നും സ്വയം വിശ്വസിപ്പിക്കാന്‍ സാക്ഷരനായ ഒരു ശരാശരി കേരളീയന്‍ ആഗ്രഹിക്കുന്നു. സ്വന്തം മണ്ണില്‍ ശാരീരികമായ ജോലി ചെയ്യുന്നതിലെ അപകര്‍ഷത അന്യനാട്ടില്‍ച്ചെന്ന് ആത്മാഭിമാനം പോലും നഷ്ടപ്പെടു ത്തി പണിചെയ്യുമ്പോള്‍ അവനെ ബാധിക്കുന്നില്ല. സ്വന്തം മണ്ണില്‍ ശാരീരിക വേലയോട് അടിസ്ഥാനരഹിതമായി ഒരു മലയാളി പുലര്‍ത്തുന്ന അയിത്തമാണ് അവന്റെ ജാതീയമായ മനോഭാവത്തെയും നിയന്ത്രിക്കുന്നതെന്ന് അവന്‍ തിരിച്ചറിയുന്നില്ലെന്ന് മാത്രം. ജാതീയമായ ഉച്ചനീചത്വങ്ങളെ സൃഷ്ടിച്ചതും വളര്‍ത്തിയതും ശാരീരികാധ്വാനത്തോട് വച്ചുപുലര്‍ത്തുന്ന ഈ അയിത്തമനോഭാവമാണ്. സിനിമയിലെയും രാഷ്ട്രീയത്തിലെയുമൊക്കെ ശാരീരികാധ്വാനത്തെ മഹത്വവല്‍ക്കരിക്കുന്നത് അതുമൂലമുണ്ടാക്കുന്ന പണമാണ്. അധികാരമുള്ള നേതാവിനോട് ശാരീരികമായും മാനസിക മായും പുലര്‍ത്തുന്ന അടിമത്തമാണ് ആ അധികാരം സ്വന്തമാക്കാനുള്ള എളുപ്പ വഴിയെന്ന തിരിച്ചറിവാണ് അവരുടെ ശാരീരികാധ്വാനത്തെ കീര്‍ത്തനീയമാക്കുന്നത്. അതായത്, സിനിമയും രാഷ്ട്രീയാധികാരവും തമ്മിലുള്ള ഗൂഢബന്ധം സാമ്പത്തികമായും വര്‍ഗപരമായും അവ തമ്മിലുള്ള പൊരുത്തത്തിന്റെ ഫലമാണ്. ഇതുതന്നെയാണ് മാധ്യമങ്ങളെയും മറ്റ് രണ്ടു ഘടകങ്ങളുമായി ഐക്യപ്പെടുത്തുന്നതും.
സാഹിത്യത്തിന് പറ്റിയത്
  അതിനാല്‍ സാഹിത്യത്തിനെന്തു പറ്റി എന്ന അന്വേഷണം തന്നെ കേരളത്തിന്റെ രാഷ്ട്രീയധികാര ഭൂമികയുമായുള്ള ജനിതക ബന്ധത്തില്‍ നിന്നാണാരംഭിക്കേണ്ടത്. ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പ്രചാരണ വും അതുമായി കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ജനകീയ സമരങ്ങളും ജാതിവിരുദ്ധപ്പോരാട്ടങ്ങളും ഭൂമിക്കും കിടപ്പാടത്തിനും വേണ്ടിയുള്ള സമരങ്ങളുമായിരുന്നൂ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചൈതന്യപ്രവാഹമായിരുന്നതെങ്കില്‍, ജനങ്ങളോട് നുണ പറയാതിരിക്കുക എന്ന അടിസ്ഥാനപരമായ ജനാധിപത്യവീക്ഷണമായിരുന്നു ആ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിച്ചി രുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ കണ്ണുചിമ്മാത്ത കാവലാളായിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഹിംസയുടെയും മാഫിയാ സംസ്കാരത്തിന്റെയും രഹസ്യ പങ്കാളികളായി മാറുക മാത്രമല്ല, പരസ്യമായി അവയെ ന്യായീകരിക്കുകയും ചെയ്യുമ്പോള്‍, യഥാര്‍ഥത്തില്‍ അവര്‍ ജനവിരുദ്ധമായ രാഷ്ട്രീയത്തിന്റെ രക്തം തങ്ങളുടേതായി പ്രഖ്യാപിക്കുകയും ജനങ്ങളുടെ ഭൂമിയും തൊഴിലും ജീവിതവുമെന്ന അടിസ്ഥാന ലക്ഷ്യം കൈയൊഴിഞ്ഞ് സ്വന്തം ഭൂതകാലത്തപ്പോലും നിരസിക്കുകയും ചെയ്യുന്നു. ജനാധിപത്യം ഉറപ്പു നല്‍കുന്ന വിയോജിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഇടതുപക്ഷം അങ്ങനെ സ്വയം വലതുപക്ഷത്തെത്തിച്ചേരുന്നു. രായ്ക്ക് രാമാനം ഇടതില്‍ നിന്ന് വലതിലേയ്ക്കും തിരിച്ചും മാറാവുന്ന സൌകര്യപ്രദമായ ഒരു കര്യര്‍സംസ്കാരം രാഷ്ട്രീയ മേഖലയില്‍ തൊഴില്‍പരമായ സംഘര്‍ഷങ്ങള്‍  സൃഷ്ടിക്കുന്നതി നാല്‍, കോണ്‍ഗ്രസ്സുകാരന്റെ ശത്രു മറ്റൊരു കോണ്‍ഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരന്റെ യഥാര്‍ഥ ശത്രു സ്വന്തം പാര്‍ട്ടിക്കാരനുമാകുന്നു. എല്ലാ ജാതിമത സങ്കേതങ്ങളെയും അവയുടെ പ്രത്യയശാസ്ത്ര പരികല്‍പ്പനകളില്‍ നിന്ന് അന്യവല്‍ക്കരിക്കുകയും ഓരോ സംഘവും പാര്‍ട്ടിയും തങ്ങളുടെ ആവശ്യത്തിനുതകുന്ന അര്‍ഥോല്‍പ്പാദനത്തില്‍ക്കൂടി അധികാരസംരക്ഷണത്തിനായി അവയെ ഉപയോഗിക്കുകയും ചെയ്യുക വഴി ഭാഷയുടെ പ്രത്യുല്‍പ്പാദനക്ഷമതയെ തകര്‍ക്കുകയാണ്. വികസനത്തിന്റെ പേരില്‍ വിഷം വിതറി ഭൂമിയെ മലിനവും ഊഷരവുമാക്കുകയും ഊഷരഭൂമിയായ തിനാല്‍ വികസനത്തിനായി ഏതെങ്കിലും അതിസമ്പന്നന് നല്‍കി കോഴ വാങ്ങുകയും ചെയ്യുന്നതിലെ രാഷ്ട്രീയ പിത്തലാട്ടം സ്വാഭാവികമായും ഭാഷയിലും വിനാശകരമായ വേനല്‍ക്കാറ്റുവീശാന്‍ കാരണമായി. രതി മണക്കുന്ന പൈങ്കിളിവാര്‍ത്തകളുടെ പെര്‍ഫ്യൂം കോംപ്ലക്സ് സാഹിത്യ മനസ്സുകളില്‍ വാരിപ്പൂശി പരസ്പരം വിതരണം ചെയ്യപ്പെടുന്ന അവാഡുകളുടെ കൈമണിക്കിലുക്കവുമായി കമ്പോളം കീഴടക്കുന്ന കൃതികളിലൂടെ, ധരിക്കുന്നത് സാരിയെക്കാള്‍ ചൂരിദാറായിരുന്നെങ്കില്‍ കഥകള്‍ /അഥവാ കവിതകള്‍ എത്ര മനോഹരമായിരുന്നേനെയെന്ന് ഫോണ്‍ സന്ദേശം നല്‍കുന്ന പത്രാധിപന്മാരുടെ ഉപദേശ സൂക്തവും വിഴുങ്ങി കേരളം മുഴുവന്‍ അവാര്‍ഡു കവികളും കവയത്രികളും നോവലിസ്റ്റുകളും ഉറഞ്ഞാടിയിട്ടും എന്തേ മലയാള സാഹിത്യത്തില്‍ ഒരു മാസമെങ്കിലും വായനക്കാരന്റെ അഭിരുചിയെ വെല്ലുവിളിക്കാന്‍ പ്രാപ്തിയുള്ള കൃതികളുണ്ടാകാത്തത്? അതിന്റെ ഉത്തരം വളരെ വ്യക്തമായി ഒരു കേരള സാഹിത്യ അക്കാദമി അവാഡു വിന്നര്‍ പറഞ്ഞുതന്നു. പതിനായിരം രൂപയുടെ അവാഡ് കിട്ടാനായി ഇരുപത്തയ്യാരം രൂപ കോഴ കൊടുക്കുന്നത് നഷ്ടമല്ലേ എന്ന സംശയത്തിന് നിഷ്കളങ്കനായ അദ്ദേഹം പറഞ്ഞ മറുപടി, - 'മരിച്ചു കിടക്കുമ്പോള്‍ ഔദ്യോഗിക ബഹുമതിയായി വെടിവയ്ക്കും, അതിന് വേണ്ടി പതിനയ്യായിരം കളഞ്ഞാലെന്ത്?'- മലയാള സാഹിത്യം നേരിടുന്ന ശരിയായ വെല്ലുവിളിയെന്തെന്ന് സൂചിപ്പിക്കുന്നു. തന്റെ മരണശേഷം തനിക്കുവേണ്ടി വെടി വയ്ക്കുന്നതും സ്വപ്നം കണ്ട് കോഴ കൊടുത്ത് അവാഡു വാങ്ങുന്ന സാഹിത്യകാരനില്‍ നിന്ന് നാമെന്തുതരം പ്രതിഭാപ്രകര്‍ഷമാണ് പ്രതീക്ഷി ക്കേണ്ടത്. പക്ഷേ, കേവലമായ ഒരന്വേഷണം പോലും നമ്മെ ബോധ്യപ്പെടുത്തുന്നത്, ഈ ദുരവസ്ഥ, കമ്പോളസാഹിത്യ വും കുത്തക പ്രസാധകരും  രാഷ്ട്രീയാധികാരികളും -അത് മന്ത്രിമാരാകട്ടേ, സര്‍വകലാശാലകളാകട്ടേ, മറ്റ് പല തരം സാംസ്കാരിക സ്ഥാപനങ്ങളാകട്ടേ -ചേര്‍ന്നൊരുക്കിയിരിക്കുന്ന ഒരു കെണിയുടെ ഫലമായി സംഭവിച്ചിട്ടുള്ള തമസ്ക്കരണ തന്ത്രത്തിന്റെ ഫലമാണെന്ന പച്ചപ്പരമാര്‍ഥമാണ്. മൌലികതയുള്ളവയും അധികാര രാഷ്ട്രീയത്തിന്റെ നിലനില്‍പ്പിനെ ഹനിക്കുന്നവയുമായ കൃതികളൊന്നും ജനങ്ങളിലെത്താതിരിക്കുക എന്നതാണ് ആ കെണിയുടെ കാതല്‍. ഒരു ഉദാഹരണത്തിന്, മലയാള ഭാഷയുടെയും സാഹിത്യത്തിന്റയും വികാസ പരിണാമങ്ങളെപ്പറ്റി ദീര്‍ഘമായ ഗവേഷണ ത്തിന്റെ ഫലമായി രചിക്കപ്പെട്ട ഒരു കൃതി പ്രസിദ്ധീകരിച്ച കേരള സര്‍ക്കാരിന്റെ ഒരു പ്രസാധക സ്ഥാപനത്തിന്റെ ‍ഡയറക്റ്റര്‍ തന്നെ ആ ഗ്രന്ഥം വ്യാകരണവും ഭാഷാശാസ്ത്രവുമെല്ലാം ഉള്‍ക്കൊള്ളുന്നതായതിനാല്‍ വിറ്റു പോകില്ലെന്ന് കൃതി പ്രസിദ്ധീകരിച്ചതിന്റെ പിന്നാലേ തന്നെ ലേഖനങ്ങളെഴുതി. എന്നല്ല, വ്യാകരണവും  ഭാഷാശാസ്ത്രവുമൊന്നുമില്ലാ തെ ഭാഷോല്‍പ്പത്തി സംബന്ധിച്ച ചില കോമ്പസിഷനുകള്‍ (പണ്ടത്തെ രചന)വായില്‍വന്നത് കോതയ്ക്ക് പാട്ടെന്ന മട്ടില്‍ അവരുടെ മുഖപത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വസ്തുതാപരമായ പഠനങ്ങളൊന്നും പ്രസിദ്ധീകരിക്കാ തിരിക്കുകയും വെറുതേ എന്തെങ്കിലുമൊക്കെ മറ്റ് സ്വാധീനതകളുടെ പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍  പ്രസാധന സ്ഥാപനത്തിന്റെ കാര്യമാണിത്. സ്വകാര്യ പ്രസിദ്ധീകരണങ്ങള്‍ക്കും ചാനലുകള്‍ക്കുമാകട്ടേ, ഗവേഷണപരമായ പ്രവര്‍ത്തനങ്ങളോട് ഏഷണി പറയാന്‍ സ്കോപ്പൊന്നുമില്ലെന്ന അജ്ഞാനം കൊണ്ടാകാം തികഞ്ഞ പുച്ഛമാണ്. അവരുടെ ലോകം തുടങ്ങുന്നതും ഒടുങ്ങുന്നതും സിനിമാക്കാരിലും മിമിക്രിക്കാരിലുമാണ്. കാരണം മേല്‍പ്പറഞ്ഞതു തന്നെ. ഓരോ ചാനല്‍ പ്രവര്‍ത്തകന്റെയും കണ്ണ് എങ്ങനെയും സിനിമതാരമായി പത്ത് കാശും പേരുമുണ്ടാക്കണമെന്നതു മാത്രമാണ്. മാധ്യമ പ്രവര്‍ത്തനം സിനിമയെക്കാള്‍ ശക്തവും മൂര്‍ച്ചയേറിയതുമായ ഒരു കര്‍മ മേഖലയാണെന്നും സമൂഹത്തില്‍ സിനിമയെക്കാള്‍ സ്വാധീനത ചെലുത്താന്‍ നേരേ ചൊവ്വേയുള്ള മാധ്യമ കര്‍മ്മ ങ്ങള്‍ക്ക്കഴിയുമെന്നും വിശ്വാസമുള്ള എത്ര മാധ്യമ പ്രവര്‍ത്തകരുണ്ടാകും. അച്ചില്‍ വാര്‍ത്തെടുത്ത അഭിപ്രായങ്ങളു മായി, ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് പരസ്യമായി പറയാന്‍ മടിയില്ലാത്ത കുറേ ആസ്ഥാന ചാര്‍ച്ചികന്മാരു ടെ വായ്ത്താരി മേളകള്‍ മിമിക്രിയെക്കാള്‍ പലപ്പോഴും ഹാസ്യാത്മകമാണെന്ന് സമ്മതിക്കുമ്പോഴും അതല്ല മാധ്യമങ്ങള നുഷ്ഠിക്കേണ്ട ധര്‍മ്മമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
          കോടീശ്വരന്മാരുടെ വ്യവസായമായ മാധ്യമങ്ങളും  സമ്പന്നരായ സിനിമാതാരങ്ങളും അധികാരവും അതിന്റെ മറവിലൂടെ അവിഹിതമായ സമ്പത്തുമാര്‍ജ്ജിച്ചിട്ടുള്ള രാഷ്ട്രീയ നേതൃത്വങ്ങളും പ്രസാധക ദുരയും ചേര്‍ന്ന ഒരു സാമൂഹിക ഘടനയുടെ രാഷ്ട്രീയം ജനങ്ങളില്‍ നിന്നകന്നതും സര്‍ഗാത്മകതയോട് ശത്രുത്വമുള്ളതും സ്വാഭാവികമായും നിഷേധാത്മ കവുമാണ്. നിഷേധാത്മക രാഷ്ട്രീയത്തിന്റെ ബംബര്‍ലോട്ടറികള്‍ വിറ്റഴിയുന്ന അലസമായ ഒരു സമൂഹത്തില്‍ നിന്ന് കാലഘട്ടത്തിന്റെ നോവും നിനവും ചരിത്രാത്മകതയും പങ്കിടുന്ന സര്‍ഗാത്മക കലാപങ്ങള്‍ രൂപപ്പെട്ടാലും അവ അംഗീകരിക്കപ്പെടുകയില്ല. ഒരേ സമയം ജനാധിപത്യാവകാശങ്ങളെ നീതിന്യാക്കോടതികളെയും പൊലീസിനെയുമുപ യോഗിച്ചും നീതിന്യായ വ്യവസ്ഥയെ ജനാധിപത്യത്തിന്റെ മറ ഉപയോഗിച്ചും പരസ്പരം തകര്‍ക്കുകയെന്ന ഹീനതന്ത്ര മാണ് ഈ രാഷ്ട്രീയ കാലാവസ്ഥയില്‍ പ്രതിഫലിപ്പിക്കുന്നത്. നീതിന്യായ വ്യവ്യസ്ഥയെ അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ വകാശത്തെ ദുരുപയോഗിക്കുക, തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടി നീതിന്യായ വ്യവസ്ഥയ്ക്ക് പാരപണിയുക എന്ന തൊക്കെ വലിയ സാമര്‍ഥ്യമായിട്ടാണ് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ പാര്‍ട്ടികളും പയറ്റുന്നത്‍. അടുത്ത കാലത്ത് ഒരു മന്ത്രി രാജിവച്ചതും രാജി പിന്‍വലിച്ചതുമൊക്കെ കാണുന്ന ജനങ്ങള്‍ക്ക് ജനാധിപത്യത്തോടുള്ള വിശ്വാസം നഷ്ടപ്പെടുകയാണെങ്കില്‍, അതു തന്നെയാണ് മന്ത്രിയും യു.ഡി.എഫും കാട്ടിയ കോമാളിജനാധിപത്യത്തിനുള്ള സാക്ഷ്യ  പത്രം. ഈ ചൂതാട്ടത്തെ  എതിര്‍ക്കാനു ള്ള ധാര്‍മ്മിക ബലം പ്രതിപക്ഷം സ്വയം നഷ്ടപ്പെടുത്തുകയും ചെയ്തു.
ഇത്തരമൊരു സാഹചര്യത്തില്‍ നിന്ന് വിളയുന്ന സാഹിത്യത്തില്‍ സാംസ്കാരിക കേരളത്തിന് അഭിമാനിക്കാനൊന്നു മില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പ്രസാധക മുതലാളിമാരും സര്‍ക്കാരും സര്‍ക്കാര്‍ വിലാസം സാഹിത്യകാരന്മാരും ചേര്‍ന്ന് ബിനാലേകളും ഉത്സവങ്ങളും രൂപപ്പെടുത്തുന്നത്. എന്തിനേറെ, മര്യാദയ്ക്ക് ഒരു കവിത ചൊല്ലിക്കേട്ടിട്ട് മരിച്ചാല്‍ മതിയെന്ന് പഴമക്കാരെ  കുറിപിടിക്കാനാണ് തോന്നുന്നത്. കാരണം, ആരെങ്കിലും കവിത ചൊല്ലുമെന്ന് കേട്ടാലുടനേ ചെണ്ടയും ഉടുക്കുമായി ഓടിപ്പിടഞ്ഞെത്തുന്ന ഗാനമേളക്കാര്‍  വിവാഹ വേദികളില്‍ കല്യാണം മിനക്കെടുത്താന്‍ വരുന്ന വീഡിയോ ചിത്രീകരണക്കാരെപ്പോലെയായിട്ടുണ്ട്. ഉത്സവം നടത്താനെളുപ്പമാണ്. വേണ്ടപ്പെട്ടവരെയെല്ലാം സാഹിത്യ കാരന്മാരോ, കാരികളോ, പ്രതിഭയുടെ  മൊത്തക്കച്ചവടക്കാരോ ഒക്കെ ആക്കാം. പദ്മവിഭൂഷണരാക്കാനും പറ്റും. പക്ഷേ, എല്ലാം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ എന്തുണ്ട്, എന്തുണ്ട്സഞ്ചിയില്‍ ബാക്കി എന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ മുഴങ്ങി നില്‍ക്കുന്നു, ഒരു മുഖ്യമന്ത്രിച്ചിരിയുമായി കോമാളിയുടെ വേഷം ധരിച്ച ഒരു പെരുങ്കള്ളനെപ്പോലെ