May 26, 2015


ജീവിച്ചിരിക്കുന്ന കവിയുടെ പ്രതിഭയ്ക്ക്

സ്വയം

ഒരു (സ്)മാരകം പണിയുമ്പോള്‍ 


കേരളത്തില്‍ ധാരാളം ഫൌണ്ടേഷനുകളുണ്ട്. കവികളുടെ പേരുകളിലുമുണ്ട് പലതും. അവയെല്ലാം മരിച്ചവരുടെ  ആരാധകരും സുഹൃത്തുകളും ബന്ധുക്കളുമൊക്കെ ചേര്‍ന്നു വിവിധ ലക്ഷ്യങ്ങളോടെ  സ്ഥാപിക്കുന്നവ യാണ്. ഏറ്റവും കുറഞ്ഞത്, ഇതുവരെയുള്ള അനുഭവം വച്ചുകൊണ്ട് പറഞ്ഞാല്‍, ലക്ഷ്യം നഗരഹൃദയത്തില്‍ അഞ്ചുസെന്റ്  ഭൂമിയും അവിടെ തല്‍പ്പര കക്ഷികള്‍ക്ക് ഒരു കൊമേഴ്സ്യല്‍ കോംപ്ലക്സുമാണ്. അതെന്തുമാകട്ടേ, ഫൌണ്ടേഷന്‍ നിര്‍മാണ ചരിത്രത്തില്‍ ഇതാ തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ തുടക്കം. സാധാരണയായി ഒരു കവിയുടെ പ്രതിഭയുടെ ഫൌണ്ടേഷനെന്ന് പറയുന്നത് അദ്ദേഹത്തിന്റെ കവിതകളാണ്. കവിയുടെ ചരമാനന്തരം അദ്ദേഹത്തിന്റെ രൂപബോധം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനായി പ്രതിമ സ്ഥാപിക്കുകയും  മറ്റ് പല പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. തിരുവനന്തപുരത്തെ ഒരു മഹാകവി ഒരു പുതിയ സമാരംഭം കൂടെ കുറിച്ചു. സ്വന്തം പ്രതിഭയില്‍ തീരെ വിശ്വാസമില്ലാത്തതിനാലാണോ, അതോ, ചുറ്റും കൂടിനില്‍ക്കുന്ന ആരാധകരുടെ ആത്മാര്‍ഥത താന്‍ മരിച്ചുകഴിഞ്ഞാലും ഉണ്ടായിരിക്കുമോ എന്ന സംശയം കൊണ്ടാണോ എന്തോ,താന്‍ ജീവിച്ചിരിക്കേ തന്നെ തന്റെ പ്രതിഭയ്ക്ക് ഒരു സ്മാരകം നിര്‍മ്മിക്കുന്ന തിരക്കിലാണ്. വിവിധ തരം കലാകായിക പരിപാടികളും അതിന്റെ പേരില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓ.എന്‍. വിയുടെ കവിതകളുടെ കാര്യത്തില്‍ ന്യായമായിത്തന്നെ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമാ-നാടക ഗാനങ്ങളുടെ മാധുര്യത്തെപ്പറ്റി ഒരാള്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകാന്‍ വഴിയില്ല. സിനിമാഗാനങ്ങളെയും കവിതയെന്ന് വിളിക്കുന്നതിലാണ് വൈലോപ്പള്ളി ശ്രീധരമോനോന്‍ പോലും പരിഹാസ്യത കണ്ടെത്തിയിട്ടുള്ളത്. ഇത് പൊതുവേ സാഹിത്യ വിമര്‍ശകര്‍ തുറന്നുകാട്ടിയിട്ടുമുണ്ട്. എങ്കിലും സ്വന്തം പ്രതിഭയ്ക്ക് സ്വന്തം കവിതകള്‍ ഒരു അടിത്തറയുമൊരുക്കുന്നില്ല എന്ന കവിയുടെ തിരിച്ചറിവ് പക്ഷേ, അന്ധരായ ആരാധകര്‍ക്കില്ലല്ലോ.

No comments:

Post a Comment