May 27, 2015

മന്ത്രി കെ.സി.ജോസഫിന്റെ  നേതൃത്വത്തില്‍ പുതിയ ഒരു തട്ടിപ്പുകൂടി

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ‍കേന്ദ്രീകരിച്ചു കൊണ്ട് ഒരു സാഹിത്യചോരണ ശൃംഖല തന്നെ പ്രവര്‍ത്തിച്ചു വരുന്നത് ഇപ്പോള്‍ ഒരു വാര്‍ത്തയല്ലാതായിട്ടുണ്ട്. എം.ആര്‍. തമ്പാന്‍ യു.ഡി.എഫ് നോമിനിയായി അവിടെ ഭരണം തുടങ്ങിയതു മുതല്‍ പ്രസ്തുത സ്ഥാപനത്തെ, തന്റെ സ്തുതിപാഠകരുടെയോ, രാഷ്ട്രീയ സംരക്ഷകരുടെയോ പെരുച്ചാഴിമടയായി മാറ്റിക്കഴിഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കുന്ന  പല എഴുത്തുകാരുടെയും കൈയില്‍ നിന്ന് ഉദ്ഘാടനച്ചടങ്ങുകളുടെ പേരില്‍ പണം വാങ്ങിക്കുന്നതായി അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. അത് നല്‍കാത്തതിന്റെ പേരില്‍ കേ.ഭാ.ഇ. പ്രസിദ്ധീകരിച്ച എന്റെ 'മലയാള ഭാഷ തൊല്‍കാപ്പിയത്തില്‍ 'എന്ന കൃതിക്കെതിരായി തമ്പാന്‍തന്നെ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്.

    ഇവിടെ ഇതെഴുതാന്‍ കാരണം,  തമ്പാന്റെയും മന്ത്രി. കെ.സി. ജോസഫിന്റെയും നേതൃത്വത്തില്‍ മറ്റൊരു തട്ടിപ്പിന് അരങ്ങൊരുങ്ങുന്നതാണ്. മന്ത്രി കെ.സി. ജോസഫിന്റെ സാംസ്കാരിക താല്‍പ്പര്യങ്ങള്‍ എല്ലാവര്‍ക്കു മറിയാം. കൈയിലേ കാശ്, വായിലേ ദോശ എന്നതിനപ്പുറം ഒരു സാംസ്കാരിക ധാരണയും അദ്ദേഹത്തിനുള്ള തായി ശത്രുക്കള്‍ പോലും പറഞ്ഞുകേട്ടിട്ടില്ല. തമ്പാനാകട്ടെ ജീവിച്ചിരിക്കുന്ന ആളുകള്‍ക്ക് പോലും തിലോദകം ചാര്‍ത്തുന്ന തരം ഭാഷാപണ്ഡിതനും. അതായത്, ഒരു സാധാരണ മലയാള പദത്തിന്റെ അര്‍ഥവും പ്രയോഗ രീതികളും സാധ്യതകളും തിരിച്ചറിവില്ലെന്ന് ഇതിനകം തമ്പാന്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ചേര്‍ന്ന് , ചില ആസ്ഥാന കമ്മറ്റിക്കാരെയും കൂട്ടി ശബ്ദതാരാവലി പുനര്‍നിര്‍മ്മിക്കാന്‍ പോകുന്നതായി ഒരു വാര്‍ത്ത വന്നിരുന്നു. അതില്‍ ചില കമ്മിറ്റി അംഗങ്ങള്‍ മലയാള സര്‍വകലാശാല കഴിഞ്ഞ നവംബറില്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സമഗ്ര മലയാള ഭാഷാ നിഘണ്ടുവിന്റെ കമ്മറ്റിയിലും ഉപദേശകാംഗങ്ങളാണ്. ചുരുക്കത്തില്‍, മലയാള സര്‍വകലാശാല 2015 നവംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന നിഘണ്ടു ചോര്‍ത്തിയും മറ്റ് ചില നിഘണ്ടുക്കളില്‍ നിന്ന് കട്ടിങും പേസ്റ്റിങും നടത്തിയും ഒരു വ്യാജ നിഘണ്ടു ഒപ്പിക്കാനുള്ള ഗൂഢശ്രമത്തിനാണ് മന്ത്രി നേതൃത്വം നല്‍കുന്നത്. മല.ഭാഷയുടെ പേരില്‍ ഉള്ള ഒരു സര്‍വകലാശാല ചെയ്തു കൊണ്ടിരിക്കുന്ന മൌലികമായ ഒരു കാര്യം മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിയും ഒരു മന്ത്രിയും കൂടി പൊതു ഖജനാവിലെ പണം മുടക്കി ചെയ്യാന്‍ തുടങ്ങുന്നത് വിദ്യാഭ്യാസ മന്ത്രിയേയും വിദ്യാഭ്യാസ വകുപ്പിനെയും വിശ്വാസമില്ലാഞ്ഞിട്ടോ, അതോ, സര്‍വകലാശാലയുടെ നേട്ടം പിന്‍വാതിലിലൂടെ സ്വന്തമാക്കാനോ എന്നറിയില്ല. ഒരു കാര്യം മാത്രം വ്യക്തം. കേരള സര്‍ക്കാര്‍ ഒരു കൂട്ടം വ്യാജന്മാരുടെ നിയന്ത്രണത്തിലാണെന്ന്.

No comments:

Post a Comment