Jul 20, 2015

കേരളത്തില്‍ നിലനില്‍ക്കുന്ന ഐക്യമുന്നണി രാഷ്ട്രീയം അപകടകരമാണ് ,അതിനെ പരാജയപ്പെടുത്തുക.


       കേരളത്തില്‍ മുന്നണി നേതാക്കള്‍ക്ക് ജനങ്ങളോട് ഒരാദരവുമില്ലാതായിരിക്കുന്നുവെന്നാണ് യു.ഡി.എഫും എല്‍.ഡി.എഫും തെളിയിച്ചുകൊണ്ടിരിക്കുന്നതു്. ഉമ്മന്‍ചാണ്ടിയും മാണിയും കുഞ്ഞാലിക്കുട്ടിയും കേരളീയ പൊതുസമൂഹത്തെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. ഭരണം ഒരു സമുദായത്തിലെയും സാധാരണക്കാര്‍ക്ക് വേണ്ടിയല്ലെങ്കിലും, മതത്തിന്റെയും ജാതിയുടെയും മറപിടിച്ചാണ് ഇവര്‍ കേരളീയ ജനസമൂഹത്തെ വെല്ലുവിളിക്കുന്നത്. അധികാരത്തിലെത്തുമ്പോഴെല്ലാം എല്‍.ഡി.എഫും ഈ ധാര്‍ഷ്ട്യം കാണിക്കുന്നുണ്ട്. ഈ രണ്ടു കൂട്ടരും മാറി മാറി അധികാരത്തില്‍ വരുന്നതിനുള്ള ഞുണുക്കു വേലകളല്ലാതെ ഈ നേതാക്കളുടെയെല്ലാം പൊതുസ്വഭാവം തെക്ക് നിന്ന് വടക്കോട്ട് സംസ്ഥാനത്തെ പൊതുഇടങ്ങള്‍ മുഴുവന്‍ വിറ്റ് കാശാക്കുകയാണ്. പത്തു രൂപ തികച്ചെടുക്കാനില്ലാത്ത ആദിവാസികളുടെ ഭൂമി മുഴുവന്‍ കൈയേറ്റക്കാര്‍ ഈ മുന്നണികളുടെ സഹായത്തോടെയാണ് അവരില്‍ നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ ആദിവാസികള്‍ക്ക് കേറിക്കിടക്കാന്‍ നല്‍കാന്‍ ഭൂമിയില്ല. സഹസ്രകോടികള്‍ കൈവശമുള്ള സംഘടിത മതങ്ങള്‍ക്ക് പതിച്ചു കൊടുക്കാന്‍ ഇഷ്ടം പോലെ ഭൂമിയുണ്ട്. ആദിവാസികളെ അടിച്ചോടിച്ച് ക്രിസ്തീയ സഭ പിടിച്ചെടുത്ത സുല്‍ത്താന്‍ ബത്തേരിയിലെ ഫറോനപള്ളിയും കോളജും  നില്‍ക്കുന്ന ഭൂമിയും പത്തു രൂപ വാങ്ങാതെ പള്ളിക്ക് കൊടുക്കാന്‍ ഈ മന്ത്രി സഭ എടുത്ത തീരുമാനത്തെപ്പറ്റി ജനം ടി.വി. ഒഴികെ കേരളത്തിലെ ഒരു മാധ്യമവും ഒരു പാര്‍ട്ടിയും ഇനിയും മിണ്ടിയിട്ടില്ലെന്നതും പൊതു സമൂഹം ശ്രദ്ധിക്കണം. കാശെറിഞ്ഞ് കാശുണ്ടാക്കുന്ന തന്ത്രത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും മുഖ്യമാധ്യമങ്ങളും ഒറ്റക്കെട്ടാണ്. കാരണം, ജനങ്ങള്‍ക്ക് ഈ രണ്ടു മുന്നണികളെ മാത്രം ആശ്രയിക്കേണ്ടി വരുന്നുവെന്ന അവരുടെ വിശ്വാസം. അവരോ, പരസ്യമായി ഗോഗ്വാ വിളിക്കുകയും പരസ്പരം കണ്ണിറുക്കുകയും ചെയ്യുന്നു. അതിനാല്‍ കേരളീയര്‍ ഓര്‍മിക്കുക. അടുത്ത തെരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി കൊക്കും കൂര്‍പ്പിച്ചിരിക്കുന്ന ഈ രണ്ടു മുന്നണികളുടെയും നേതാക്കളെയും മുന്നണിയുടെ പേരിലുള്ള ധിക്കാര രാഷ്ട്രീയത്തെയും തുടച്ചു നീക്കി കേരളത്തിലെ രാഷ്ട്രീയ പരിസരം ശുദ്ധീകരിക്കേണ്ടത് ഒരു ബാധ്യതയായി ജാതി-മതാതീതമായി കേരളീയര്‍ സ്വയം ഏറ്റെടുക്കുക.

No comments:

Post a Comment