Oct 23, 2015

ജാതി-വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതാര്.

ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും വര്‍ഗീയതയും ജാതിസ്പര്‍ദ്ധയും പ്രചരിപ്പിക്കുന്നതും വളര്‍ത്തുന്നതും ആരാണെന്ന ചോദ്യത്തിന് സത്യസന്ധമായി ഒറ്റ മറുപടിയേയുള്ളു. എല്ലാ പാര്‍ട്ടികളു ടെയും നേതാക്കളും മാധ്യമങ്ങളും. വിശേഷിച്ച് ദൃശ്യമാധ്യമങ്ങള്‍ ഇതൊരു തൊഴിലായിത്തന്നെ സ്വീകരിച്ചിരിക്കുന്നു. നാരായണ ഗുരുവെന്ന് പറഞ്ഞാലുടന്‍ ഈഴവരെ ചേര്‍ത്തു പറയുക, മുഹമ്മദ് എന്ന് പറഞ്ഞു പോയാലുടനെ മുസ്ലീങ്ങളുടെ വികാരം വ്രണപ്പെട്ടെന്ന് പ്രചരിപ്പിക്കുക, നായരെക്കുറിച്ച് പറയുന്നതിന്‍റെ കുത്തക പെരുന്നയിലെ സുകുമാരന്‍ നായര്‍ക്കാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, കോളജധ്യാപക നിയമനത്തിന് എല്ലാ മാനേജുമെന്‍റുകളും കോഴവാങ്ങുന്നുണ്ടെങ്കിലും എസ്.എന്‍.ഡി.പി മാത്രമാണ് കോഴവാങ്ങുന്നതെന്ന് പറഞ്ഞു പരത്തുക തുടങ്ങി, സര്‍വതരം ഏഷണികളും ചില ദൃശ്യമാധ്യമങ്ങളുടെ മാറാ രോഗമായിത്തീര്‍ന്നിട്ടുണ്ട്. ഈ പറയുന്ന മാധ്യമക്കാരനും പാര്‍ട്ടിക്കാരനു മെല്ലാമറിയാം കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷവും ജാതിയും മതവും നോക്കിയല്ല വോട്ടു ചെയ്യുന്നതെന്ന് ആ അടിസ്ഥാനത്തിലല്ല ചിന്തിക്കുന്ന തെന്നും. പക്ഷേ, അതവര്‍ക്കിഷ്ടമല്ല. അവര്‍ക്ക് വേണ്ടത് തമ്മില്‍ത്തല്ലുന്ന ജനങ്ങളെയാണ്. അതിലാണവരും ബിസിനസിന്‍റെ നിലനില്‍പ്പ്. അതുകൊ ണ്ട് അവര്‍ നിരന്തരം അതുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. അങ്ങനെ ജനങ്ങളിലില്ലാത്ത വര്‍ഗീയത ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കാര്‍ ക്കും മാധ്യമങ്ങള്‍ക്കമുള്ള ഒരേ ലക്ഷ്യമാണുള്ളത്. ജനങ്ങള്‍ ഇത്തരം വേര്‍തിരിവുകള്‍ക്കതീതമായി ഒന്നിക്കുകയും സ്വന്തം പ്രശ്നങ്ങള്‍ക്ക് സ്വതന്ത്രമായി പരിഹാരം കാണുകയും ചെയ്താല്‍ ഈ രണ്ടുകൂട്ടരും എളുപ്പത്തിനായി എടുത്തുപയോഗിക്കുന്ന വര്‍ഗീയതയുടെ വിഷം പിന്നെ ഇവിടെ വില്‍ക്കാതാകും. ജനങ്ങള്‍ നായരെന്നും നമ്പൂതിരിയെന്നും ഹിന്ദുവെന്നും മുസ്ലീമെന്നും തിരിഞ്ഞാണ് ചിന്തിക്കുന്നതെന്നും അതിനാല്‍ നായരോട് മിണ്ടിയാല്‍ ഈഴവര്‍ പിണങ്ങുമെന്നും ഹിന്ദുവിനോട് മിണ്ടിയാല്‍ മുസ്ലീങ്ങളും ക്രസ്ത്യാനികളുമെല്ലാം പിണങ്ങുമെന്നും ഒരടിസ്ഥാനവുമില്ലാതെയെന്നല്ല, ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് നേരേ കടക വിരുദ്ധമായ തരത്തില്‍ സ്വയം കമ്മ്യൂണിസ്റ്റുകാരെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ തൊട്ട് മതേതരച്ചെണ്ടയും കൊട്ടി നടക്കുന്നവര്‍ വരെ ജനങ്ങളെപ്പറ്റി കുപ്രചാരണം നടത്തുകയാണ്. വോട്ടിന് വേണ്ടി രാജ്യത്തെ തകര്‍ക്കുന്നതിന് പോലും പാര്‍ട്ടികള്‍ക്കും പല ദൃശ്യമാധ്യമങ്ങള്‍ക്കും മടിയില്ലെന്ന് അവര്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും, കേരളീയര്‍ ജാതിക്കോമരങ്ങളും മതഭീകരരുമാണെന്ന പ്രചാരണം നിര്‍ത്താന്‍ കേരളീയരൊന്നടങ്കം പാര്‍ട്ടികളോടും മാധ്യമങ്ങളോടും ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

No comments:

Post a Comment