Sep 11, 2015

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍

രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏജന്റുമാരായ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ കാപട്യവും മുതലാളി സേവയും തൊഴിലാളികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. 500 രൂപ ബോണസ് വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത നേതാക്കളുടെ പുറത്ത് മറഞ്ഞുകിടക്കുന്ന മുതലാളിത്ത രേഖകള്‍ മാത്രമല്ല, അവരുടെ താല്‍പ്പര്യങ്ങളും അവര്‍ക്കറിയാം. ഐ.എന്‍.ടി.യു.സി, സി.ഐ.റ്റി. യു, എ.ഐ.റ്റി. യു.സി എന്നീ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ വീടുകള്‍ അവര്‍ കാണുന്നു. സ്വന്തം വാടകത്താവളങ്ങളായ പാടികളും. അതിനാല്‍, തൊഴിലാളികളെ ഊറ്റിക്കുടിച്ച് തടിച്ചു കൊഴുത്ത രാഷ്ട്രീയ വേതാളങ്ങളെ അവര്‍ പടിയടച്ചു പിണ്ഡം വച്ചു. തൊഴിലാളികളില്‍ നിന്നുയര്‍ന്നു വന്നിട്ട് പാര്‍ട്ടി നേതാക്കളുടെയും മുതലാളിമാരുടെയും വാലായി മാറിയ രാജേന്ദ്രന്‍ എം.എല്‍.എ യെ അവര്‍ സമര സ്ഥലത്ത് നിന്നും പറഞ്ഞു വിട്ടു. ഇടുക്കിയും വയനാടും പല തരം മാഫിയകളുടെ വിളയാട്ട ഭൂമിയാണ്. അവിടത്തെ മറ്റൊരു മാഫിയയാണ് പാര്‍ട്ടി നേതാക്കള്‍ .അവരാണ് ആ മേഖലകളുടെ സര്‍വനാശത്തിനും ചുക്കാന്‍ പിടിക്കുന്നവര്‍. മണിയും കിണിയുമെല്ലാം ആ സംഘത്തിലുണ്ട്.അത് തിരിച്ചറിഞ്ഞ തൊഴിലാളികളേ, പരാന്നജീവികളായ രാഷ്ട്രീയ മാടമ്പിമാരെയെല്ലാം മാറ്റി നിര്‍ത്തി സ്വയം ഒറ്റ സംഘടനയായി നിന്നാല്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാകുകയില്ല. കേരള ജനത നിങ്ങളോടൊപ്പമുണ്ടാകും. സമര ഭൂമിയില്‍ നില്‍ക്കുന്ന മൂന്നാറിലെ തോട്ടം തൊഴിലാളി സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ .

No comments:

Post a Comment