Sep 13, 2015

മൂന്നാര്‍ മുന്നറിയിപ്പിന് അഭിവാദ്യങ്ങള്‍

എനിക്കെന്റെ നാട്ടിലെ തോട്ടം തൊഴിലാളികളെപ്പറ്റി അഭിമാനം തോന്നുന്നു. അവരിലുണര്‍ന്നുജ്ജ്വലിക്കുന്ന പോരാട്ട വീര്യത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മുന്നില്‍ മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെയും മോചനത്തിന്റെ ശരിയായ വഴി, മൂന്നാറിലെ രക്തം വറ്റി ഉണക്കച്ചുള്ളികളായി മാറിയ തൊഴിലാളി സഹോദരിമാര്‍ സ്വയം വെട്ടിത്തുറന്നുതന്നിരിക്കുന്നു. മുതലാളിമാരാണോ, അവരുടെ  കിമ്പളം പറ്റിക്കൊണ്ട് ,പല നിറമുള്ള കൊടികളുമായി നടന്ന് തൊഴിലാളികളെ ഊറ്റിക്കുടിക്കുന്ന  രാഷ്ട്രീയ വ്യാജന്മാ രാണോ ഏറ്റവും വലിയ ചൂഷകര്‍ എന്ന ചോദ്യം സമൂഹത്തില്‍ ഉയര്‍ന്നു കഴിഞ്ഞു. ഒരു കാര്യം വ്യക്തം. ജനങ്ങള്‍ക്ക് നേതാക്കന്മാരില്ലെങ്കിലും കുഴപ്പമൊന്നുമില്ല. അവര്‍ ജോലിയെടുത്ത് കഴിയുന്നവരാണ്. പക്ഷേ, നേതാക്കള്‍ക്ക് തൊഴിലൊന്നും ചെയ്യാതെ അര്‍മാദിച്ചു നടക്കണമെങ്കില്‍ തൊഴിലാളികളെയും ജനങ്ങളെയും പറ്റിക്കണം. ഇതിനിടയിലൂടെ ട്രെയ്ഡ് യൂണിയന്‍ നേതാക്കളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാര്‍ മൂന്നാര്‍ സമരത്തിന്റെ പേരില്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് തൊഴിലാളികള്‍ ചവിട്ടിപ്പുറത്താക്കിയ ട്രെയ്ഡു യൂണിയന്‍ നേതാക്കളെയാണ് .തൊഴിലാളികള്‍ക്ക് വേണ്ടെങ്കിലും സര്‍ക്കാരിന് ഈ തീറ്റിക്കാരെ വേണമെന്നര്‍ഥം. കാരണം, മന്ത്രിയും തന്ത്രിയും എം,എല്‍. എ. യുമൊക്കെ ആയിരിക്കുന്നേട ത്തോളം സര്‍ക്കാര്‍ ചെലവില്‍ സുഖിക്കാം. കാശുണ്ടാക്കാം. അതുകഴിഞ്ഞിറങ്ങുമ്പോള്‍ അവര്‍ക്കും മൂന്നാറിലെ ട്രെയ്ഡു യൂണിയന്‍ നേതാക്കളുടെ വഴിയാണല്ലോ ഉള്ളത്. അതിനാല്‍ ആര്‍ക്കും വേണ്ടെങ്കിലും സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും വേണം കള്ളന് കഞ്ഞി വയ്ക്കുന്ന ഈ നേതാക്കളെ. പക്ഷേ, തൊഴിലാളികള്‍ ഇവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. സമര സഖാക്കള്‍ക്ക് ലാല്‍ സലാം.

No comments:

Post a Comment